Highlights (Page 42)

കൊച്ചി: എ ഐ ക്യാമറ പദ്ധതിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എഐ പദ്ധതിയുടെ ടെൻഡർ ലഭിക്കാത്തതിൽ പലർക്കും അസ്വസ്ഥതയുണ്ടെന്നും ഇക്കൂട്ടരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡറിൽ പങ്കെടുക്കാനാകാത്തതിൽ സർക്കാരിനെ കുറ്റംപറയേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണ്. എംപിമാർക്കുപോലും സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സംഘംചേർന്ന് പോരാടേണ്ട കാലമായി. ‘ദി കേരളാ സ്റ്റോറി’ എ്‌ന സിനിമയ്ക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചു. വെറുപ്പും വിദ്വേഷവും നിറയ്ക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. അവരുടെ സുരക്ഷ ഉറപ്പാക്കും. ഡോ. വന്ദന ദാസിന്റെ കൊലപാതകം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടൻ: ശാസ്ത്ര രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ബ്രിട്ടണിലെ ഗവേഷകർ. മാതാപിതാക്കളുടേതിന് പുറമേ മൂന്നാമതൊരാളുടെ കൂടി ഡിഎൻഎ സംയോജിപ്പിച്ചുള്ള സാങ്കേതികവിദ്യ വഴി മനുഷ്യകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ബ്രിട്ടണിലെ ശാസ്ത്രജ്ഞരാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഐവിഎഫ് ചികിത്സാ രീതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന തരം പരീക്ഷണമാണ് സാധ്യമായത്.

മാതാവിൽ നിന്നും കുഞ്ഞിന് ലഭിച്ചേക്കാവുന്ന മൈറ്റോകോൺഡ്രിയൽ രോഗങ്ങളെ തടയുകയാണ് ഈ പരീക്ഷണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കുഞ്ഞിന് 99.8 ശതമാനം ഡിഎൻഎയും മാതാപിതാക്കളുടേതാണ്. 0.1 ശതമാനം ഡിഎൻഎ മൂന്നാമതൊരാളുടേതാണെന്നും ഗവേഷകർ പറയുന്നു. ആ ദാതാവ് ഒരു വനിതയാണെന്ന കാര്യവും ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ച് അധികൃതർ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ചികിത്സാരീതി (എംഡിടി)യിൽ പരീക്ഷണത്തിന് 2015ൽ ബ്രിട്ടീഷ് പാർലമെന്റ് നിയമം മാറ്റിയശേഷമാണ് ന്യൂകാസിൽ ഫെർടിലിറ്റി സെന്ററിൽ ഈ പരീക്ഷണം നടത്തിയത്.

മൈറ്റോകോൺഡ്രിയൽ രോഗാവസ്ഥയുള്ളവർക്ക് അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗാവസ്ഥ പകരാത്ത തരത്തിൽ നടത്തുന്ന ചികിത്സാ രീതിയാണ് മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ചികിത്സ. കോശത്തിന്റെ ഊർജവിതരണത്തിന് സഹായിക്കുന്നത് മൈറ്റോകോൺഡ്രിയ ആയതിനാൽ ഈ ചികിത്സാ രീതി വളരെയധികം ഫലപ്രദമാണ്.

ലക്‌നൗ: സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി അയോദ്ധ്യയെ മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. സോളാർ സിറ്റി യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പൈതൃക സ്ഥലങ്ങൾ, 80-ലധികം സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ, പൊതുഗതാഗതത്തിന്റെ ഒരു വിഭാഗം, ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, വെൻഡിംഗ് സോണുകളിലെ കടകൾ, സരയൂ നദിയിലെ ബോട്ടുകൾ തുടങ്ങിയവ സൗരോർജ്ജത്താൽ പ്രകാശിപ്പിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

പരിക്രമ മർഗിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സൗരോർജ്ജത്താലാകും പ്രകാശിക്കുക. അയോദ്ധ്യ നഗരത്തെ പൂർണമായും സൗരോർജ്ജവത്കരിക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയോദ്ധ്യയുടെ മണ്ണിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വിവിധ ഇടങ്ങളിൽ ‘ സോളാർ മരങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലാകും സോളാർ മരങ്ങൾ സ്ഥാപിക്കുക. ഇരിക്കാനുള്ള സൗകര്യവും മൊബൈലുകൾക്കും ലാപ്ടോപ്പുകൾക്കും ചാർജിംഗ് പോയിന്റുകളും ഇവിടങ്ങളിൽ ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത.

