തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായി വീണാ ജോർജ് ഫോണിൽ സംസാരിക്കുകയും ചെയ്തു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് വീണാ ജോർജിനെ അറിയിച്ചു.
ഇരുവർക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു നൽകണമെന്നാണ് ആരോഗ്യമന്ത്രി സൂപ്രണ്ടിന് നൽകിയിരിക്കുന്ന നിർദ്ദേശം. മുലപ്പാൽ ബാങ്കിൽ നിന്ന് കുഞ്ഞിന് ആവശ്യമായ പാൽ കൃത്യമായി നൽകാൻ ജാഗ്രത വേണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. സഹദിനും സിയയ്ക്കും എല്ലാ നന്മകളും നേർന്ന മന്ത്രി കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും ഉറപ്പു നൽകി. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷത്തിലാണ് സിയയും സഹദും.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ചിലാണ് പ്രസവം കഴിഞ്ഞ് സഹദ് ചികിത്സയിൽ കഴിയുന്നത്. സഹദിന്റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചിരുന്നു. സഹദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടുമെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

