Highlights (Page 59)

കോഴിക്കോട്: വിചിത്ര സർക്കുലർ പുറത്തിറക്കി കോഴിക്കോട് എൻഐടി. ക്യാമ്പസിൽ എവിടെയും പരസ്യമായ സ്‌നേഹപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയാണ് കോഴിക്കോട് ഐഐടി സർക്കുലർ പുറത്തിറക്കിയത്. സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ജി കെ രജനീകാന്താണ് സർക്കുലർ പുറത്തിറക്കിയത്.

പരസ്യമായ സ്‌നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, വാലന്റെയ്ൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കോഴിക്കോട് ഐഐടി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂവെന്ന വിവാദ ഉത്തരവ് വാട്ടർ അതോറിറ്റി പിൻവലിച്ചു. ഇനി മുതൽ ഓൺലൈൻ വഴിയും ക്യാഷ് കൗണ്ടർ വഴിയും ബില്ലടയ്ക്കാം. 500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂവെന്ന വാട്ടർ അതോറിറ്റിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള അതോറിറ്റിയുടെ നടപടി.

50 രൂപ മുതൽ 550 രൂപവരെ വെള്ളക്കരം വർധിപ്പിച്ച ഉത്തരവിനൊപ്പമാണ് ഓൺലൈൻ ബില്ലിങ് ഉത്തരവ് വാട്ടർ അതോറിറ്റി പുറത്തിറക്കിയത്. വെള്ളക്കരം വർധിപ്പിച്ച ഉത്തരവ് പിൻവലിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം, വിവിധ സ്ലാബുകൾക്ക് നിലവിൽ ഉള്ളതിനേക്കാൾ 50 രൂപ മുതൽ 550 രൂപ വരെ പ്രതിമാസ വർദ്ധനവ് ഉണ്ടാകും. ബിപിഎൽ കുടുംബങ്ങൾക്ക് മാസം പതിനയ്യായിരം ലിറ്റർ വരെ സൗജന്യമായി നൽകും. വെള്ളക്കര വർദ്ധനവിൽ ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായി വീണാ ജോർജ് ഫോണിൽ സംസാരിക്കുകയും ചെയ്തു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് വീണാ ജോർജിനെ അറിയിച്ചു.

ഇരുവർക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു നൽകണമെന്നാണ് ആരോഗ്യമന്ത്രി സൂപ്രണ്ടിന് നൽകിയിരിക്കുന്ന നിർദ്ദേശം. മുലപ്പാൽ ബാങ്കിൽ നിന്ന് കുഞ്ഞിന് ആവശ്യമായ പാൽ കൃത്യമായി നൽകാൻ ജാഗ്രത വേണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. സഹദിനും സിയയ്ക്കും എല്ലാ നന്മകളും നേർന്ന മന്ത്രി കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും ഉറപ്പു നൽകി. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷത്തിലാണ് സിയയും സഹദും.

കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ചിലാണ് പ്രസവം കഴിഞ്ഞ് സഹദ് ചികിത്സയിൽ കഴിയുന്നത്. സഹദിന്റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചിരുന്നു. സഹദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടുമെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ നിസാര്‍ വിക്ഷേപണത്തിനായി ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട ആവൃത്തി ഉപയോഗിക്കുന്ന ആദ്യത്തെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായിരിക്കും നിസാര്‍.

ഭൂവല്‍ക്കം പരിണമിച്ചുണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നിസാറിന് സാധിക്കും. വിദൂര സംവേദനം, ഭൗമ നിരീക്ഷണം എന്നിവക്ക് ഇത് ഉപയോഗിക്കും. പ്രകൃതി ദുരന്ത സാധ്യതകളും മഞ്ഞുപാളികളില്‍ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാര്‍ ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം ചെയ്യുക. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നാ,യുടെ ജെറ്റി പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സന്ദര്‍ശിച്ച്് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, വ്യത്യസ്തമായ രണ്ട് റഡാര്‍ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റിമീറ്ററും സ്‌കാന്‍ ചെയ്യാനാവുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താം. ഭൂകമ്പം, സുനാമി അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്നതോടെ മുന്‍കരുതലുകളെടുക്കാന്‍ അത് സഹായകരമാവും. സ്‌പേസ് ക്രാഫ്റ്റിന്റെ നിര്‍മ്മാണം, വിക്ഷേപണ വാഹനം, ഒരു എസ്ബാന്‍ഡ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ എന്നിവയുടെ നിര്‍മ്മാണ ചുമതല ഐഎസ്ആര്‍ഒക്കാണ്. വിക്ഷേപണത്തിന് ശേഷം പേടകത്തിന്റെ നിയന്ത്രണം ഐഎസ്ആര്‍ഒയും നാസയും സംയുക്തമായാണ് നിര്‍വ്വഹിക്കുക.

തിരുവവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ – എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ കൈറ്റ് 36366 ലാപ്‌ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

‘ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്‌കൂളുകളില്‍ വിന്യസിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ ഇന്റല്‍ കോര്‍ ഐ3 വിഭാഗത്തിലുള്ള അഞ്ച് വര്‍ഷ വാറണ്ടിയുള്ള 55.34 കോടി രൂപയ്ക്കുള്ള 16500 ലാപ്‌ടോപ്പുകളും വിദ്യാകിരണം പദ്ധതിയിലൂടെ പുതിയ ടെണ്ടറുകളിലൂടെ ലഭിച്ച സെല്‍റോണ്‍ വിഭാഗത്തിലുള്ളതും 2360 ലാപ്‌ടോപ്പുകളും നേരത്തെ വിതരണം ചെയ്തവയുടെ പുനഃക്രമീകരണത്തിലൂടെ ലഭ്യമായ 17506 ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ 36366 ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നത്. ഹൈടെക് ഉപകരണങ്ങളുടെ അഞ്ചുവര്‍ഷ വാറണ്ടി പൂര്‍ത്തിയാകുന്ന 32000 ലാപ്‌ടോപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് എ.എം.സി ഏര്‍പ്പെടുത്തി ക്കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്‌ടോപ്പുകള്‍ക്കും 70,000 പ്രൊജക്ടറുകള്‍ക്കും എ.എം.സി ഏര്‍പ്പെടുത്താന്‍ കൈറ്റ് നടപടികള്‍ സ്വീകരിക്കും. വിദ്യാകിരണം പദ്ധതി ഉള്‍പ്പെടെ വിതരണം ചെയ്ത അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം സ്‌കൂളുകളില്‍ വിന്യസിച്ച ഐടി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ മോഷണം നടക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ കാലയളവില്‍ ഉപകരണങ്ങള്‍ക്കും പരാതി പരിഹാരത്തിന് പ്രത്യേകം വെബ് പോര്‍ട്ടലും കോള്‍ സെന്ററും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ പരിഹരിക്കുന്നത് വൈകിയാല്‍ പ്രതിദിനം 100/- രൂപ നിരക്കില്‍ പിഴ ഈടാക്കും. ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടി. യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമല്ലാത്ത പ്രൊപ്രൈറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്വെയറുകള്‍ യാതൊരു കാരണവശാലും സ്‌കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ സ്‌കൂളുകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലും മറ്റും സ്വകാര്യ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ നടത്താന്‍ പാടില്ല. ഓരോ വര്‍ഷവും പ്രത്യേക ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റ് നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കൈറ്റിനെ ചുമതലപ്പെടുത്തി. സ്‌കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‌ടോപ്പുകള്‍ അനുവദിക്കുന്നത് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണ്. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും. അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്തും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്‌കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍. ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് ഒരേ സമയം എ.എം.സി ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണ്. തുടര്‍ച്ചയായ ഐടി പരിശീലനങ്ങള്‍ നല്‍കലും ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കലും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഫലപ്രദമാക്കലും രക്ഷിതാക്കള്‍ക്കുള്‍പ്പെടെ സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ നല്‍കലുമെല്ലാം മുന്തിയ പരിഗണനയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.’

ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയായും വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 2023 ലെ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം. പ്രതിമാസം പലിശ കിട്ടുന്ന ഈ നിക്ഷേപ പദ്ധതിയിൽ കൂടുതലായി ചേരുന്നത് മുതിർന്ന പൗരന്മാരാണ്.

2023 ജനുവരി 1 ന് പദ്ധതിയിൽ പ്രാബല്യത്തിൽ വന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ആ അധിക പണത്തിന് പലിശ ലഭിക്കില്ല. നേരത്തെ POMIS അക്കൗണ്ടിന്റെ പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം രൂപയുമായിരുന്നു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ഈ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും POMIS ൽ സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. POMIS അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പുതിയ പലിശ നിരക്കനുസരിച്ച് ഇതിൽ നിന്ന് പ്രതിമാസ പലിശ വരുമാനം 5325 രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8875 രൂപയും ലഭിക്കും.

കൊച്ചി: ടോൾ ബൂത്തിൽ സുഗമമായ ഗതാഗതം നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ടോൾ ബൂത്തിൽ സുഗമമായ ഗതാഗതം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ വലിയ തിരക്കുണ്ടെന്നും ഇത് സമയനഷ്ടമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. കേന്ദ്രസർക്കാരിനോടാണ് ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1998-ലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.

