Highlights (Page 49)

ഇടുക്കി: അരിക്കൊമ്പൻ മിഷൻ തടഞ്ഞ കോടതി നടപടിയിൽ പ്രതിഷേധവുമായി ജനങ്ങൾ. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടത്തുകയാണ് ജനങ്ങൾ. ഇടുക്കി സിങ്ക്കണ്ടത്തും നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചിന്നക്കാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിക്കുകയും ചെയ്തു. അരിക്കൊമ്പനെ പിടികൂടികൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്.

അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. വിഷയത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ആനയെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിലേക്ക് മാറ്റുന്നതും ജിഎസ്എം കോളർ ഘടിപ്പിച്ച് ഇപ്പോൾ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും എന്നാലും അരിക്കൊമ്പന്റെ ആക്രമണത്തിൽ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. ഹൈക്കോടതി വിധി തികച്ചും നിരാശജനകമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കോട്ടയം: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിനായി തയ്യാറെടുത്ത് കുമരകം. 2023 മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള തീയതികളിലാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് കീഴിലുള്ള ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം യോഗം ചേരുന്നത്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ (പ്രത്യേക പ്രതിനിധി) അമിതാഭ് കാന്ത് അധ്യക്ഷനാകും.

ജി20 യുടെ സാമ്പത്തിക – വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളും കൃത്യമായ നടപ്പാക്കലും ചർച്ചാ വിഷയമാകും.

നിലവിൽ കനത്ത സുരക്ഷാ വലയത്തിലാണ് കുമരകം. സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്‌കേപ്പിൽ ജില്ലാ കളക്ടർ ഡോ പി കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. 1600 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറ് എസ്.പി.മാർ, 20 ഡി.വൈ എസ്.പിമാർ, 20 ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാക്രമീകരണങ്ങൾ. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ പോലീസുദ്യോഗസ്ഥരെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

കെ.ടി.ടി.ഡി.സിയുടെ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ സെന്ററിന്റെയും കലാപരിപാടികൾ നടക്കുന്ന വേദിയുടെയും അവസാനഘട്ടഅലങ്കാരപണികൾ പുരോഗമിക്കുകയാണ്. കുമരകത്തേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തുന്ന അഞ്ചു പാതകൾ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചിട്ടുണ്ട്. ഇതിൽ നാലു റോഡുകളുടെ റോഡ് സുരക്ഷാ നടപടികളടക്കം പൂർത്തിയാക്കി. ബദൽ പാതയായി കാണുന്ന കല്ലറ-വെച്ചൂർ റോഡ് ടാറിംഗ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി. വഴിയോരങ്ങളിലെ മാലിന്യനീക്കവും പൂർത്തിയാക്കി. കായൽ മാർഗം അതിഥികൾക്കെത്തുന്നതിനുള്ള ജലഗതാഗത ചാനലുകൾ മാർക്കിംഗ് പൂർത്തിയാക്കി. റിഫളക്ടറുകൾ സ്ഥാപിച്ചു. ഇന്ന് വീണ്ടും ട്രയൽ റൺ നടക്കും. വൈദ്യൂതി വിതരണം തടസപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബി. ബദൽ സംവിധാനങ്ങളടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിൽ ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളുടേയും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് യോഗത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരുടേയും പോലീസ് വാഹനങ്ങളും പാർക്കിംഗിനായി സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ തന്നെ പാർക്ക് ചെയ്യണം. ജി20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതു വരെയുമാണ് കുമരകത്ത് നടക്കുന്നത്.

മുംബൈ: 215 കോടി ഡോളറിന്റെ (ഏകദേശം 17,600 കോടി രൂപ) വായ്പകള്‍ തിരിച്ചടച്ചെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഗ്രൂപ്പിന്റെ അവകാശവാദം ശരിയല്ലെന്നും ഇപ്പോഴും ഗ്രൂപ്പ് കമ്ബനികളുടെ ഓഹരികള്‍ ബാങ്കുകളുടെ കൈവശം പണയത്തിലുണ്ടെന്നും ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയതിനെത്തുടര്‍ന്ന് വിശദീകരണം തേടി രംഗത്തെത്തിയിരിക്കുകയാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും.

