Highlights (Page 58)

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്‌സിൻ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് ടൈഫോയ്ഡ് വാക്‌സിൻ 2011ൽ തന്നെ നിർബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്‌സിൻ ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് കേരളാ പോലീസ്. കേരളത്തിൽ ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണെന്നാണ് കേരള പൊലീസിന്റെ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മയക്കുമരുന്നിന് ഇരകളായ 21 വയസിന് താഴെയുള്ളവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നും സർവേയിൽ പറയുന്നു.

പെൺകുട്ടികളെ കാരിയർമാരായും മയക്കുമരുന്ന് റാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് മുൻപ് കോളേജുകളിലായിരുന്നു. എന്നാൽ ഇപ്പോൾ ലഹരി മരുന്ന് മാഫിയ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ചില സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരി മരുന്ന് മാഫിയ പെൺകുട്ടികളെ ഈ മേഖലയിലെത്തിക്കുന്നത്. പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടി ലഹരി ഉപയോഗിക്കാനായി അവരെ പ്രേരിപ്പിക്കാനാണ് ഈ സ്ത്രീകളെ ഉപയോഗിക്കുന്നത്.

ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനായി പോലീസ് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ഈ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നിർണായകമായ പല വിവരങ്ങളുമുണ്ട്. 13 വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിന് ശേഷം അവർക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: റോബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് സാങ്കേതിക വിദ്യകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിന് വെള്ളനാട് ഗവ.വി.എച്.എസ്.എസ്.ൽ തുടക്കമായി. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് മുഴുവൻ ഹൈസ്‌ക്കൂൾ – ഹയർ സെക്കന്ററി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകും. ഇതോടൊപ്പം പൊതുജനങ്ങൾക്കായി ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നടപ്പാക്കുമെന്ന് ക്യാമ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായ 781 റോബോട്ടിക്സ് കിറ്റുകൾ ഇതിനായി പ്രയോജനപ്പെടുത്തും. ജില്ലയിലെ 27,295 രക്ഷിതാക്കൾക്ക് നൂതന സാങ്കേതിക വിദ്യകൾ, സൈബർ സുരക്ഷ, വ്യാജ വാർത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ പരിശീലനങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ നൽകിയിരുന്നു.

ആൻഡ്രോയ്ഡ് മൊബൈൽ ആപ് നിർമാണം, ചേയ്സർ എൽ.ഇ.ഡി., സ്മാർട്ട് ഡോർബെൽ, ആട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാർ പാനൽ, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിർമാണം, വിവിധ ആവശ്യങ്ങൾക്ക് ഐ.ഒ.ടി. ഉപകരണങ്ങൾ തയ്യാറാക്കൽ, എന്നീ പരിശീലനങ്ങളാണ് ക്യാമ്പിൽ നടക്കുന്നത്. വസ്തുക്കളുടെ ത്രിമാനരൂപം കമ്പ്യൂട്ടറിൽ സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും ക്യാമ്പിലുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പരിശീലനം.

സബ് ജില്ലാ ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുത്ത 102 കുട്ടികളാണ് ഞായറാഴ്ച സമാപിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു ജി.എസ് അറിയിച്ചു. ജില്ലാ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ സംസ്ഥാന ക്യാമ്പിൽ പങ്കെടുപ്പിക്കും.

ഇസ്താംബൂള്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം രക്ഷാപ്രവര്‍ത്തനത്തിനായി തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നു. 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതര്‍ക്കായുളള 24 ടണ്‍ ആവശ്യ വസ്തുകളും ദുരന്തഭൂമിയില്‍ ഇതിനോടകം ഇന്ത്യ എത്തിച്ചു കഴിഞ്ഞു.

തുര്‍ക്കിയില്‍ ഇന്ത്യന്‍ സേന താത്കാലികമായി സജ്ജീകരിച്ച ആശുപത്രിയില്‍ 400-ല്‍ അധികം രോഗികളാണ് ദിനംപ്രതി ചികിത്സക്കായി എത്തുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സംഘം അറിയിച്ചു. 60 പാരാ ഫീല്‍ഡ് ആശുപത്രികള്‍, വെന്റിലേറ്റര്‍ മെഷീനുകള്‍, അനസ്തേഷ്യ മെഷീനുകള്‍ എന്നിവയെല്ലാം ദുരന്ത സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഒന്‍പത് ലക്ഷം പേര്‍ ഭക്ഷണപ്രതിസന്ധി അനുഭവിക്കുന്നതായും അറിയിച്ചു.

ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. പത്തിനായിരകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

യുഎസ് വ്യോമാതിര്‍ത്തിയായ അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ പറക്കുന്നതായി കണ്ടെത്തിയ അജ്ഞാത വസ്തുവിനെ യുഎസ് എഫ് -22 പോര്‍വിമാനം വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂര്‍ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശിച്ചത്.

കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ യുഎസ് യുദ്ധവിമാനം ‘അജ്ഞാത വസ്തു’ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ഈ വസ്തു സിലിണ്ടര്‍ ആകൃതിയിലുള്ളതും കഴിഞ്ഞ ആഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനെക്കാള്‍ ചെറുതുമാണെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദും പറഞ്ഞു. ട്രൂഡോയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെടിവയ്പ്പിന് അംഗീകാരം നല്‍കിയതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.