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമങ്ങളോടൊപ്പമല്ലെന്ന് അറിയിച്ച് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയാണെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റയ്ക്ക് നിൽക്കുക എന്നത് എപ്പോഴും തങ്ങളുടെ തത്വമാണ്. തങ്ങളുടെ സമദൂര സിദ്ധാന്തം തുടരുമെന്ന സൂചന നൽകിയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പ്രതിപക്ഷത്തോടൊപ്പമുള്ള മൂന്നാം മുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തിന് ‘ഇല്ല, തന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ലെന്നാണ് അദ്ദേഹം നൽകിയ മറുപടി.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ സർക്കാർ ആവശ്യമായ ഭേഗദതി വരുത്തും. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കണം. കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കണം. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രകളിലും ഓരോ ആറു മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇതു നിർവഹിക്കണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം.

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ജയ്പൂര്‍: ട്വിറ്ററില്‍ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് കുറിച്ച ശേഷം ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പദയാത്ര.

സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് സച്ചിന്‍ അജ് മീര്‍ നിന്ന് ജയ്പൂര്‍ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര യാത്ര തുടങ്ങിയത്. ഇത് ബി ജെ പി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.എന്നാല്‍, യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സച്ചിന്‍ പൈലറ്റിന്റേത്.

അതേസമയം, സച്ചിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് നേതൃത്വം സൂചന നല്‍കിയതിനിടയിലാണ് നാളെ യോഗം ചേരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ റിപ്പോര്‍ട്ട് നാളെ ചേരുന്ന യോഗം പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതിലും ഹൈക്കമാന്‍ഡില്‍ രണ്ടഭിപ്രായമുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്ത് പോകില്ലെന്ന് സച്ചിന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി. ഡിജിസിഎയാണ് ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി നൽകിയത്. അസാപ് കേരളയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് പാസ്സായവർക്ക് കോഴ്‌സ് പഠിക്കാനുള്ള അവസരമുണ്ട്.

കാസർകോട് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം. 96 മണിക്കൂർ ദൈർഘ്യമുള്ള പൈലറ്റിങ് കോഴ്‌സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിൽ ഉൾപ്പെടും. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ വരും വർഷങ്ങളിൽ 80,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് ഡ്രോണുകൾ പറപ്പിക്കാനുള്ള അവസരം ലഭിക്കും. ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണ്. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോഴ്‌സ് ചെയ്യാം. കോഴ്സിൽ ചേരുന്നവർക്ക് പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കോഴ്‌സ് ഫീസ് 42,952 രൂപ.

ന്യൂഡൽഹി: കർണാടകയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാദി കാ അമൃത് കാലിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനാണ് നാം ആഗ്രഹിക്കുന്നത്. കർണാടക ഈ സ്വപ്നത്തെ യഥാർത്ഥ്യമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിലെ ഓരോ പൗരന്റേയും സ്വപ്നമാണ് എന്റെ സ്വപ്നം. കർണാടകയെ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാക്കാൻ മെയ് പത്തിന് എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം. കർണാടകയിൽ അടിസ്ഥാനസൗകര്യവികസനവും ഗതാഗതമേഖലയിൽ ആധുനികവത്കരണവും നടപ്പാക്കുമെന്നും ഗ്രാമീണ-നാഗരികമേഖലകളിൽ ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വനിതകൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ബിജെപി സർക്കാർ അടുത്ത തലമുറയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. ഗതാഗതസംവിധാനങ്ങൾ ആധുനികവത്കരിക്കുക , ജീവിതനിലവാരം മെച്ചപ്പെടുത്തുക, സ്ത്രീകൾക്കും യുവാക്കൾക്കും അവസരങ്ങൾ സൃഷ്ടിക്കുകയെന്നതും ബിജെപിയുടെ ലക്ഷ്യമാണ്. എല്ലാ പൗരന്മാരും സ്വപ്നം കാണുന്ന അതേ കർണാടകയെ തന്നെയാണ് താനും സ്വപ്നം കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ അടുത്ത ലക്ഷ്യമെന്നത് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്തുക എന്നതാണ്. അത് സാധ്യമാകണമെങ്കിൽ ലക്ഷം കോടി രൂപ മതിപ്പുള്ള സമ്പദ് ഘടനയായി കർണാടകയുടെ ത്വരിതഗതിയിലുള്ള വികസനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്കവേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്രയെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ടെന്നും സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാർ ബോട്ടിൽ ഉണ്ടായാൽ അത് പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എഞ്ചിനിയർമാരുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. അതേസമയം, താനൂർ ബോട്ട് അപകടത്തിൽ 22 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മലപ്പുറം: താനൂരില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം, മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി യോഗം ചേര്‍ന്നു.

22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. അതില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.