Highlights (Page 60)

ന്യൂഡൽഹി: കോഴിക്കോട് ബാലുശേരി കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന് സർക്കാർ അനുവദിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമ്മാണം നടത്തുന്നുവെന്ന് പരാതി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും എംപിയുമായ പി.ടി ഉഷയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പി ടി ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.

ഉഷ സ്‌കൂളിന് കോഴിക്കോട് കിനാലൂരിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമ്മാണം നടക്കുന്നുവെന്നാണ് ഉയർന്നിട്ടുള്ള പരാതി. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് ഉഷ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എംപിയായ ശേഷം നിരന്തരം അതിക്രമങ്ങൾക്ക് ഇരയാകുകയാണ് താനെന്നും പി ടി ഉഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോഴിക്കോട് ബാലുശേരി കിനാലൂരിൽ ലീസായി ട്രസ്റ്റിന് അനുവദിച്ച 30 ഏക്കർ സ്ഥലത്താണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ട്രസ്റ്റിന് സ്ഥലം അനുവദിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭൂമി മതിൽ കെട്ടി വേർതിരിച്ചിരുന്നില്ല. ഈ ഭൂമിയിൽ ഇപ്പോൾ തുടർച്ചയായി കയ്യേറ്റങ്ങളും അതിക്രമവും നടക്കുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം.

ഒരു സംഘം ആളുകൾ വെള്ളിയാഴ്ച ജെസിബിയുമായി എത്തി സ്‌കൂളിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നോക്കിയെന്നും തടയാൻ ശ്രമിച്ച സ്‌കൂൾ ജീവനക്കാർക്ക് നേരെ ജെസിബി കയറ്റാൻ ശ്രമിച്ചെന്നും പി ടി ഉഷ വെളിപ്പെടുത്തി.

ന്യൂഡൽഹി:വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ കേരളത്തിൽ എത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അങ്കമാലി ശബരി പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം – കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും ബജറ്റിൽ അനുവദിച്ചു.

വളരെ സുതാര്യമായാണ് കേന്ദ്രം കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ പരിഗണിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ലെന്നും പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. വന്ദേ മെട്രോയും, ഹൈഡ്രജൻ ട്രെയിനും ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ടുള്ളതാണ് ഇത്തവണ സംസ്ഥാന സർക്കാർ അവതരിപ്പിച്ചിട്ടുള്ള ബജറ്റ്. ഇന്ധനവില, മദ്യവില, വാഹന നികുതി വൈദ്യുതി തീരുവ, കെട്ടിട നികുതി ഉൾപ്പെടെയുള്ളവയിലുള്ള വർദ്ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ഇന്ധനവില ഉയർന്നതും സുരക്ഷാ സെസ് വർദ്ധിപ്പിച്ചതും ജനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

പെട്രോൾ, ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വില വർദ്ധിക്കും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയതോടെ മദ്യവിലയിലും വർധനവുണ്ടാകും. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വിലയും കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഫ്‌ളാറ്റുകളുടെ മുദ്ര വിലയും ബജറ്റിൽ വർദ്ധിപ്പിച്ചു. മോട്ടോർ വാഹന നികുതിയും കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകും.

സംസ്ഥാനത്തെ പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2 ശതമാനം വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി നിരക്ക് ഉയർത്തിയത്. 5 മുതൽ 15 ലക്ഷം വരെ 2 ശതമാനം നികുതി വർധനവും 15- 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി വർധനവും രേഖപ്പെടുത്തി. 20 – 30 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം വർധനവും 30 ലക്ഷത്തിന് മുകളിൽ 1 ശതമാനം വർധനവുമാണ് വരുത്തിയിട്ടുള്ളത്.

500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.

മദ്യത്തിന് വില കൂടുന്നതോടെ കൂടുതൽപ്പേർ മയക്കുമരുന്നിനെ ആശ്രയിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ഇതിനകം ഉയർത്തിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ഫ്‌ളാറ്റുകളുടെ മുദ്രവില കൂട്ടിയത് ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് തിരിച്ചടിയാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ, ശിവൻകുട്ടി തുടങ്ങിയവരുടെ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.

93014 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത്. 2,51,769 ഫയലാണ് തദ്ദേശസ്വയം ഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. തദ്ദേശസ്വയം ഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. വനം വകുപ്പിൽ 1,73,478 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്.

ആഭ്യന്തര വകുപ്പിൽ 44, 437 ഫയലുകളും കെട്ടികിടക്കുന്നുണ്ട്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും 38,888 ഫയലുകൾ റവന്യു വകുപ്പിലും 34,796 ഫയലുകൾ ഭക്ഷ്യവകുപ്പിലും 20,205 ഫയലുകൾ ആരോഗ്യ വകുപ്പിലും കെട്ടികിടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

പത്തനംതിട്ട: ജില്ലയില്‍ കാട്ടുപന്നി ശല്യം കൂടിയതിനാല്‍ പന്നികളെ തുരത്തി കര്‍ഷകരെ രക്ഷിക്കാന്‍ സിപിഎം. ജനവാസമേഖലയില്‍ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന് വനംവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

അതേസമയം, അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയിരിക്കുന്ന തലവന് അധികാരം നല്‍കി. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നാണ് ഇങ്ങനെ ചുമതലപ്പെടുത്തിയിരിക്കുന്ന ആളിന്റെ പേര്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ നഗരസഭാധ്യക്ഷന്‍ ആണ് ഹോണണറി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ചുമതലയുള്ളത്.

