Highlights (Page 62)

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിച്ച് പരാതിക്കാരി. ഹൈബി ഈഡനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സിജെഎം കോടതിയിൽ പരാതിക്കാരി ഹർജി സമർപ്പിച്ചു.

ഇര തെളിവ് കണ്ടെത്തിയില്ലെന്ന സിബിഐ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് പരാതിക്കാരി ഹർജിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവ് കണ്ടെത്തേണ്ടതെന്നും ഹർജിയിൽ പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ 6 മണിമുതല്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

അതേസമയം, 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് ഇത്തവണ അര്‍ഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥരും, അഗ്‌നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് അഞ്ചു മലയാളി ഉദ്യോഗസ്ഥരും അര്‍ഹരായിട്ടുണ്ട്.

അതേസമയം, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിനാഘോഷത്തിലെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ത്തവ്യപഥിന്റേയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോര കച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ സംസ്ഥാനത്തെത്തി. വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം.

ലോക വിദ്യാഭ്യാസ സൂചികയില്‍ അക്കാദമിക നിലവാര റാങ്കിംഗില്‍ ഒന്നാമതായി നില്‍ക്കുന്ന ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ കഴിഞ്ഞ ഡിസംബറില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പങ്കെടുത്തു. ഫിന്‍ലാന്‍ഡില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാര്‍ അവതരിപ്പിച്ചു. അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചര്‍ച്ചാ വിഷയമായി. ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയെ സംഘം ഇന്ന് സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായും കൂടിക്കാഴ്ച നടത്തും.

ന്യൂഡൽഹി: 12 ചീറ്റപ്പുലികളെ കൂടി രാജ്യത്തെത്തിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രാജ്യത്തേക്ക് ചീറ്റകളെ കൊണ്ടുവരുന്നത്. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കായിരിക്കും ഇവയെ എത്തിക്കുക. ഫെബ്രുവരി മാസത്തോടെ ഇവ ഡൽഹിയിലെത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് സൂചനകൾ. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ഇവയെ എത്തിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. 70 വർഷത്തിന് ശേഷമാണ് ചീറ്റപുലികളെ ഇന്ത്യയിലെത്തിച്ചത്. അതേസമയം, രാജ്യത്തേക്ക് പുതുതായി എത്തിക്കുന്ന 12 ചീറ്റകളിൽ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ചീറ്റകളെ ആദ്യം ക്വാറന്റൈനിലാകും പാർപ്പിക്കുന്നത്. ഒരു മാസത്തെ ക്വാറന്റൈന് ശേഷം അഞ്ച് സ്‌ക്വയർ കിലോമീറ്റർ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്നുവിടും. പിന്നീട് ഇവയെ പാർക്കിലേക്ക് മാറ്റും.

മുംബൈ: ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. രാജ്ഭവൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നതായുള്ള പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് ഗവർണർ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. പ്രധാനമന്ത്രി മുംബൈയിൽ സന്ദർശനം നടത്തിയപ്പോഴാണ് സ്ഥാനമൊഴിയാനുള്ള താൽപര്യം ഗവർണർ അദ്ദേഹത്തെ അറിയിച്ചത്.

സാമൂഹിക പരിഷ്‌കർത്താക്കളുടെയും പോരാളികളുടെയും നാടായ മഹാരാഷ്ടരയിൽ ഒരു സേവകനായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയാണ്. എഴുതാനും വായനയ്ക്കുമായി ഇനിയുള്ള ജീവിതം മാറ്റി വയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോഷിയാരി ഗവർണർ സ്ഥാനം ഒഴിയാനൊരുങ്ങുന്നത്.

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി തന്നെ പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണെന്നും സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കശ്മീരിലെത്തിയ ജോഡോ യാത്രക്ക് വലിയ വടങ്ങള്‍ ഉപയോഗിച്ചുള്ള സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളുള്ള ചില സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയില്‍ പങ്കെടുക്കുന്നവരെ ബസില്‍ കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കനത്ത സുരക്ഷയില്‍ തുടരുന്ന ജോഡോ യാത്ര ഇന്ന് 129-ാം ദിവസത്തിലേക്ക് കടന്നു. ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി, വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല, നൂറുകണക്കിന് വളന്റിയര്‍മാര്‍ എന്നിവര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നു. റോഡിനിരുവശവും കാത്തുനിന്ന ആളുകള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു. ഇൻഡിഗോ എയർലൈൻസാണ് പുതിയ വൺ സ്റ്റോപ്പ് വിമാന സർവ്വീസ് ആരംഭിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന വിമാനം ചെന്നൈ വഴി വൈകിട്ട് 6 മണിക്കാണ് കൊൽക്കത്തയിലെത്തുന്നത്. തിരിച്ച് കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാന സർവ്വീസ് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്ത് എത്തും.

