മൃഗസംരക്ഷണ സംഘടനയുടെ ഹർജി അരിക്കൊമ്പനെ പിടികൂടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മാർച്ച് 29 വരെയാണ് ഓപ്പറേഷൻ അരിക്കൊമ്പൻ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ആന സെറ്റിൽമെന്റ് മേഖലയിലെ കോളനിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമുള്ള നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ തുടരാമെന്നും ഇതിനായി ബദൽ മാർഗ്ഗങ്ങളും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആനയെ നിരീക്ഷിക്കുന്നത് തുടരാമെന്നും കോടതി പറഞ്ഞു.