ഓൺലൈൻ വഴിയും ക്യാഷ് കൗണ്ടർ വഴിയും ബില്ലടയ്ക്കാം; വിവാദ ഉത്തരവ് പിൻവലിച്ച് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂവെന്ന വിവാദ ഉത്തരവ് വാട്ടർ അതോറിറ്റി പിൻവലിച്ചു. ഇനി മുതൽ ഓൺലൈൻ വഴിയും ക്യാഷ് കൗണ്ടർ വഴിയും ബില്ലടയ്ക്കാം. 500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂവെന്ന വാട്ടർ അതോറിറ്റിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള അതോറിറ്റിയുടെ നടപടി.

50 രൂപ മുതൽ 550 രൂപവരെ വെള്ളക്കരം വർധിപ്പിച്ച ഉത്തരവിനൊപ്പമാണ് ഓൺലൈൻ ബില്ലിങ് ഉത്തരവ് വാട്ടർ അതോറിറ്റി പുറത്തിറക്കിയത്. വെള്ളക്കരം വർധിപ്പിച്ച ഉത്തരവ് പിൻവലിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം, വിവിധ സ്ലാബുകൾക്ക് നിലവിൽ ഉള്ളതിനേക്കാൾ 50 രൂപ മുതൽ 550 രൂപ വരെ പ്രതിമാസ വർദ്ധനവ് ഉണ്ടാകും. ബിപിഎൽ കുടുംബങ്ങൾക്ക് മാസം പതിനയ്യായിരം ലിറ്റർ വരെ സൗജന്യമായി നൽകും. വെള്ളക്കര വർദ്ധനവിൽ ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തിട്ടുണ്ട്.