‘നിയമപ്രകാരം ലഭ്യമായ രേഖകളില്‍ ഗ്രൂപ്പിലെ ഏതാനും കമ്ബനികളുടെ ഓഹരികള്‍ ബാങ്കുകള്‍ ഇനിയും വിടുതല്‍ ചെയ്തിട്ടില്ല. അതിനര്‍ഥം ഈ വായ്പകള്‍ പൂര്‍ണമായി തിരിച്ചടച്ചിട്ടില്ലെന്നതാണ്. ഒരുഭാഗം മാത്രമാണ് ഗ്രൂപ്പ് തിരിച്ചടച്ചതെന്നും ഓഹരിവില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്താന്‍ ബാങ്കുകള്‍ ആവശ്യപ്പെടാതിരിക്കാനാണ് ഇത്. അദാനി ഗ്രൂപ്പ് വായ്പ തിരിച്ചടച്ചതായി വെളിപ്പെടുത്തല്‍ നടത്തിയ ശേഷം അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ഓഹരികള്‍ മാത്രമാണ് ബാങ്കുകള്‍ പൂര്‍ണമായി വിടുതല്‍ ചെയ്തത്. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ ഇപ്പോഴും പണയത്തിലുണ്ട്. സാധാരണ വായ്പ തിരിച്ചടച്ചാല്‍ ഉടന്‍ ഓഹരികള്‍ വിടുതല്‍ ചെയ്യാറുണ്ട്. എന്നാല്‍, അദാനി ഇക്കാര്യം പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും ഓഹരികള്‍ വിടുതല്‍ ചെയ്യാത്തത് അസാധാരണമാണ്’- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കമ്ബനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അദാനി എന്റര്‍പ്രൈസസ് ഓഹരിവില ചൊവ്വാഴ്ച 121 രൂപയുടെ നഷ്ടവും നേരിട്ടു. ഗ്രൂപ്പിലെ മറ്റ് ഒമ്ബതു കമ്ബനികളുടെയും ഓഹരിവില നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.

ബീജീങ്: നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയില്‍ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. വിദേശികള്‍ ഒഴികെ, ചൈനയിലെ ജനസംഖ്യയില്‍ 2022ല്‍ 850,000 പേര്‍ കുറഞ്ഞ് 1.41 ബില്യണായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു.

രാജ്യത്ത് 2021 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ 480,000 വര്‍ധിച്ച് 1.41 ബില്യണ്‍ ആയി ഉയര്‍ന്നു. 2020ല്‍ ജനനനിരക്ക് 20 ശതമാനവും 2021ല്‍ 13ശതമാനവും കുറഞ്ഞിരുന്നു. 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12 നും ഇടയില്‍ ചൈനീസ് ആശുപത്രികളില്‍ 60,000 ത്തോളം ആളുകള്‍ കൊവിഡ് -19 ബാധിച്ച് മരിച്ചതായി ആരോഗ്യ അധികാരികള്‍ വെളിപ്പെടുത്തിയിരുന്നു. കണക്കുകള്‍ പ്രകാരം 2022-ല്‍ ചൈനയില്‍ 9.56 ദശലക്ഷം ജനനങ്ങള്‍ നടന്നപ്പോള്‍ 10.41 ദശലക്ഷം ആളുകള്‍ മരിച്ചു. ആയുര്‍ദൈര്‍ഘ്യത്തിലെ ഉയര്‍ച്ചയോടൊപ്പം ജനസംഖ്യ കുറയുന്നത് ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മാത്രമല്ല, ലോകത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുവാക്കളുടെ എണ്ണത്തില്‍ കുറവു വരികയും വൃദ്ധജനസംഖ്യയില്‍ ഉയര്‍ച്ചയുണ്ടാകുകയും ചെയ്യുമെന്നതാണ് ഇവിടത്തെ പ്രധാന ആശങ്ക. അങ്ങനെ വന്നാല്‍ ചൈന ഉല്‍പാദന രംഗത്ത് വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ചൈനയുടെ ജനസംഖ്യയിലെ ഇടിവ് ആഗോള തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനനനിരക്ക് കുറയ്ക്കാന്‍ ചൈനീസ് ഭരണകൂടം ഏറെക്കാലമായി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ജനസംഖ്യ കുറക്കുന്നത് രാജ്യത്തെ ആകെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പഠനങ്ങള്‍ വന്നതോടെ തിരുത്തുകയായിരുന്നു.

