വാഷിംഗ്ടൺ: കുപ്രചാരണങ്ങൾക്ക് മറുപടി നൽകി വ്യവസായ പ്രമുഖനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽഗേറ്റ്‌സ്. കോവിഡിന് കാരണക്കാരൻ എന്ന നിലയിൽ ബിൽഗേറ്റ്‌സിനെതിരെ പ്രചാരണം നടന്നിരുന്നു. ഇതിനെതിരെയാണ് ബിൽഗേറ്റ്‌സ് പ്രതികരണവുമായി രംഗത്തെത്തിയത്. ബിൽ ഗേറ്റ്സ് ആണ് കോവിഡ് മഹാമാരിക്കു പിന്നിൽ എന്നായിരുന്നു സാമൂഹിക മാധ്യമത്തിലും മറ്റും പ്രചരിച്ചിരുന്ന വാർത്ത. അത്തരം പ്രചാരണങ്ങളിൽ പലതും തന്നെ ഞെട്ടിച്ചുവെന്നാണ് ബിൽഗേറ്റ്‌സ് വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരി താൻ മനഃപ്പൂർവം സൃഷ്ടിച്ചതാണെന്നും മറ്റുമുള്ള ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നു. താൻ വാക്സിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ അവ ജീവനുകൾ രക്ഷിക്കാനായാണെന്നും ബിൽഗേറ്റ്‌സ് വെളിപ്പെടുത്തി.
ശാസ്ത്രത്തെ മനസ്സിലാക്കുന്നതിനേക്കാൾ ആളുകൾക്ക് ദുഷ്പ്രചാരണമാണ് എളുപ്പം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നതല്ലാതെ രോഗവ്യാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ലോകത്തെ ഒരുകോടിയിൽപരം ജനങ്ങളുടെ ജീവൻ ഇല്ലാതാക്കാൻ പ്രാപ്തമായ വൈറസിനെക്കുറിച്ച് 2015-ൽ ബിൽ ഗേറ്റ്സ് ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് കോവിഡ് മഹാമാരിക്കാലത്ത് ദുഷ്പ്രചാരണത്തിന് വഴിവെച്ചത്.
കോവിഡ് മഹാമാരി എന്നത് ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ബിൽഗേറ്റ്സിന്റെ പദ്ധതിയാണെന്നും വാക്സിനേഷൻ ജനങ്ങളെ വന്ധ്യംകരിക്കാനുള്ള വഴിയാണെന്നുമായിരുന്നു പിന്നീട് നടന്ന പ്രചാരണം.

