ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ സമ്മതം അറിയിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. കഴിഞ്ഞ ദിവസം ക്ഷേത്രദർശനത്തിനായി അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും ഗുരുവായൂരിലെത്തിയിരുന്നു. സന്ദർശന വേളയിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനോടാണ് അനന്ത് അംബാനി ഇക്കാര്യം സൂചിപ്പിച്ചത്.
സെപ്തംബർ മാസം മുകേഷ് അംബാനി ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിർമിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അന്ന് അദ്ദേഹത്തോട് അഭ്യർത്ഥന നടത്തിയിരുന്നു. വിശദമായ പദ്ധതിരേഖ തയാറാക്കണമെന്ന് മുകേഷ് അംബാനി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ദേവസ്വം 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി.
പ്ലാൻ ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം ചെയർമാൻ അനന്ത് അംബാനിയോട് പറഞ്ഞതോടെയാണ് ദേവസ്വം മെഡിക്കൽ സെന്ററിന്റെ കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞത്. തുടർനടപടികൾക്ക് റിലയൻസ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അ്‌ദേഹം ഉറപ്പു നൽകുകയും ചെയ്തു. എല്ലാവിധ രോഗങ്ങൾക്കും ചികിത്സ ലഭിക്കുന്ന അത്യാധുനിക ആശുപത്രിയാണ് ദേവസ്വം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