അതേസമയം, ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ യുഎസ് വിമാനം വിവിധ വസ്തുക്കളെ വെടിവച്ച് വീഴ്ത്തുന്നത്. വെള്ളിയാഴ്ച അലാസ്‌കയില്‍ മറ്റൊരു അജ്ഞാത വസ്തുവിനെ വീഴ്ത്തിയതിനും ഫെബ്രുവരി 4 ന് യുഎസ് എഫ്-22 പോര്‍വിമാനം ചൈനീസ് നിരീക്ഷണ ബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിനും പിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ ഇപ്പോള്‍ വെടിവച്ചിട്ട വസ്തു എന്താണെന്നോ കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചാര ബലൂണുമായോ വെള്ളിയാഴ്ച അലാസ്‌കയ്ക്ക് മുകളില്‍ വെടിവച്ചിട്ട അജ്ഞാത വസ്തുവുമായോ ഇതിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് അമേരിക്ക. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി മോദി നടത്തുന്ന ഏതുതരത്തിലുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈന് നേരെയുള്ള അക്രമത്തിന് അവസാനം കുറിക്കാനുള്ള ഏത് ശ്രമത്തെയും യു എസ് സ്വാഗതം ചെയ്യുന്നു. പുടിൻ യുദ്ധമവസാനിപ്പിക്കാനുള്ള സമയമായി എന്നാണ് തനിക്കു തോന്നുന്നത്. ഈ യുദ്ധം ഇന്നു തന്നെ അവസാനിക്കേണ്ടതാണ്. യുക്രൈൻ ജനത നേരിടേണ്ടി വന്ന കൊടും ക്രൂരതകൾക്ക് ഉത്തരവാദിയായ ഏകവ്യക്തി പുടിനാണെന്നും അദ്ദേഹം വിമർശിച്ചു.

യുക്രൈൻ യുദ്ധം ഏതു നിമിഷവും അവസാനിപ്പിക്കാൻ പുടിന് കഴിയും. പകരം ദുരിതമനുഭവിക്കുന്ന യുക്രൈന് നേരെ കൂടുതൽ മിസൈലുകൾ അയച്ച് കൂടുതൽ ദ്രോഹിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏതു ശ്രമത്തേയും യു എസ് സ്വാഗതം ചെയ്യുന്നുവെന്നുവെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നൂതന സംവിധാനങ്ങളോട് കൂടിയ ബേൺസ് ഐസിയു പ്രവർത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ഇതേറെ സഹായിക്കും. 8 ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മൾട്ടിപാര മോണിറ്റർ, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫിൽട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് ബേൺസ് ഐസിയു സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റ നൂറു ദിന കർമ്മപരിപാടിയോടനുബന്ധിച്ച് ബേൺസ് ഐസിയു ഉദ്ഘാടനം ചെയ്യും.

3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സർജിക്കൽ ഐസിയുവിന്റെ സ്ഥലത്ത് സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂതന സംവിധാനങ്ങളോടെയുള്ള ബേൺസ് ഐസിയു സ്ഥാപിച്ചത്. നഴ്‌സസ് സ്റ്റേഷൻ, നഴ്‌സസ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം എന്നിവയുമുണ്ട്. ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 15 ശതമാനം മുതൽ പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ഐസിയുവിലൂടെ നൽകുന്നത്.

ബേൺസ് ഐസിയുവിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കും സജ്ജമാക്കി വരുന്നു. സ്‌കിൻ ബാങ്കിനാവശ്യമായ ഉപകരണങ്ങൾ ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. ബാക്കിയുള്ളവ കൂടി ലഭ്യമാക്കി പ്രവർത്തന സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളിൽ നിന്ന് ശേഖരിച്ചുവയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബാങ്ക് സ്ഥാപിച്ചു വരുന്നത്.

കോഴിക്കോട്: കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷാഫോം, ചെക്ക് എന്നിവയിൽ മലയാളവും ഉൾപ്പെടുത്താൻ തീരുമാനം. ഇംഗ്ലീഷിനൊപ്പമാണ് അപേക്ഷകളിൽ മലയാളം കൂടി ഉൾപ്പെടുത്തുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലും മലയാളം ഉപയോഗിക്കണമെന്നായിരുന്നു അഖിലേഷ് ആവശ്യപ്പെട്ടിരുന്നത്.

അപേക്ഷാ ഫോമുകളിലും ചെക്കുകളിലും മലയാളം ഇല്ലാത്തതിനാൽ സാധാരണക്കാരായ ആളുകൾ പ്രയാസം നേരിടുന്നുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. മറ്റ് ബാങ്കുകളിൽ ഇക്കാര്യം നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം.

പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറിയാണ് മലയാളം ഉൾപ്പെടുത്തുമെന്ന കാര്യം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ്വ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവയ്ക്കാണ് മലയാളം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾ വിൽക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നുമുതൽ ഭക്ഷണ പാഴ്‌സലുകലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങൾ പരിശോധിച്ചു. 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ അടപ്പിച്ചു. 62 സാമ്പിളുകൾ പരിശോധനക്കയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകൾ പരിശോധനക്കയച്ചു. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 16 ലക്ഷത്തിലധികം പേരാണ് 2011 മുതലുള്ള കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2,25,620 പേരാണ് 2022-ൽ മാത്രം പൗരത്വം ഉപേക്ഷിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് പുറത്തുവിട്ടത്.

ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 2020-ലാണ്. 85,256 പേരാണ് 2020-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 1,31,489 പേർ 2015 ൽ പൗരത്വം ഉപേക്ഷിച്ചു. 1,41,603 പേർ 2016 ലും, 1,33,049 പേർ 2017 ലും പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2018-ൽ 1,34,561 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2019-ൽ 1,44,017 പേരും 2021-ൽ 1,63,440 പേരും പൗരത്വം ഉപേക്ഷിച്ചു. 16,63,440 പേരാണ് 2011 മുതൽ ഇതുവരെ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ചതെന്നും കണക്കുകളിൽ വിശദമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ളവർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം രാജ്യസഭയിൽ നൽകി. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാർ യുഎഇ പൗരത്വം കരസ്ഥമാക്കിയിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ അറിയിച്ചു.