നിര്‍ദ്ദേശങ്ങള്‍

• വിഷം, സ്‌ഫോടക വസ്തു, വൈദ്യുത ഷോക്ക് എന്നിവ ഉപയോഗിച്ച് പന്നികളെ കൊല്ലാന്‍ പാടില്ല. ഇവയൊഴികെ ഏത് രീതിയിലും കൊല്ലാം.

• കൊല്ലുമ്പോള്‍ മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റ് വന്യജീവികള്‍ക്കും നാശം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

• ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. അത് അധികാരികള്‍ ഉറപ്പുവരുത്തണം.

• കൊല്ലുന്ന കാട്ടുപന്നികളുടെയും സംസ്‌കരിക്കപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ തദ്ദേശസ്ഥാപനം സൂക്ഷിക്കണം.

• കൊല്ലാനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗപ്പെടുത്താം.

തിരുവനന്തപുരം: ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. ലെയ്ൻ ട്രാഫിക് നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരിൽനിന്ന് 1,000 രൂപ പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നൽകുന്ന ഘട്ടവും കഴിഞ്ഞതോടെയാണ് പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടന്നത്.

വാളയാർ മുതൽ ആലുവ വരെയുള്ള പാതയിലാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധന ആരംഭിച്ചത്. വലിയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂവെന്നും വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് ‘ലെയ്ൻ ട്രാഫിക്’ നിയമം.

നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കരണമാകുന്നതിനാൽ ഇക്കാര്യത്തിൽ കർശന പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. രാത്രി 8 മണി മുതൽ 11 വരെ മാത്രമാകണം ഇത്തരം സ്ഥലങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കാവൂവെന്നാണ് പുതിയ നിർദ്ദേശം. സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.

വഴുതക്കാട്, വെളളയമ്പലം റൂട്ടിൽ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിൽ അഞ്ചു മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. അഞ്ച് മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളിൽ ഗതാഗത തടസ്സവും വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

അതേസമയം, 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത്.

ഭക്ഷ്യ സുരക്ഷ മാനദണ്ഡ പ്രകാരം ഭക്ഷണം തയാറാക്കിയതിനു ശേഷം അത് എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിനു മുകളിലാണെങ്കിൽ 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഭക്ഷണം സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.

തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തില്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. ഗവേഷണ പ്രബന്ധത്തിലെ പിഴവ് പരിശോധിക്കാന്‍ കേരള നാലംഗ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തില്‍ ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണര്‍ കൈമാറും.

അതിനിടെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്താ ജെറോം ഇന്ന് രംഗത്ത് വന്നിരുന്നു. ‘നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായത്. തെറ്റുതിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്ത വ്യക്തമാക്കി. എന്നാല്‍, പ്രബന്ധം കോപ്പിയടിയെന്ന ആരോപണം ചിന്ത തള്ളുകയും ആശയം പകര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിമര്‍ശനം തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം പോലും തനിക്കെതിരെ ഉണ്ടായെന്നും ചിന്ത വിമര്‍ശിച്ചു.

അതേസമയം, ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ്. പിന്നാലെ ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന ആക്ഷേപവും വന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുന്‍ പ്രോ വി സി അജയകുമാറിന്റെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി.

ഗാന്ധിനഗര്‍: സംസ്ഥാനത്ത് 3000 കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുന്ന നടപടികളുടെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തില്‍ എത്തി.

അതേസമയം, ഡീസലിനേക്കാള്‍ പത്ത് മുതല്‍ ഇരുപത് ശതമാനംവരെ വിലക്കുറവില്‍ സി എന്‍ ജി ഏതുസമയവും നല്‍കും എന്നതാണ് സര്‍ക്കാരിനെ ആകര്‍ഷിച്ചത്. വഡോദരയിലെ സി എന്‍ ജി കമ്ബനിയായ എ ജി ആന്റ് പി പ്രഥം ആണ് മന്ത്രി സന്ദര്‍ശിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഇവിടെനിന്നു തന്നെ സി എന്‍ ജി വാങ്ങണം നിബന്ധനയാണ് കമ്ബനി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുമ്‌ബോള്‍ ഡീസലിലൂടെ ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ മൈലേജ് ലഭിക്കുമെന്ന് ഉറപ്പായാല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

അതിനിടെ കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ ലഭിക്കാനുള്ള സാദ്ധ്യത കെ എസ് ആര്‍ ടി സിയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര നഗരകാര്യ വകുപ്പിന്റെ ഓഗുമെന്റേഷന്‍ ഒഫ് സിറ്റി സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കുന്ന 250 ഇ- ബസുകളില്‍ 100 എണ്ണംവീതം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ സര്‍വീസിന് ഉപയോഗിക്കും. ശേഷിക്കുന്നത് കോഴിക്കോട് നഗര സര്‍വീസിനും. മറ്റൊരു പദ്ധതിയിലൂടെ കേന്ദ്ര ഊര്‍ജ വകുപ്പ് വാടക വ്യവസ്ഥയില്‍ നല്‍കുന്ന 750 ഇ-ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനുള്ളതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് പരിശോധിക്കും. ഫെബ്രുവരി ഒന്നു മുതൽ പാഴ്‌സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. അതേസമയം, ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.