നേരത്തെ തിരുവനന്തപുരം – കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 7.30 മണിക്കൂറിൽ നിന്ന് ഏകദേശം 4.30 മണിക്കൂറായി കുറയുന്നതാണ്. അതേസമയം, തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവ്വീസ് നടത്താനും ഇൻഡിഗോ എയർലൈൻസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി: സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിന്തയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ ഒരു ചടങ്ങിൽ, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രാദേശിക ഭാഷകളിൽ സുപ്രീം കോടതി വിധികൾ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത് അഭിനന്ദനാർഹമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക ചടുലത വർദ്ധിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഒരാളുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം നൽകുന്നതുൾപ്പെടെ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട് കത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയിലാണ് ബിബിസിക്കെതിരെ പ്രമുഖർ രംഗത്തെത്തിയിട്ടുള്ളത്. റിട്ടയേഡ് ജഡ്ജസും റോ ഉദ്യോഗസ്ഥരും അംബാസിഡർമാരും ഉൾപ്പെടെ 302 പ്രമുഖർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കിൽ പിന്നെയില്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഡോക്യുമെന്ററിയിലൂടെ വിധികർത്താക്കളെ പോലെയാണ് ബിബിസി പെരുമാറുന്നത്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സ്പർദ്ധയുണ്ടാക്കുകയാണ് അവരെന്ന് കത്തിൽ വിമർശിക്കുന്നു. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതി പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണ് അവർ. തരംതാണ തരത്തിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം, ആരോപണങ്ങൾ പ്രകാരം എന്നിങ്ങനെയല്ലാതെ, വസ്തുതകളല്ല ഡോക്യുമെന്ററി പറയുന്നതെന്നാണ് വിമർശനം.

നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ആരോപണങ്ങളെല്ലാം സുപ്രീംകോടതി തള്ളിയതാണ്. എന്നാൽ, തെറ്റായ പ്രചാരണങ്ങളിലൂടെ വീണ്ടും രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് ഡോക്യുമെന്ററി ശ്രമിച്ചത്. ഡോക്യുമെന്ററി സാധാരണ വിമർശനങ്ങളല്ലെന്നും അത് ആവിഷ്‌കാര സ്വതന്ത്ര്യവുമല്ലെന്നും മറിച്ച് പ്രേരിതമായ കുറ്റപത്രമാണെന്നും പ്രമുഖർ ഒപ്പിട്ട കത്ത് ചൂണ്ടിക്കാട്ടുന്നു.

രാജ്യം തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും എല്ലാവരും പരാതിയിൽ ഒപ്പുവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഇന്ത്യയിൽ പങ്കുവയ്ക്കുന്നതിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡിഎംഇയിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ സഹായം കൂടി പ്രയോജനപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കുന്നതാണ്. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയർ രോഗികൾക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിലെത്താൻ മെഡിക്കൽ കോളേജുകൾ നടപടി സ്വീകരിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്നതിനും മെഡിക്കൽ കോളേജുകളുടെ റേറ്റിങ് ഉയർത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസ് നടത്താനും വീണാ ജോർജ് നിർദ്ദേശിച്ചു.

ഓരോ മെഡിക്കൽ കോളേജിലും നടന്നു വരുന്ന നിർമ്മാണ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതാണ്. ഹൈഎൻഡ് ഉപകരണങ്ങൾ യഥാസമയം റിപ്പയർ ചെയ്യുന്നതിനും സർവീസ് നടത്തുന്നതിനും സംസ്ഥാനതല നിരീക്ഷണം ഉണ്ടാകണം. ഉപകരണങ്ങൾ കോടായാൽ കാലതാമസം കൂടാതെ പ്രവർത്തന സജ്ജമാക്കി സേവനം നൽകുന്നതിന് ഓരോ മെഡിക്കൽ കോളേജും പ്രത്യേക ശ്രദ്ധ നൽകണം. മെഡിക്കൽ കോളേജുകളിൽ മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം ഫലപ്രദമായ രീതിയിൽ നടത്തേണ്ടതാണ്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് രണ്ടാം ഘട്ടമായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തന പുരോഗതി മന്ത്രി വിലയിരുത്തുകയും ചെയ്തു.