18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല; വിവാഹ പ്രായത്തിലെ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ കത്ത്‌

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമ ഭേദഗതിക്കെതിരെ കത്ത് നൽകി കേരളം. 18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

പോക്സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്ന കാര്യവും കത്തിൽ പറയുന്നുണ്ട്. സ്ത്രീകളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് കേന്ദ്ര വനിതാ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്. എന്നാൽ, ഇടതു മുന്നണിയിൽ കെ ബി ഗണേശ് കുമാർ ഉൾപ്പെടെയുള്ള ചിലർ വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നവരാണ്. വിഷയത്തിൽ അദ്ദേഹം പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ പല പെൺകുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.