Highlights (Page 43)

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എഐ ക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്റെ ചുമതല നല്‍കി. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളിനെയും നിയമിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെ നികുതി എക്‌സൈസ് വകുപ്പിലേക്ക് മാറ്റി. റാണി ജോര്‍ജിനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു.

മറ്റ് ചുമതലകള്‍ ഇങ്ങനെ

*ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്റെ ചുമതല നല്‍കി. ഔദ്യോഗിക ഭാഷയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്.

*തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല നല്‍കി

*സഹകരണ വകുപ്പിന്റെ ചമുതലയുണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെ അധിക ചുമതല നല്‍കി

*ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നല്‍കി.

*തൊഴില്‍ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അജിത്കുമാറിന് കയര്‍, കൈത്തറി, കശുവണ്ടി വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കി

*കാസര്‍കോട് കളക്ടറായിരുന്ന ഭണ്ടാരി സ്വാഗത് രവീര്‍ചന്ദിനെ ജല അതോറിറ്റിയുടെ എംഡിയാക്കി

*കാസര്‍കോട് കളക്ടറായി ഇനഭാസ്‌കറിനെ നിയമിച്ചു

*പ്രവേശന പരീക്ഷ കമ്മീഷണറായി അരുണ്‍ കെ വിജയനെ നിയോഗിച്ചു

*രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിയായി കണ്ണൂര്‍ ജില്ല വികസന കമ്മീഷണര്‍ മേഘശ്രീയെ നിയമിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ 5 വര്‍ഷത്തിനിടെ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ റിപ്പോര്‍ട്ട്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ആകെ 41,621 പേരെ കാണാതായി. 201920 ല്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു.

അതേസമയം, ഈ കാണാതായവരില്‍ പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ‘കാണാതായ പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിശോധിക്കുന്നില്ല. കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെതന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നത്. പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുന്‍ എഡിജിപിയായിരുന്ന ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. ”കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തെത്തിച്ച് വില്‍ക്കുകയാണെന്ന് എന്റെ കാലത്ത് കണ്ടെത്തിയിരുന്നു. ഒരിക്കല്‍ ഖേഡ ജില്ലയിലെ എസ്പിയായിരുന്നപ്പോള്‍ അവിടെ ജോലി ചെയ്യാനെത്തിയ ഒരു ഉത്തര്‍പ്രദേശുകാരന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ സ്വന്തം നാട്ടിലേക്കു വിറ്റു. അവിടെ പാടത്ത് പണിയെടുത്തിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്റെ അന്വേഷണത്തിനു കഴിഞ്ഞു. എന്നാല്‍ എല്ലായ്‌പ്പോഴും ഇതു നടക്കണമെന്നില്ല’- അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ ഗുജറാത്തില്‍ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ കുറ്റപ്പെടുത്തി.

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരണപ്പെട്ടത് 54 പേരെന്ന് റിപ്പോർട്ട്. ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്‌റു മെഡിക്കൽ സയൻസ് ആശുപത്രികളിലാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സംഘർഷ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, പതിമൂവായിരം പേരെയാണ് സൈന്യം മണിപ്പൂരിലെ കലാപ മേഖലകളിൽ നിന്ന് ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇവരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരാചദ്പൂർ, കെപിഐ, മോറെ, കച്ചിംഗ് പ്രദേശങ്ങളിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം നടന്നത്.

ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയാണ് മണിപ്പൂരിൽ പ്രതിഷേധം ആരംഭിച്ചത്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തില്‍ താരസംഘടനയായ ‘അമ്മ’യില്‍നിന്നടക്കം വിവരങ്ങള്‍ തേടാനൊരുങ്ങി എക്‌സൈസ്.

ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്.

അതേസമയം, ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തു നിന്ന് മാറ്റിനിര്‍ത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.

വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ രാജ്യത്ത് തടയുന്നതിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.

ഒരു തിരിച്ചറിയല്‍ രേഖയില്‍ നല്‍കുന്ന സിം കാര്‍ഡുകളുടെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍, ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ വരെയാണ് സ്വന്തം പേരില്‍ ഉപയോഗിക്കാന്‍ സാധിക്കുക. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, ഒരു തിരിച്ചറിയല്‍ രേഖയില്‍ നാല് സിം കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

ഏറ്റവും പുതിയ ടെലികോം പരിഷ്‌കാരങ്ങള്‍ അനുസരിച്ച്, സിം കാര്‍ഡുകള്‍ നല്‍കാന്‍ രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കേണ്ടതാണ്. കെവൈസി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാതെ സിം കാര്‍ഡുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുന്നതാണ്. ഇതിനോടൊപ്പം തന്നെ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്. നിലവില്‍, ജമ്മു കാശ്മീര്‍, മറ്റ് വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് പരമാവധി 6 സിം കാര്‍ഡുകള്‍ വരെയാണ് കൈവശം വയ്ക്കാന്‍ സാധിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ 9 എണ്ണം വരെ ഉപയോഗിക്കാനാകും.

