Highlights (Page 47)

അയോധ്യയില്‍ നിന്ന് ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാന്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യ, വൈഷ്ണോ ദേവി, പ്രയാഗ്രാജ്, വാരണസി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.

ഉത്തര്‍ ദര്‍ശന്‍ എന്ന പേരിട്ടിരിക്കുന്ന ഈ പാക്കേജിന് 20,850, 31,135 എന്നിങ്ങനെയാണ് നിരക്കുകള്‍. 11 പകലും 10 രാത്രിയുമാണ് യാത്ര നീണ്ടുനില്‍ക്കുക. മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെയായിരിക്കും യാത്ര. അസമിലെ ദിബ്രുഗഢില്‍ നിന്നാണ് ഈ ഭാരത് ഗൗരവ് ട്രെയിന്‍ പുറപ്പെടുക.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലുള്ളത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ റെയില്‍വേ 2021-ല്‍ ഭാരത് ഗൗരവ് എന്ന പദ്ധതി ആരംഭിച്ചത്.

ചെന്നൈ: ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര വ്യോമഗതാഗതമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കുകയും ചെയ്തു.

1,260 കോടി രൂപയാണ് ടെർമിനലിന്റെ നിർമ്മാണ ചെലവ്. നിലവിൽ നിർമാണത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ പാസഞ്ചർ കപ്പാസിറ്റി 3.5 കോടിയായി ഉയരും. ടെർമിനലിന്റെ നവീകരണം പിന്നീട് പൂർത്തിയാക്കും. മൊത്തം മുതൽമുടക്ക് 2,437 കോടി രൂപയാണ്.

2,20,972 ചതുരശ്ര മീറ്ററാണ് ടെർമിനലിന്റെ വിസ്തീർണ്ണം. 100 ചെക്ക്-ഇൻ കൗണ്ടറുകൾ, 17 ലിഫ്റ്റുകൾ, 17 എസ്‌കലേറ്ററുകൾ, ആറ് ബാഗേജ് റിക്ലെയിം ബെൽറ്റുകൾ എന്നിവയാണ് ടെർമിനലിലുള്ളത്.

അതേസമയം, ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുതൽക്കൂട്ടാണ് പുതിയ ടെർമിനലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വടകര: പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ തീവണ്ടി വഴി കടത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി റെയിൽവേ. തീവണ്ടിവഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്തരുതെന്നും ഇത്തത്തിൽ പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്നുമാണ് ആർ പി എഫ് നൽകുന്ന മുന്നറിയിപ്പ്. മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് തീവണ്ടി വഴി പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ കടത്തുന്നത്.

വിഷയത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് ആർപിഎഫ്. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. വിഷുക്കാലത്ത് കുടുംബങ്ങൾ ഉൾപ്പെടെ ഹ്രസ്വദൂരയാത്രയിൽ പടക്കങ്ങളും മത്താപ്പൂ ഉൾപ്പെടെയുള്ളവയും വാങ്ങി തീവണ്ടിയിൽ യാത്രചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണം നൽകുന്നത്.

കോഴിക്കോട് ട്രെയിൻ ആക്രമണ കേസിന്റെ കൂടി പശ്ചാത്തലത്തിലാണ് പടക്കക്കടത്ത് പൂർണമായും തടയാൻ ആർപിഎഫ് തീരുമാനിച്ചതെന്നാമ് വിവരം. റെയിൽവേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കൾ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്. ചെറിയ അളവിൽ മാത്രം പടക്കങ്ങളുമായി യാത്ര ചെയ്താലും നിയമ നടപടി നേരിടേണ്ടി വരും. കോയമ്പത്തൂർ, തിരുപ്പൂർ ഭാഗങ്ങളിൽനിന്നൊക്കെ പടക്കങ്ങൾ വിലക്കുറവിൽ കിട്ടുന്നതിനാൽ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പാലക്കാട്: മുതലമട പഞ്ചായത്തിൽ ചൊവ്വാഴ്ച ഹർത്താൽ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുക.

വിഷയത്തിൽ ജനങ്ങളുടെ ആശങ്ക വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎൽഎയും, മുതലമട പഞ്ചായത്ത് ഭരണസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സർവകക്ഷി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യം. അരിക്കൊമ്പനെ കോടനാട് ഉൾപ്പെടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദേശമാണ് വരുന്നത്. എന്നാൽ കോടതിയുടെ ഉത്തരവ് വ്യത്യസ്തമാണ്. പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ ചോദിച്ചറിയണമെന്നും അതിനനുസരിച്ച് ടിഡിഎസ് കുറയ്ക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നികുതിദായകര്‍ക്ക് പഴയ നികുതി വ്യവസ്ഥയും തിരഞ്ഞടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്, അത് ഇളവുകളും ല്‍കുന്നുണ്ട്. കുറഞ്ഞ നികുതി നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുകയും ചെയ്യാം, എന്നാല്‍ ഇതില്‍ ഇളവുകളൊന്നുമില്ല.