ഡല്‍ഹി: ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2023 ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ 30നുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചു.

മാര്‍ച്ച് 28നുള്ളില്‍ ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് അഞ്ചാം തവണയാണ് ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടിയത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാന്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതല്‍ പിഴത്തുക 1000 രൂപയായി ഉയര്‍ത്തി.

പാന്‍ പ്രവര്‍ത്തന രഹിതമാകുന്നത് സാമ്ബത്തിക ഇടപാടുകളെ ബാധിക്കും. ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ കഴിയില്ല. എന്‍.ആര്‍.ഐ, 80 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ആവശ്യമില്ല

ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. ലോക്‌സഭ ഹൗസിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയത്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അറിയിച്ചിരുന്നു.

രാഹുൽ ഗാന്ധി ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.

ന്യൂഡൽഹി: രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്നും ദർശനത്തിനായി സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാമസേതു ദർശനത്തിനായി ‘കടലിൽ’ കിലോമീറ്ററുകൾ വരെ തിട്ട നിർമിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ലഖ്നൗ ആസ്ഥാനമായുള്ള അഭിഭാഷകൻ അശോക് പാണ്ഡെ മുഖേനയാണ് ഈ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജിയാണ് കോടതിയിൽ സമർപ്പിച്ചത്.

ഹിന്ദുക്കൾക്ക് രാമസേതു എത്രത്തോളം പ്രധാനമാണെന്ന് ഹർജിയിൽ പറയുന്നു. രാമായണം, സ്‌കന്ദപുരാണം, അഗ്‌നിപുരാണം, വിഷ്ണുപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ രാമസേതുവിൽ കുളിക്കുന്നതിന്റെ പ്രാധാന്യം വിശദമായി വിശദീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. രാമസേതുവിൽ മതിൽ കെട്ടി കോടിക്കണക്കിന് ജനങ്ങളുടെ ആഗ്രഹം സഫലമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെ 4 മുതൽ 40 അടി വരെ വെള്ളമുള്ളതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനം സാധ്യമാണ്. ഇവിടെ മതിൽ പണിയുന്നതോടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് ധനുഷ്‌കോടിയിൽ ശ്രീരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ച പാലം സന്ദർശിക്കാൻ കഴിയുമെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്: കേരളത്തില്‍ മനുഷ്യ വന്യമൃഗ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനും അടിയന്തര ഇടപെടലുമായി വനംവകുപ്പ്. 5 ടെറിട്ടോറിയല്‍, 3 വൈല്‍ഡ് ലൈഫ്, 3 സാമൂഹിക വനവല്‍ക്കരണ വിഭാഗങ്ങളിലായി 11 കണ്‍സര്‍വേറ്റര്‍മാരുടെ കീഴിലാണ് വനം വകുപ്പിന്റെ നിലവിലെ പ്രവര്‍ത്തനം നടക്കുന്നത്. ഇത് 8 കണ്‍സര്‍വേറ്റര്‍മാരുടെ കീഴിലാക്കാനൊരുങ്ങുകയാണ്.

