ബിബിസിക്കെതിരെ വീണ്ടും അനില്‍ ആന്റണി; ബിജെപിക്ക് നേട്ടമോ?

ന്യൂഡല്‍ഹി: ബിബിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി രംഗത്ത്. ‘കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ മുമ്ബ് പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

അതേസമയം, ബിജെപി. നേതൃത്വവുമായി കുറച്ചുനാളായി അനിലിന് അടുത്ത ബന്ധമുണ്ടെന്ന നിരീക്ഷണങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. പ്രമുഖ ക്രൈസ്തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ അനിലിന് ഏറെ സഹായിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സി.ബി.സിഐ. പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി. നേതൃത്വവുമായി സഹകരിക്കാന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ബിജെപി. മാത്രമാണ് അനിലിനെ പിന്തുണച്ചു രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിര്‍ത്തതിലൂടെ കോണ്‍ഗ്രസ്സില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതോടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച അനില്‍ ഉടനേ വേറെ പാര്‍ട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപി പ്രതീക്ഷയിലാണ്. ശശി തരൂരിനെതിരായ പാര്‍ട്ടി നിലപാടോടെയാണു അനില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നത്.