വയനാടൻ കാടിലൂടെ ആനവണ്ടിയിൽ ജംഗിൾ സഫാരി; വിശദാംശങ്ങൾ അറിയാം…

വയനാട്: വയനാടൻ കാടിലൂടെ ആനവണ്ടിയിൽ ജംഗിൾ സഫാരി. വയനാടിന്റെ കാനനഭംഗി ആസ്വദിക്കുവാൻ മാനന്തവാടിയിൽ നിന്നും അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ. രാവിലെ 05:30 ന് ആരംഭിക്കുന്ന സഫാരി നിബിഡവനത്തിൽ പ്രവേശിക്കാതെ റോഡിന് ഇരുവശവും വനമുള്ള മാനന്തവാടി- തോൽപ്പെട്ടി, മാനന്തവാടി-തിരുനെല്ലി, മാനന്തവാടി- ബാവലി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് രാത്രി 9.30 ന് മാനന്തവാടിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഈ സഫാരിയിൽ ഒരു സീറ്റിന് 300 രൂപ യാണ് ചാർജ്ജായി ഈടാക്കുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ദിനം 49 പേർ വനസൗന്ദര്യം ആസ്വദിക്കാനായി പദ്ധതിയുടെ ഭാഗമായി. ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്നാണ് ജില്ലയിൽ ആദ്യത്തെ ജംഗിൾ സവാരി തുടങ്ങിയത്. ഇതുവരെ 10 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജില്ലാ കോഓർഡിനേറ്റർ സി ഡി വർഗീസ്, നോർത്ത് സോണൽ കോഓർഡിനേറ്റർ ഇ എസ് ബിനു, ഡിടിഒ ജോഷി ജോൺ എന്നിവർക്കാണ് പദ്ധതിയുടെ ഏകോപന ചുമതല. കെ ജെ റോയിയായിരുന്നു മാനന്തവാടിയിൽ നിന്നുള്ള ആദ്യയാത്രയിൽ സാരഥിയായത്. എം.സി. അനിൽകുമാറായിരുന്നു കണ്ടക്ടർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയാണ് മാനന്തവാടി ഡിപ്പോയുടെ ആദ്യസഫാരി ഫ്ലാഗ് ഓഫ് ചെയ്തത്.