സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാകും; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് പരിശോധിക്കും. ഫെബ്രുവരി ഒന്നു മുതൽ പാഴ്‌സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. അതേസമയം, ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ പൊതു ശുചിത്വം ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഇതുസംബന്ധിച്ച മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.