കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുന്ന നടപടികളുടെ ഭാഗമായി ഗതാഗത മന്ത്രിയും സംഘവും ഗുജറാത്തില്‍

ഗാന്ധിനഗര്‍: സംസ്ഥാനത്ത് 3000 കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുന്ന നടപടികളുടെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും അടങ്ങുന്ന സംഘം ഗുജറാത്തില്‍ എത്തി.

അതേസമയം, ഡീസലിനേക്കാള്‍ പത്ത് മുതല്‍ ഇരുപത് ശതമാനംവരെ വിലക്കുറവില്‍ സി എന്‍ ജി ഏതുസമയവും നല്‍കും എന്നതാണ് സര്‍ക്കാരിനെ ആകര്‍ഷിച്ചത്. വഡോദരയിലെ സി എന്‍ ജി കമ്ബനിയായ എ ജി ആന്റ് പി പ്രഥം ആണ് മന്ത്രി സന്ദര്‍ശിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഇവിടെനിന്നു തന്നെ സി എന്‍ ജി വാങ്ങണം നിബന്ധനയാണ് കമ്ബനി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, കെ എസ് ആര്‍ ടി സി ബസുകള്‍ സി എന്‍ ജിയിലേയ്ക്ക് മാറ്റുമ്‌ബോള്‍ ഡീസലിലൂടെ ഇപ്പോള്‍ കിട്ടുന്നതിനേക്കാള്‍ മൈലേജ് ലഭിക്കുമെന്ന് ഉറപ്പായാല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

അതിനിടെ കേന്ദ്ര പദ്ധതിയിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ ലഭിക്കാനുള്ള സാദ്ധ്യത കെ എസ് ആര്‍ ടി സിയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര നഗരകാര്യ വകുപ്പിന്റെ ഓഗുമെന്റേഷന്‍ ഒഫ് സിറ്റി സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കുന്ന 250 ഇ- ബസുകളില്‍ 100 എണ്ണംവീതം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ സര്‍വീസിന് ഉപയോഗിക്കും. ശേഷിക്കുന്നത് കോഴിക്കോട് നഗര സര്‍വീസിനും. മറ്റൊരു പദ്ധതിയിലൂടെ കേന്ദ്ര ഊര്‍ജ വകുപ്പ് വാടക വ്യവസ്ഥയില്‍ നല്‍കുന്ന 750 ഇ-ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനുള്ളതാണ്.