സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ; കണക്കുകൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ, ശിവൻകുട്ടി തുടങ്ങിയവരുടെ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.

93014 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത്. 2,51,769 ഫയലാണ് തദ്ദേശസ്വയം ഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. തദ്ദേശസ്വയം ഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. വനം വകുപ്പിൽ 1,73,478 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്.

ആഭ്യന്തര വകുപ്പിൽ 44, 437 ഫയലുകളും കെട്ടികിടക്കുന്നുണ്ട്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും 38,888 ഫയലുകൾ റവന്യു വകുപ്പിലും 34,796 ഫയലുകൾ ഭക്ഷ്യവകുപ്പിലും 20,205 ഫയലുകൾ ആരോഗ്യ വകുപ്പിലും കെട്ടികിടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.