നോര്‍ത്ത്, ഈസ്റ്റ്, സെന്‍ട്രല്‍, സൗത്ത്, ഹൈറേഞ്ച് എന്നിങ്ങനെ 5 ടെറിട്ടോറിയല്‍ സിഎഫുമാര്‍,പാലക്കാട്, കോട്ടയം, അഗസ്ത്യവനം വൈല്‍ഡ് ലൈഫ് സിഎഫുമാര്‍,നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോഷ്യല്‍ ഫോറസ്ട്രി സിഎഫുമാര്‍ എന്നിങ്ങനെയാണ് നിലവിലെ സര്‍ക്കിളുകള്‍. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം കേന്ദ്രമാക്കിയായിരിക്കും സിഎഫുമാരുടെ തസ്തിക പുനഃക്രമീകരിക്കുക. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിങ്ങനെ 3 മേഖലകള്‍ക്കായി ചീഫ് കണ്‍സര്‍വേറ്റര്‍മാരും വരും.

തിരുവനന്തപുരം, ശെന്തുരുണി ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം സര്‍ക്കിള്‍, കോന്നി, അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍, കൊല്ലം എന്നിവയുള്‍പ്പടെ കൊല്ലം സര്‍ക്കിള്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, റാന്നി, കോട്ടയം ഉള്‍പ്പെടുന്ന കോട്ടയം സര്‍ക്കിള്‍, എറണാകുളം, മലയാറ്റൂര്‍, ഇടുക്കി വൈല്‍ഡ് ലൈഫ്, മറയൂര്‍, മാങ്കുളം ഉള്‍പ്പടെ എറണാകുളം സര്‍ക്കിള്‍, പറമ്പിക്കുളം, നെന്മാറ, പീച്ചി, ചാലക്കുടി, വാഴച്ചാല്‍ ഉള്‍പ്പടെ തൃശൂര്‍ സര്‍ക്കിള്‍ നിലമ്പൂര്‍, സൈലന്റ് വാലി, പാലക്കാട്, മണ്ണാര്‍ക്കാട്, മലപ്പുറം ഉള്‍പ്പടെ പാലക്കാട് സര്‍ക്കിള്‍,വയനാട് സൗത്ത് നോര്‍ത്ത്, കോഴിക്കോട് ഉള്‍പ്പടെ കോഴിക്കോട് സര്‍ക്കിള്‍, കാസര്‍കോട്, കണ്ണൂര്‍, ആറളം വൈല്‍ഡ് ലൈഫ് ഉള്‍പ്പടെ കണ്ണൂര്‍ സര്‍ക്കിള്‍ എന്നിവയാണ് പുതിയ ശുപാര്‍ശ. വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കേസുകളുടെ നടത്തിപ്പിനും 14 ജില്ലകളിലും ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫിസര്‍മാര്‍ വേണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരില്‍ (ഡിഎഫ്ഒ) നിന്ന് സീനിയര്‍ ആയവര്‍ ഈ തസ്തികയില്‍ എത്തും. 3 സോഷ്യല്‍ ഫോറസ്ട്രി വിഭാഗങ്ങളെയും വിവിധ ടിംബര്‍ സെയില്‍സ് വിഭാഗങ്ങളെയും 8 സിസിഎഫുമാരുടെ കീഴിലാക്കും.

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 36 ഉപഗ്രഹങ്ങളുമായി എല്‍വിഎം-3 റോക്കറ്റ് വിക്ഷേപണ ദൗത്യം വിജയം കണ്ടു. 16 ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു. 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള വിക്ഷേപണ ദൗത്യത്തില്‍ വിജയിച്ചതായി ഐഎസ്ആര്‍ഒ ആണ് അറിയിച്ചത്.

