ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക്; അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: ടോൾ ബൂത്തിൽ സുഗമമായ ഗതാഗതം നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ടോൾ ബൂത്തിൽ സുഗമമായ ഗതാഗതം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ വലിയ തിരക്കുണ്ടെന്നും ഇത് സമയനഷ്ടമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. കേന്ദ്രസർക്കാരിനോടാണ് ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1998-ലെ മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.

ടോൾ പ്ലാസയിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയണം. ദേശീയപാത അതോറിറ്റിയും ടോൾ പരിക്കുന്നവരും ഇത് ഉറപ്പാക്കണം. ടോൾ ബൂത്തുകളിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരും ഡി.ജി.പിയും ആലോചന നടത്തണം. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.