കൊച്ചി: കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും കോഴിക്കോടും വിവിധ സംഘടനകള്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതിനാല്‍, കനത്ത പൊലീസ് കാവലോടെയാണ് സംസ്ഥാനത്തെ 30 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.

അതേസമയം, ‘ദി കേരളാ സ്റ്റോറി’ വളരെ നല്ല ചിത്രമാണെന്നും ഇതില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്നുമാണ്് കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ‘നമ്മുടെ നാട്ടില്‍ നിന്ന് ഒരുപാട് കുട്ടികളെ കാണാതാകുന്നുണ്ട്. അവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. വളരെ നല്ല ചിത്രമാണ്, കുട്ടികളുമായി വന്ന് കാണണം’- ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.

അതിനിടെ, തലശേരി ഡൗണ്‍ടൗണ്‍ ഹാളിലെ കാര്‍ണിവല്‍ തിയേറ്ററില്‍ സിനിമ പദര്‍ശിപ്പിക്കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെ ബിജെപി പ്രതിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഈ ഒരു തിയേറ്ററില്‍ മാത്രമാണ് പ്രദര്‍ശനമുണ്ടായിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എത്തിയപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇടപെട്ടാണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

തിയേറ്ററുകളില്‍ നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഫിയോക്. അല്ലാത്തപക്ഷം ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ വാടക തരണം എന്നുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇങ്ങനെയൊരു തീരുമാനം തിയേറ്ററുകള്‍ വലിയ നഷ്ടത്തിലാണ് എന്നതിനാലാണെന്നും ഫിയോക് പ്രസിഡന്റ് എം വിജയകുമാര്‍ പറഞ്ഞു. ഒരു ദിവസം ഒരുപടി സിനിമകള്‍ റിലീസ് ചെയ്യുന്നതിനാല്‍ ഒന്നിലും വിജയിക്കാന്‍ കഴിയുന്നില്ല കൂടാതെ ഒരു തിയേറ്ററില്‍ എത്തുന്ന സിനിമകളില്‍ ഏതൊക്കെ ജയിക്കും ഏതൊക്കെ തോല്‍ക്കും എന്നത് ഇത്രയും നാളത്തെ അനുഭവം വച്ച് തിയേറ്റര്‍ നടത്തുന്നവര്‍ക്ക് അറിയാം. ഇനി തിയേറ്ററില്‍ ഞങ്ങളുടെ കണക്കുകൂട്ടലില്‍ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ആലോചിക്കുന്നതെന്നും ഫിയോക് പ്രസിഡന്റ് എം വിജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ പടം ഓടിക്കുന്നത് അത്രത്തോളം നഷ്ടം സഹിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ അതത് അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

അതേസമയം, സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നുണ്ട്. ഇത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്നാണ് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുതാല്‍പര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബിപിഎല്‍ ലിസ്റ്റില്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് ദാനമായോ വിലക്കോ വാങ്ങി നല്‍കുന്ന 10 സെന്റ് വരെയുള്ള ഭൂമിക്ക് ഇളവുണ്ടാകും.

ഇളവുകള്‍ ഇങ്ങനെ

1-ഭൂരഹിതരായ ബി.പി.എല്‍ കാറ്റഗറിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ‘കുടുംബം’ എന്ന നിര്‍വ്വചനത്തില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള ആള്‍ക്കാര്‍ ദാനമായോ വിലയ്ക്ക് വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

2-ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ച് വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നല്‍കുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

3-അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്‌സ് ബാധിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും.

തിരൂർ: തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഭാഗങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് പതിവാണ്. ഇതിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്.

ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മേഖലയിൽ ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നതിനാൽ താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു. എന്നാൽ, വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത് ഇത്തരത്തിൽ നിസാരമായി കാണാൻ കഴിയില്ലെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ട്രെയിനിന് നേരെ ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്നത് താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ്. രാത്രിയും പകലുമെല്ലാം ഇവിടങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്. ഇതിനെതിരെ ഉടൻ ശക്തമായ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.