150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 12 പ്രതലങ്ങളിലായി തിരിച്ച് ഗ്രഹത്തില്‍ നിന്ന് 1200-കിലോമീറ്റര്‍ ഉയരത്തില്‍ വരെ പ്രവര്‍ത്തിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തടയാന്‍ ഓരോ വിമാനത്തെയും നാല് കിലോമീറ്റര്‍ ഉയരത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമ്ബനിയായ വണ്‍ വെബുമായി ചേര്‍ന്നാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണം. ഇരു കമ്ബനികളും ചേര്‍ന്നുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. വണ്‍വെബിന് നിലവില്‍ 582 ഉപഗ്രഹങ്ങള്‍ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആയി. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വണ്‍ വെബ് വിഭാവനം ചെയ്യുന്നത്. സ്പേസ് എക്‌സ്പോലുള്ള വിവിധ ഏജന്‍സികളാണ് മറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ (എല്‍.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ കഴിഞ്ഞ ഒക്ടോബര്‍ 23ന് വിക്ഷേപിച്ചിരുന്നു.

ഉപഗ്രഹത്തില്‍ നിന്ന്നേരിട്ട് കമ്ബ്യൂട്ടറുകളിലേക്ക് ഇന്റര്‍നെറ്റ് ലഭിക്കുന്നതാണ് വണ്‍വെബ് ശൃംഖല. വണ്‍ വെബില്‍ ഇന്ത്യയിലെ ഭാരതി എയര്‍ടെല്ലിനും പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ്. ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ക്കും വേഗതയേറും.

തിരുവനന്തപുരം: നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഭക്ഷണ ശീലങ്ങൾ ഋതുക്കൾ, കാർഷികോത്സവങ്ങൾ, വിളവെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. ആ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഒരു വിഭാഗമാണ് ചെറുധാന്യങ്ങൾ. മറ്റേത് വിഭാഗങ്ങളേക്കാൾ പോഷണ ഗുണമുള്ളതാണ് ചെറുധാന്യങ്ങൾ എന്ന ബോധ്യത്തിന്റെയടിസ്ഥാനത്തിലാണ് 2023, ഐക്യരാഷ്ട്രസഭ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെറുധാന്യങ്ങൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. വിളർച്ച മുക്ത കേരളത്തിനായാണ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് വിവ കേരളം ആവിഷ്‌ക്കരിച്ചത്. വിളർച്ച ഏറ്റവും കുറവ് കേരളത്തിലാണ് എങ്കിലും പൂർണമായും വിളർച്ച മുക്തി നേടുകയാണ് ലക്ഷ്യം. 97,000ത്തോളം പേരെ സ്‌ക്രീൻ ചെയ്തു. ഒരു ശതമാനത്തോളം പേർക്ക് ഗുരുതര രോഗമുള്ളവരാണ്. 21 ശതമാനത്തോളം പേർക്ക് ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ അനീമിയ മുക്തി നേടാനാകും.

വലിയ രീതിയിൽ ഇരുമ്പിന്റെ അംശം ഉൾക്കൊള്ളുന്നതാണ് ചെറു ധാന്യങ്ങൾ. ഹീമോഗ്ലോബിൻ വർധിപ്പിക്കുന്നതിനും പോഷണത്തിനും ചെറുധാന്യത്തിലൂടെ കഴിയും. കൊളസ്‌ട്രോൾ കുറയ്ക്കാനും ദഹനത്തിന് സഹായിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന് ആവശ്യമുള്ളതും നിലനിൽപ്പിനും ആവശ്യമായ മിക്ക പോഷണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് പരാതി നൽകാനും ആ പരാതിയിൽ നടപടി സ്വീകരിച്ചോ എന്നറിയാനും പരാതിയുള്ള സ്ഥാപനങ്ങളുടെ വീഡിയോകളും ഫോട്ടോകളും അപ് ലോഡ് ചെയ്യാനും സാധിക്കും.

വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ. കെകെ അബ്ദുൾ റഷീദ്, ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ എം.ടി. ബേബിച്ചൻ എന്നിവർ പങ്കെടുത്തു.