വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റിയുടെ കാലാവധി ദീർഘിപ്പിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി ദീർഘിപ്പിച്ചു. മൂന്ന് മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. രാജ്ഭവനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല ഇതുവരെ പ്രതിനിധിയെ നൽകിയിട്ടില്ല. നിലവിൽ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്.

ഓഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം ദീർഘിപ്പിച്ച് രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചത്. കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്താൽ ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടി സ്വീകരിക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.