ലണ്ടൻ: ശാസ്ത്ര രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ബ്രിട്ടണിലെ ഗവേഷകർ. മാതാപിതാക്കളുടേതിന് പുറമേ മൂന്നാമതൊരാളുടെ കൂടി ഡിഎൻഎ സംയോജിപ്പിച്ചുള്ള സാങ്കേതികവിദ്യ വഴി മനുഷ്യകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ബ്രിട്ടണിലെ ശാസ്ത്രജ്ഞരാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഐവിഎഫ് ചികിത്സാ രീതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന തരം പരീക്ഷണമാണ് സാധ്യമായത്.
മാതാവിൽ നിന്നും കുഞ്ഞിന് ലഭിച്ചേക്കാവുന്ന മൈറ്റോകോൺഡ്രിയൽ രോഗങ്ങളെ തടയുകയാണ് ഈ പരീക്ഷണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കുഞ്ഞിന് 99.8 ശതമാനം ഡിഎൻഎയും മാതാപിതാക്കളുടേതാണ്. 0.1 ശതമാനം ഡിഎൻഎ മൂന്നാമതൊരാളുടേതാണെന്നും ഗവേഷകർ പറയുന്നു. ആ ദാതാവ് ഒരു വനിതയാണെന്ന കാര്യവും ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ച് അധികൃതർ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ചികിത്സാരീതി (എംഡിടി)യിൽ പരീക്ഷണത്തിന് 2015ൽ ബ്രിട്ടീഷ് പാർലമെന്റ് നിയമം മാറ്റിയശേഷമാണ് ന്യൂകാസിൽ ഫെർടിലിറ്റി സെന്ററിൽ ഈ പരീക്ഷണം നടത്തിയത്.
മൈറ്റോകോൺഡ്രിയൽ രോഗാവസ്ഥയുള്ളവർക്ക് അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗാവസ്ഥ പകരാത്ത തരത്തിൽ നടത്തുന്ന ചികിത്സാ രീതിയാണ് മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ചികിത്സ. കോശത്തിന്റെ ഊർജവിതരണത്തിന് സഹായിക്കുന്നത് മൈറ്റോകോൺഡ്രിയ ആയതിനാൽ ഈ ചികിത്സാ രീതി വളരെയധികം ഫലപ്രദമാണ്.

