ക്യാമ്പസിൽ എവിടെയും പരസ്യമായ സ്‌നേഹപ്രകടനങ്ങൾ പാടില്ല; സർക്കുലർ പുറത്തിറക്കി കോഴിക്കോട് എൻഐടി

കോഴിക്കോട്: വിചിത്ര സർക്കുലർ പുറത്തിറക്കി കോഴിക്കോട് എൻഐടി. ക്യാമ്പസിൽ എവിടെയും പരസ്യമായ സ്‌നേഹപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയാണ് കോഴിക്കോട് ഐഐടി സർക്കുലർ പുറത്തിറക്കിയത്. സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ജി കെ രജനീകാന്താണ് സർക്കുലർ പുറത്തിറക്കിയത്.

പരസ്യമായ സ്‌നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, വാലന്റെയ്ൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കോഴിക്കോട് ഐഐടി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് ഉത്തരവിൽ പറയുന്നു.