കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്കവേണ്ട; എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്രയെന്ന് ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്കവേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്രയെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ടെന്നും സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാർ ബോട്ടിൽ ഉണ്ടായാൽ അത് പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എഞ്ചിനിയർമാരുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. അതേസമയം, താനൂർ ബോട്ട് അപകടത്തിൽ 22 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.