കറാച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ പാക് കറന്‍സി തകര്‍ന്നതോടെ പാകിസ്ഥാന്റെ സാമ്ബത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. ഒറ്റദിവസത്തെ ഇടിവ് 24 രൂപ. രാജ്യാന്തര നാണയനിധിയില്‍ നിന്ന് (ഐ എം എഫ് ) വായ്പ ലഭിക്കുന്നതിനായി രൂപയുടെ എക്സ്ചേഞ്ച് റേറ്റില്‍ മാറ്റംവരുത്തിയതാണ് മൂല്യം ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സാമ്ബത്തിക പ്രതിസന്ധി കാരണം രാജ്യത്ത് ഒരു കിലോ ഗോതമ്ബുമാവിന് 3000 രൂപവരെ വിലയുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ധാന്യപ്പൊടിയ്ക്കായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണസാധനങ്ങളുമായി പോകുന്ന ട്രക്കുകള്‍ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പലയിടങ്ങളിലും ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതോടെ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കടുത്ത ചെലവുചുരുക്കല്‍ നടപടികളാണ് പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍ക്ക് ശമ്ബളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കുകയും വിദേശയാത്രകളും വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ വില കൂട്ടാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും രാത്രി എട്ടുമണിക്കുശേഷം പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.

