Highlights (Page 48)

നിരവധി രാസവസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിച്ച ഈജിപ്തുകാരുടെ പുരാതന മൃതശരീരങ്ങളെയാണ് മമ്മി എന്ന് വിളിക്കുന്നത്. ധാതു സമ്പന്നമായ മണ്ണില്‍ കുഴിച്ചിടപ്പെട്ട നിരവധി മമ്മികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്നീട് കണ്ടെടുത്തിട്ടുള്ളത്.

എന്നാല്‍, ഇത്തരം മമ്മികളെ മ്യൂസിയങ്ങളില്‍ സന്ദര്‍ശിക്കുന്നത് അപകടകരമാണെന്നാണ് മെക്‌സിക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററിയുടെ മുന്നറിയിപ്പ്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആരോഗ്യപരമായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് മമ്മികളില്‍ ഫംഗസ് വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രദര്‍ശനങ്ങള്‍ അപകടകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

മെക്സിക്കോയില്‍ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്സിംഗില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വിയോജിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഗവേഷകര്‍. ‘ഗ്ലാസ് കെയ്സുകള്‍ വായു കടക്കാത്തതാണെന്ന് ഉറപ്പുവരുത്താന്‍ കഴിയാത്തിടത്തോളം സംഭവിച്ചേക്കാവുന്ന ആരോഗ്യ അപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണമോ പൊതുജനങ്ങള്‍ക്കുള്ള സംരക്ഷണമോ ഇല്ലാതെ അവ പ്രദര്‍ശിപ്പിക്കുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. മമ്മികളില്‍ ഫംഗസ് വളര്‍ച്ച കണ്ടത് ഗ്ലാസ് കെയ്‌സുകളില്‍ വായു സഞ്ചാരമുണ്ടെന്നതിന് തെളിവാണ്. അതുകൊണ്ടുതന്നെ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് മുന്‍പായി മമ്മികളെ ശ്രദ്ധാപൂര്‍വ്വം പഠിക്കണം’- ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിക്ഷേപിച്ച് മടങ്ങിയെത്തുന്ന വിമാനരൂപത്തിലുള്ള പുനരുപയോഗ റോക്കറ്റ് (ആര്‍ എല്‍ വി) ഭൂമിയിലെ റണ്‍വേയിലിറക്കുന്ന പരീക്ഷണത്തില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യ. ഇന്നലെ രാവിലെ കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലെ റണ്‍വേയിലായിരുന്നു പരീക്ഷണം.

വിക്ഷേപണച്ചെലവ് കുത്തനെ കുറക്കാാനും ബഹിരാകാശ ടൂറിസത്തിനും ആകാശയാത്രകള്‍ക്ക് അതിവേഗ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പദ്ധതികള്‍ക്കും സ്‌പെയ്‌സ് സ്റ്റേഷന്‍ പദ്ധതിക്കും പ്രയോജനപ്പെടുന്നതാണ് ഈ പരീക്ഷണവിജയം. ഇതിലെ സാങ്കേതികവിദ്യകള്‍ ജിഎസ്എല്‍വി, പിഎസ്എല്‍വി റോക്കറ്റുകളുടെ മികച്ച പ്രവര്‍ത്തനത്തിനുപകരിക്കും. സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റുകളുള്‍പ്പെടെയുള്ള പുനരുപയോഗ റോക്കറ്റുകള്‍ കടലിലെ പ്രത്യേക ബാര്‍ജുകളിലാണ് ഇറക്കുന്നത്.

ഇന്നലെ രാവിലെ 7.10ന് ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ഇന്ത്യന്‍ സേനയുടെ അമേരിക്കന്‍ നിര്‍മ്മിത ചിനൂക് ഹെലികോപ്ടര്‍ ഉപയോഗിച്ച് ആര്‍എല്‍വി റോക്കറ്റ് ഭൂമിയില്‍ നിന്ന് 4.6 കിമീ ഉയരത്തിലാണ് എത്തിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥിന്റെ നേതൃത്വത്തില്‍ വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, എടിഎസ്പി പ്രോഗ്രാം ഡയറക്ടര്‍ ശ്യാംമോഹന്‍ എന്‍ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.

