തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി. ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയെങ്കിലും ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു ജാമ്യമില്ലാക്കുറ്റം തുടരുന്നതാണ്.
അതേസമയം, ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിക്ക് കേസ് അന്വേഷണ ചുമതല കൈമാറി. റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ കെ രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിലാണ് കേസ്. പ്രതിപക്ഷത്തെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിപക്ഷവും ഭരണപക്ഷവും സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. 2 ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

