രാത്രിയിൽ കാർ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്

ബംഗളൂരു: ടെക്കി ദമ്പതികൾ സഞ്ചരിച്ച കാറിൽ മനപ്പൂർവം ഇരുചക്ര വാഹനം ഇടിപ്പിച്ച് പണം തട്ടാൻ ശ്രമം. ബംഗളൂരുവിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികളിൽ നിന്ന് പണം തട്ടാനാണ് അപകടമുണ്ടാക്കിയത്. ബംഗളൂരുവിലെ സർജാപൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം അരങ്ങേറിയത്.

ദമ്പതികൾ സഞ്ചരിച്ച കാറിനെ ബൈക്ക് യാത്രികർ അഞ്ച് കിലോമീറ്ററോളം പിന്തുടരുകയും, തെറ്റായ ദിശയിലെത്തി ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു. പിന്നീട് ഇവർ പണം ആവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്തി. എന്നാൽ ദമ്പതികൾ കാറിൽ നിന്നിറങ്ങാൻ തയ്യാറായില്ല. വണ്ടി റിവേഴ്സ് ചെയ്തതിന് ശേഷം ബൈക്ക് യാത്രികർ വാഹനത്തിന് പിന്നാലെ ഓടുകയും കാറിന്റെ ചില്ലുകളിൽ ഇടിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രണ്ടുപേർ അറസ്റ്റിലായതായും പോലീസ് വ്യക്തമാക്കി. രാത്രി യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ കാർ തുറക്കരുതെന്നും ഡാഷ് ക്യാമറ ഉപയോഗിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.