കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനം; അനുമതി നൽകി ഡിജിസിഎ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി. ഡിജിസിഎയാണ് ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി നൽകിയത്. അസാപ് കേരളയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് പാസ്സായവർക്ക് കോഴ്‌സ് പഠിക്കാനുള്ള അവസരമുണ്ട്.

കാസർകോട് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം. 96 മണിക്കൂർ ദൈർഘ്യമുള്ള പൈലറ്റിങ് കോഴ്‌സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിൽ ഉൾപ്പെടും. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ വരും വർഷങ്ങളിൽ 80,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് ഡ്രോണുകൾ പറപ്പിക്കാനുള്ള അവസരം ലഭിക്കും. ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണ്. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോഴ്‌സ് ചെയ്യാം. കോഴ്സിൽ ചേരുന്നവർക്ക് പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കോഴ്‌സ് ഫീസ് 42,952 രൂപ.