കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ജനം ഐക്യം പ്രതീക്ഷിക്കുന്നു; പുതിയ വിവാദത്തിൽ പ്രതികരണവുമായി താരിഖ് അൻവർ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ജനം ഐക്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐക്യം പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമയക്കുറവ് കൊണ്ടാണ് വൈക്കത്തെ പരിപാടിയിൽ എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെ. മുരളിക്കൊപ്പം താനുണ്ടായിരുന്നുവെന്നും പരാതി തന്നോട് പറയാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെ മനപ്പൂർവം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞതാണ് കോൺഗ്രസിനുള്ളിൽ വീണ്ടും വിവാദം സൃഷ്ടിച്ചത്. വൈക്കം സത്യഗ്രഹ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെതിരെ കെ മുരളീധരൻ രംഗത്തെത്തിയത്. എഐസിസി പ്രസിഡൻറ് പങ്കെടുത്ത വേദിയിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും പ്രസംഗിക്കാൻ അവസരം നൽകി. എന്നിട്ടും തന്നെ ഒഴിവാക്കിയത് ബോധപൂർവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിൽ തന്റെ പേര് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.