ടോൾ പ്ലാസയിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയണം. ദേശീയപാത അതോറിറ്റിയും ടോൾ പരിക്കുന്നവരും ഇത് ഉറപ്പാക്കണം. ടോൾ ബൂത്തുകളിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരും ഡി.ജി.പിയും ആലോചന നടത്തണം. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

വാഷിംഗ്ടൺ: കുപ്രചാരണങ്ങൾക്ക് മറുപടി നൽകി വ്യവസായ പ്രമുഖനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽഗേറ്റ്‌സ്. കോവിഡിന് കാരണക്കാരൻ എന്ന നിലയിൽ ബിൽഗേറ്റ്‌സിനെതിരെ പ്രചാരണം നടന്നിരുന്നു. ഇതിനെതിരെയാണ് ബിൽഗേറ്റ്‌സ് പ്രതികരണവുമായി രംഗത്തെത്തിയത്. ബിൽ ഗേറ്റ്സ് ആണ് കോവിഡ് മഹാമാരിക്കു പിന്നിൽ എന്നായിരുന്നു സാമൂഹിക മാധ്യമത്തിലും മറ്റും പ്രചരിച്ചിരുന്ന വാർത്ത. അത്തരം പ്രചാരണങ്ങളിൽ പലതും തന്നെ ഞെട്ടിച്ചുവെന്നാണ് ബിൽഗേറ്റ്‌സ് വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരി താൻ മനഃപ്പൂർവം സൃഷ്ടിച്ചതാണെന്നും മറ്റുമുള്ള ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നു. താൻ വാക്സിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ അവ ജീവനുകൾ രക്ഷിക്കാനായാണെന്നും ബിൽഗേറ്റ്‌സ് വെളിപ്പെടുത്തി.

ശാസ്ത്രത്തെ മനസ്സിലാക്കുന്നതിനേക്കാൾ ആളുകൾക്ക് ദുഷ്പ്രചാരണമാണ് എളുപ്പം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നതല്ലാതെ രോഗവ്യാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ലോകത്തെ ഒരുകോടിയിൽപരം ജനങ്ങളുടെ ജീവൻ ഇല്ലാതാക്കാൻ പ്രാപ്തമായ വൈറസിനെക്കുറിച്ച് 2015-ൽ ബിൽ ഗേറ്റ്സ് ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് കോവിഡ് മഹാമാരിക്കാലത്ത് ദുഷ്പ്രചാരണത്തിന് വഴിവെച്ചത്.

കോവിഡ് മഹാമാരി എന്നത് ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ബിൽഗേറ്റ്സിന്റെ പദ്ധതിയാണെന്നും വാക്സിനേഷൻ ജനങ്ങളെ വന്ധ്യംകരിക്കാനുള്ള വഴിയാണെന്നുമായിരുന്നു പിന്നീട് നടന്ന പ്രചാരണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വകുപ്പു നടപ്പിലാക്കി വരുന്ന മിയാവാക്കി മാതൃകാ വനവല്‍ക്കരണ പരിപാടി തുടരാമെന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ച് ലോകായുക്ത. കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ്സ് കണ്‍സള്‍ട്ടന്റായ ജയകൃഷ്ണനാണ് ഒരു വര്‍ഷം മുന്‍പു ഹര്‍ജി നല്‍കിയത്. പദ്ധതി പുനരാരംഭിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ അതിനായി തയ്യാറാക്കിയ ചെടികള്‍ നശിച്ചു പോകുമെന്ന് എതിര്‍ഭാഗം അഭിഭാഷകനായ അഡ്വ.എന്‍.എസ്. ലാല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതോ, സ്റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ബഹു. ലോകായുക്ത ജഡ്ജിമാര്‍ വ്യക്തമാക്കുകയും ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.

അതേസമയം, ഹര്‍ജിയിലെ ആറാം എതിര്‍ കക്ഷിയായ ഫിനാന്‍സ് ഓഫീസര്‍ എഴുതി നല്കിയിരിക്കുന്ന മറുപടിയ്ക്ക് ഹര്‍ജിക്കാരന് മറുപടി നല്‍കണമെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഫയല്‍ ചെയ്യണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജി മാര്‍ച്ച് ഒന്‍പതിനു വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി ദീർഘിപ്പിച്ചു. മൂന്ന് മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. രാജ്ഭവനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല ഇതുവരെ പ്രതിനിധിയെ നൽകിയിട്ടില്ല. നിലവിൽ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്.

ഓഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം ദീർഘിപ്പിച്ച് രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചത്. കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്താൽ ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടി സ്വീകരിക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.