നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ ‘നിസാര്‍’ വിക്ഷേപണത്തിന്

വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ നിസാര്‍ വിക്ഷേപണത്തിനായി ഇന്ത്യയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട ആവൃത്തി ഉപയോഗിക്കുന്ന ആദ്യത്തെ റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായിരിക്കും നിസാര്‍.

ഭൂവല്‍ക്കം പരിണമിച്ചുണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നിസാറിന് സാധിക്കും. വിദൂര സംവേദനം, ഭൗമ നിരീക്ഷണം എന്നിവക്ക് ഇത് ഉപയോഗിക്കും. പ്രകൃതി ദുരന്ത സാധ്യതകളും മഞ്ഞുപാളികളില്‍ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാര്‍ ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം ചെയ്യുക. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നാ,യുടെ ജെറ്റി പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സന്ദര്‍ശിച്ച്് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, വ്യത്യസ്തമായ രണ്ട് റഡാര്‍ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റിമീറ്ററും സ്‌കാന്‍ ചെയ്യാനാവുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താം. ഭൂകമ്പം, സുനാമി അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്നതോടെ മുന്‍കരുതലുകളെടുക്കാന്‍ അത് സഹായകരമാവും. സ്‌പേസ് ക്രാഫ്റ്റിന്റെ നിര്‍മ്മാണം, വിക്ഷേപണ വാഹനം, ഒരു എസ്ബാന്‍ഡ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ എന്നിവയുടെ നിര്‍മ്മാണ ചുമതല ഐഎസ്ആര്‍ഒക്കാണ്. വിക്ഷേപണത്തിന് ശേഷം പേടകത്തിന്റെ നിയന്ത്രണം ഐഎസ്ആര്‍ഒയും നാസയും സംയുക്തമായാണ് നിര്‍വ്വഹിക്കുക.