രാജക്കാട്: പൊന്മുടി തൂക്കുപാലത്തിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പാലത്തിന് ബലക്ഷയം സംഭവിച്ചതായി വ്യക്തമായതോടെയാണ് നടപടി.

60 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പൊന്‍മുടി തൂക്കുപാലത്തില്‍ വാഹന ഗതാഗതവും പരിധിയില്‍ അധികം ആളുകള്‍ കയറുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം പ്രകാരം ഗതാഗതം നിരോധിച്ചത് . ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഗതാഗതം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

പൊതുമരാമത്ത് (പാലങ്ങൾ), പഞ്ചായത്ത്, പൊലീസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് പാലത്തിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. 60 വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്. ഭാരവാഹനങ്ങളുടെ യാത്രയ്ക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ വാഹനങ്ങൾ പാലത്തിൽ നിർത്തിയിടുന്നതായും ഒരേ സമയം ഒന്നിലേറെ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുന്നുവെന്നും വ്യക്തമാക്കി നേരത്തെ പൊതുമരാമത്ത് (പാലങ്ങൾ) ഉപ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പിന്നീട് ഉടുമ്പൻചോല തഹസിൽദാർ, പൊതുമരാമത്ത് (പാലങ്ങൾ) എക്‌സിക്യൂട്ടീവ് എൻജിനീയർ, ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറിമാർ, രാജാക്കാട് സിഐ എന്നിവരടങ്ങുന്ന സംയുക്ത സമിതി പരിശോധന നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പാലത്തിന്റെ ഷീറ്റുകൾ പഴകിയതും കേബിളുകൾ കോൺക്രീറ്റ് ബ്ലോക്കിൽ ബന്ധിപ്പിച്ചിട്ടുള്ളതുമാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

തിരുവനന്തപുരം: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനമായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പിന് ലഭിച്ചത്. എന്നാല്‍, ബജറ്റ് ലക്ഷ്യം (4524.25 കോടി) വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ രജിസ്ട്രേഷന്‍ വകുപ്പ് നേടിയത്. സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് ലഭിച്ചത്. 2014 -15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-22 സാമ്ബത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അതേസമയം, എറണാകുളം ജില്ലയാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണ്. ന്യായവില വര്‍ദ്ധന മുന്നില്‍ കണ്ട് മാര്‍ച്ച് മാസം രജിസ്ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാര്‍ച്ചില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 1,16,587 ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്ത 2022 മാര്‍ച്ചില്‍ വരുമാനമാകട്ടെ 627.97 കോടി രൂപയും.

മാര്‍ച്ച് മാസത്തിലുണ്ടാകാനിടയുള്ള രജിസ്ട്രേഷനുകളുടെ വര്‍ധന കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനമായ പിഇഎആര്‍എല്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നതിനുള്ള മുന്‍കരുതല്‍ രജിസ്ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിരുന്നു.

കൊൽക്കത്ത: സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് ബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു. ലോകത്തിലാദ്യമായാണ് ഈ ഫംഗസ് ബാധ മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്. കൊൽക്കത്ത സ്വദേശിയായ 61-കാരനാണ് ഫംഗസ്ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സസ്യങ്ങളിലെ രോഗബാധ മനുഷ്യരിലേക്കും പകരാനുള്ള സാധ്യതകളാണ് ഇത് വ്യക്തമാക്കുന്നത്. കുമിൾ ശാസ്ത്രജ്ഞനായ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സസ്യങ്ങളുമായും കൂണുൾപ്പടെയുള്ള ഫംഗസ് വർഗങ്ങളുമായും ഇയാൾ വളരെ അടുത്തിടപഴകിയിട്ടുണ്ട്. ഇതാണ് രോഗബാധയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു മാസമായി വിട്ടുമാറാത്ത ക്ഷീണം, ചുമ, ശബ്ദതടസ്സം, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. സി.ടി സ്‌കാൻ എടുത്തപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിനു താഴെയായി ശ്വാസനാളത്തിൽ മുഴ കണ്ടെത്തി. തുടർന്നുളള പരിശോധനയിൽ ‘കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം’ എന്ന വിഭാഗത്തിൽപ്പെട്ട ഫംഗസ് ബാധയുണ്ടെന്നും കണ്ടെത്തി.