തൊഴിലുടമകള്‍ കുറക്കേണ്ട ടിഡിഎസിനെ കുറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. ‘ഒരു തൊഴിലുടമ എന്ന നിലയില്‍, തങ്ങളുടെ ഓരോ ജീവനക്കാരനില്‍ നിന്ന് അവര്‍ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ കുറിച്ച് വിവരങ്ങള്‍ തേടണം. ഓരോ ജീവനക്കാരനും, ഓരോ വര്‍ഷവും തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെപ്പറ്റി തൊഴിലുടമയെ അറിയിക്കുകയും വിവരങ്ങള്‍ തേടുകയും അവരുടെ മൊത്തം വരുമാനം കണക്കാക്കുകയും തിരഞ്ഞെടുത്ത ഓഫ്ഷനനുസരിച്ച് ടിഡിഎസ് കുറക്കുകയും ചെയ്യണം’- സിബിഡിടി വ്യക്തമാക്കി.

അതേസമയം, 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കുകയും അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 3 മുതല്‍ 6 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനവും, 6-9 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവും 9-12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15 ശതമാനവും, 12-15 ലക്ഷം രൂപയ്ക്ക് 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും നികുതി ചുമത്തും.

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ (സ്ഥിരവിവരകണക്ക്) കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. 53ല്‍ 46 വോട്ട് നേടിയാണ് ഇന്ത്യ അംഗത്വം എടുത്തത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിവരം പുറത്തുവിട്ടത്. ഇതിനു പിന്നില്‍ പരിശ്രമിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന ഇന്ത്യയുടെ അംഗത്വ കാലാവധി നാലുവര്‍ഷമാണ്. അതേസമയം, റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകള്‍ക്കു വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.

രാജ്യാന്തര സ്ഥിരവിവര കണക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സംഘടനയായ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ആണ് 24 അംഗ യുഎന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനെ തിരഞ്ഞെടുക്കുന്നത്.

ന്യൂഡൽഹി: 651 അവശ്യ മരുന്നുകളുടെ വില കുറഞ്ഞു. ശരാശരി 6.73 ശതമാനം വരെയാണ് മരുന്നുകളുടെ വില കുറഞ്ഞത്. ഷെഡ്യൂൾ ചെയ്ത മിക്ക മരുന്നുകളുടെയും പരിധി സർക്കാർ നിശ്ചയിച്ചതോടെയാണ് നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ് (എൻഎൽഇഎം) പുറത്തു വിട്ട പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള 870 ഷെഡ്യൂൾഡ് മരുന്നുകളിൽ 651 മരുന്നുകളുടെ വിലയിലെ പരിധിയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. അവശ്യ വസ്തുക്കളുടെ വില 16.62 ശതമാനം കുറഞ്ഞു. ഒരു ശതമാനത്തിലധികം വിൽപ്പനയുള്ള പ്രത്യേക ചികിത്സ വിഭാഗത്തിലെ എല്ലാ മരുന്നുകളുടെയും ലളിതമായ ശരാശരിയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വില സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഡബ്ല്യൂപിഐ അടിസ്ഥാനമാക്കിയാണ് പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകളുടെ വാർഷിക വില വർദ്ധനവ് കണക്കാക്കുന്നത്.

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിനെതിരെ രംഗത്തെത്തിയവർക്ക് മറുപടിയുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസന പ്രവർത്തനങ്ങൾ തടയുന്നത് വരാനിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എഐയുടെ വികാസത്തെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിലാണ് ശ്രദ്ധ പുലർത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓപ്പൺ എഐ വികസിപ്പിച്ച ജിപിടി-4നേക്കാൾ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

നിരവധി നേട്ടങ്ങൾ എഐ സംവിധാനങ്ങൾകൊണ്ട് ഉണ്ട്. ഇതിൽ പ്രശ്‌നകരമായ മേഖലകൾ തിരിച്ചറിയുകയാണ് നമ്മൾ ചെയ്യേണ്ടത്. ഇന്റർനെറ്റിനേയും മൊബൈൽ ഫോണിനെയും പോലെ വിപ്ലവകരമായ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയതിലും അറസ്റ്റ് ചെയ്തതിലും മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും മന്ത്രി നന്ദിയറിയിച്ചതായി എ.എന്‍.ഐ ട്വീറ്റ് ചെയ്തു.

അതേസമയം, രത്നഗിരിയിലെ ഒരു ആശുപത്രിയില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രതിയെ പിടികൂടുന്നത്. സംഭവ സമയത്ത് പ്രതി അവിടെ പൊള്ളലേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫോട്ടോ, ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളനുസരിച്ചാണ് പ്രതിയിലേക്കെത്തിയത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര എ.ടി.എസ്. ഇയാളെ പിടികൂടിയത്. പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.