ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദം; കേരള വിസിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പ്രബന്ധ വിവാദത്തില്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. ഗവേഷണ പ്രബന്ധത്തിലെ പിഴവ് പരിശോധിക്കാന്‍ കേരള നാലംഗ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തില്‍ ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണര്‍ കൈമാറും.

അതിനിടെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്താ ജെറോം ഇന്ന് രംഗത്ത് വന്നിരുന്നു. ‘നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായത്. തെറ്റുതിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്ത വ്യക്തമാക്കി. എന്നാല്‍, പ്രബന്ധം കോപ്പിയടിയെന്ന ആരോപണം ചിന്ത തള്ളുകയും ആശയം പകര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിമര്‍ശനം തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം പോലും തനിക്കെതിരെ ഉണ്ടായെന്നും ചിന്ത വിമര്‍ശിച്ചു.

അതേസമയം, ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ്. പിന്നാലെ ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന ആക്ഷേപവും വന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുന്‍ പ്രോ വി സി അജയകുമാറിന്റെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി.