തിരുവനന്തപുരം: കേരള സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ‘അറിവ്’, സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി നടന്ന വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി പി.രാജീവ് ലോഞ്ച് ചെയ്തു.
നമ്മുടെ വിജ്ഞാനം കയറ്റുമതി ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ കുമാരനാശാന്‍ സ്മാരകം ചെയര്‍മാന്‍ കവി മധുസൂദനന്‍ നായര്‍ പറഞ്ഞു. അറിവാണ് മനുഷ്യ മനസ്സിനെ മുന്നോട്ട് നയിക്കുന്നതെന്നും, ഭാവനയുടെ ഉന്മാദ സമാനമായ തലത്തിലിരുന്ന് എഴുതിയാല്‍ മാത്രമേ പുതിയ തലമുറയിലെ യുവാക്കളെ ആകര്‍ഷിക്കാനും ലക്ഷ്യപ്രാപ്തിയിലെത്താനും സാധിക്കൂ എന്നും സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
നമുക്കു ചുറ്റുമുള്ള വസ്തുക്കള്‍ എല്ലാം തന്നെ രാസ പദാര്‍ഥങ്ങളാല്‍ നിര്‍മിതമാണെന്നു ഡോ. കാന എം.സുരേശന്‍ പറഞ്ഞു. മനുഷ്യന്റെ രാസവസ്തുക്കളോടുള്ള ഭയം ചൂഷണം ചെയ്ത് പ്രകൃതിദത്തമെന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്നു. പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ഉണ്ടാക്കിയിരിക്കുന്നത് 90 മൂലകങ്ങള്‍ കൊണ്ടാണ്. പ്രകൃതിയില്‍ കാണുന്ന ഏതൊരു വസ്തുവിനും നിറവും മണവും സ്വാദും നല്‍കുന്നത് രാസവസ്തുക്കളാണ്. രാസ പദാര്‍ഥങ്ങളില്ലാതെ നമുക്ക് ജീവിതം അസാധ്യമാണ്. ഏതെങ്കിലും ഒരു വസ്തു കെമിക്കല്‍ ഇല്ലാതെ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മശ്രീ ജേതാവ് ചെറുവയല്‍ രാമന്റെ സന്ദേശവും ഹ്രസ്വ വിഡിയോയും പ്രദര്‍ശിപ്പിച്ചു. നാഞ്ചിയമ്മയും സംഘവും അവതരിപ്പിച്ച ഇരുള നൃത്തവും റിജോയുടെ ഹാസ്യപരിപാടിയും മിഴിവേകിയ കലാ സന്ധ്യയോടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