സസ്യങ്ങളിൽ കണ്ടുവരുന്ന ഫംഗസ് ആണ് ‘കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം’. ഇത് മനുഷ്യരിൽ മരണത്തിനുവരെ കാരണമാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം, ഫംഗസ് ബാധിതനായ ആളുടെ ശരീരത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെന്നും പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ‘അറിവ്’, സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി നടന്ന വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി പി.രാജീവ് ലോഞ്ച് ചെയ്തു.

നമ്മുടെ വിജ്ഞാനം കയറ്റുമതി ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ കുമാരനാശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനന്‍ നായര്‍ പറഞ്ഞു. അറിവാണ് മനുഷ്യ മനസ്സിനെ മുന്നോട്ട് നയിക്കുന്നതെന്നും, ഭാവനയുടെ ഉന്മാദ സമാനമായ തലത്തിലിരുന്ന് എഴുതിയാല്‍ മാത്രമേ പുതിയ തലമുറയിലെ യുവാക്കളെ ആകര്‍ഷിക്കാനും ലക്ഷ്യപ്രാപ്തിയിലെത്താനും സാധിക്കൂ എന്നും സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ എല്ലാം തന്നെ രാസ പദാര്‍ഥങ്ങളാല്‍ നിര്‍മിതമാണെന്നു ഡോ. കാന എം.സുരേശന്‍ പറഞ്ഞു. മനുഷ്യന്റെ രാസവസ്തുക്കളോടുള്ള ഭയം ചൂഷണം ചെയ്ത് പ്രകൃതിദത്തമെന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്നു. പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ഉണ്ടാക്കിയിരിക്കുന്നത് 90 മൂലകങ്ങള്‍ കൊണ്ടാണ്. പ്രകൃതിയില്‍ കാണുന്ന ഏതൊരു വസ്തുവിനും നിറവും മണവും സ്വാദും നല്‍കുന്നത് രാസവസ്തുക്കളാണ്. രാസ പദാര്‍ഥങ്ങളില്ലാതെ നമുക്ക് ജീവിതം അസാധ്യമാണ്. ഏതെങ്കിലും ഒരു വസ്തു കെമിക്കല്‍ ഇല്ലാതെ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മശ്രീ ജേതാവ് ചെറുവയല്‍ രാമന്റെ സന്ദേശവും ഹ്രസ്വ വിഡിയോയും പ്രദര്‍ശിപ്പിച്ചു. നാഞ്ചിയമ്മയും സംഘവും അവതരിപ്പിച്ച ഇരുള നൃത്തവും റിജോയുടെ ഹാസ്യപരിപാടിയും മിഴിവേകിയ കലാ സന്ധ്യയോടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

റിയാദ്: ഉംറ തീർത്ഥാടകർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അറേബ്യ. ഈ റമദാൻ മാസത്തിൽ ഒരു തവണ ഉംറ തീർത്ഥാടനം നടത്തിയാൽ മതിയെന്നാണ് വിശ്വാസികളോട് സൗദി നിർദ്ദേശിച്ചിരിക്കുന്നത്. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. റമദാനിൽ ഒരാൾ ഒറ്റത്തവണ മാത്രം ഉംറ തീർത്ഥാടനം നടത്തുന്നത് മറ്റ് തീർത്ഥാടകർക്കും ചടങ്ങുകൾ ചെയ്യാൻ അവസരം നൽകുമെന്നും ജനത്തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനും കഴിയുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

തവാക്കൽന, നുസൂക്ക് എന്നീ ആപ്പുകൾ വഴി ഉംറ തീർത്ഥാടകർ തങ്ങളുടെ അപ്പോയ്ൻമെന്റ് ഉറപ്പാക്കണം. ഉംറ തീർത്ഥാടനത്തിനുള്ള നടപടി ക്രമങ്ങൾ മുൻവർഷത്തേക്കാൾ ലഘൂകരിച്ചിട്ടുണ്ട്. ഉംറയ്ക്കായി ബുക്ക് ചെയ്ത തീർത്ഥാടകർ തങ്ങൾ ബുക്ക് ചെയ്ത തീയതിയും സമയവും കൃത്യമായി അറിഞ്ഞിരിക്കണം. തീർത്ഥാടനത്തിനായി മതിയായ സ്ലോട്ടുകൾ തുറന്നിട്ടുണ്ട്. ഹജ്ജ് മന്ത്രാലയവും വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസിയും സംയുക്തമായാണ് തീയതികൾ തീരുമാനിച്ചത്.

മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമസ്‌കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുതെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാർത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതും നിരോധനം ഏർപ്പെടുത്തി. പള്ളിയിൽ താമസിക്കുന്നതിന് അംഗീകാരം നൽകാനും അവയിൽ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനുമുള്ള ഉത്തരവാദിത്തം പള്ളിയിലെ ഇമാമിനാണ്.

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ജനം ഐക്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐക്യം പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമയക്കുറവ് കൊണ്ടാണ് വൈക്കത്തെ പരിപാടിയിൽ എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെ. മുരളിക്കൊപ്പം താനുണ്ടായിരുന്നുവെന്നും പരാതി തന്നോട് പറയാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെ മനപ്പൂർവം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞതാണ് കോൺഗ്രസിനുള്ളിൽ വീണ്ടും വിവാദം സൃഷ്ടിച്ചത്. വൈക്കം സത്യഗ്രഹ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെതിരെ കെ മുരളീധരൻ രംഗത്തെത്തിയത്. എഐസിസി പ്രസിഡൻറ് പങ്കെടുത്ത വേദിയിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകി. എന്നിട്ടും തന്നെ ഒഴിവാക്കിയത് ബോധപൂർവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിൽ തന്റെ പേര് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമ ഭേദഗതിക്കെതിരെ കത്ത് നൽകി കേരളം. 18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

പോക്സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്ന കാര്യവും കത്തിൽ പറയുന്നുണ്ട്. സ്ത്രീകളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് കേന്ദ്ര വനിതാ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്. എന്നാൽ, ഇടതു മുന്നണിയിൽ കെ ബി ഗണേശ് കുമാർ ഉൾപ്പെടെയുള്ള ചിലർ വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നവരാണ്. വിഷയത്തിൽ അദ്ദേഹം പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ പല പെൺകുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നുവെന്ന വിമർശനവുമായാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസും ജർമനിയും അഭിപ്രായം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ പ്രതികരണം നടത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അനുരാഗ് ഠാക്കൂർ തുടങ്ങിയവരാണ് രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി എത്തിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് നന്ദിയെന്ന് കിരൺ റിജിജു പരിഹസിച്ചു. ഓർക്കുക, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിദേശ ശക്തികളെ ഉപയോഗിച്ച് സ്വാധീനിക്കാൻ കഴിയില്ല. ഇന്ത്യ ഒരിക്കലും ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടിൽ അംഗീകരിക്കില്ല. കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണെന്നും കിരൺ റിജിജു വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ രാജ്യത്തിനുള്ളിൽ ഒതുക്കി നിർത്തുന്നതിൽ വിശ്വസിക്കുന്നില്ല എന്നത് രാജ്യത്തിനു തന്നെ അപമാനമാണെന്ന് അനുരാഗ് ഠാക്കൂർ അറിയിച്ചു. അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടുന്നത്. പക്ഷേ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന നവഭാരതം ഇത്തരം വിദേശ ഇടപെടലുകൾ അംഗീകരിക്കില്ലെന്ന് അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടിയെന്ന വിമർശനം കോൺഗ്രസ് തള്ളി. ഇത്തരമൊരു ഇടപെടലിനായി രാഹുൽ നീക്കം നടത്തിയതിന്റെ തെളിവു പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.