Highlights (Page 41)

ലഹോർ: ഐസിസിയുടെ പുതിയ സാമ്പത്തിക ക്രമീകരണത്തിലുള്ള എതിർപ്പ് വ്യക്തമാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. വരുമാനം പങ്കിടുമ്പോൾ ബിസിസിഐക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്നതിലാണ് പാകിസ്ഥാൻ എതിർപ്പ് പരസ്യമാക്കിയത്.

ക്രിക്കറ്റിലെ പ്രകടനത്തിനൊപ്പം ബോർഡുകളുടെ പരസ്യ വരുമാനവും ഐസിസി പരിഗണിക്കും. നടപടിയിൽ സുതാര്യത വേണമെന്ന ആവശ്യമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി ഉന്നയിച്ചത്.

ഇത്തവണ സംപ്രേഷണവകാശം വിറ്റത് അഞ്ച് മേഖലകളെ വ്യത്യസ്തമായി തിരിച്ചാണ്. 3 ബില്യൺ ഡോളറിനാണ് ഡിസ്നി ഹോട് സ്റ്റാർ അടുത്ത നാലു വർഷത്തേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണവകാശം നേടിയത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ സംപ്രേഷണവകാശവും സ്റ്റാർ സ്പോർട്സ് ആണ് സ്വന്തമാക്കിയത്. ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമന്റുകളുടെ സംപ്രേഷണാവകാശം വിൽക്കുന്നതിലൂടെയാണ് ഐസിസി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. 3.2 ബില്യൺ ഡോളറിനായിരുന്നു അടുത്ത നാലു വർഷത്തേക്കുള്ള ഐസിസി ടൂർണമെന്റുകളുടെ സംപ്രേഷണവകാശം വിറ്റുപോയത്.

തിരുവനന്തപുരം: 2025-ഓടെ കേരളത്തിൽ അതിദരിദ്ര വിഭാഗം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമാക്കുകകയാണ് ലക്ഷ്യം. ഇതിനായി നമ്മുടെ നാടും ജനങ്ങളും ഐക്യത്തോടെ നിൽക്കണം. സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളിൽ കേരളം ഏറ്റെടുക്കാൻ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത് എന്നാണു ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ നൽകിയ വീടുകളുടെ എണ്ണം 3.70 ലക്ഷമായി. ഇതിനർഥം കേരളത്തിലെ 3 ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുകയാണ്. നേരത്തെ ഇത് സ്വപ്നം കാണാൻ കഴിയാത്തതാണ്. ഇത് അവരിൽ വലിയ ഊർജം പകരുന്നു. ഇത് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് വഴി വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയില്‍ എത്തിയ ശേഷം തുടര്‍ ചികിത്സയും നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ആരുടേയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെപ്പറ്റി എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, വായുവില്‍ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങള്‍ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാര്‍ക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂര്‍വമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി.

കെഎസ്ഇബി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നത് അഞ്ച് വർഷത്തേക്കുള്ള താരിഫ് വർദ്ധനയ്ക്കാണ്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിർദ്ദേശങ്ങൾ റെഗുലേറ്ററി കമ്മീഷൻ പരിഗണിച്ചിട്ടുണ്ട്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വർദ്ധനക്ക് കളമൊരുങ്ങുന്നത്.

പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത് ഏപ്രിൽ ഒന്നിനായിരുന്നു. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില ഉയരാം. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്

  • പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
  • വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സു:മനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസർക്കാർ ദുരന്തങ്ങൾ വരുമ്പോൾ കേരളത്തെ സഹായിക്കേണ്ടവരാണ്. എന്നാൽ കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നോക്കുന്നത് എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ്. പാലക്കാട് എൽഡിഎഫ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ല. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ചില വിഭാഗങ്ങൾക്ക് നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക് വഴി നേരിട്ട് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന് കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്. ഇത് ചേർത്താണ് സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന് കുടിശികയായി നൽകാനുണ്ട്. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന് തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുമോ. ഭാവിയിൽ ഇത് ഇല്ലാതാകുമോയെന്ന് ആശങ്കയുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: രാജ്യത്തെ റോസ്ഗര്‍ മേള പദ്ധതിയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനസര്‍ക്കാരിന്റെയും വിവിധ വകുപ്പുകളിലേക്കാണ് നിയമനം.

നിയമന ഉത്തരവ് നല്‍കുന്നതിനൊപ്പം ഇവരെ വെര്‍ച്വലായി പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. രാജ്യത്തെ 45 സ്ഥലങ്ങളിലായിട്ടാണ് റോസ്ഗാര്‍ മേള സംഘടിപ്പിക്കുന്നത്. ഗ്രാമീണ്‍ ഡാക് സേവക്, ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സബ് ഡിവിഷണല്‍ ഓഫീസര്‍, ടാക്സ് അസിസ്റ്റന്റ് മുതലായ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ നിയമിച്ചത്.

കേന്ദ്രസര്‍ക്കാരിലുള്‍പ്പടെയുള്ള ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന്റെ ഭാഗമായാണ് റോസ്ഗര്‍ മേള പദ്ധതിയാരംഭിച്ചത്.

മേഘമല: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടിലെ മേഘമലയില്‍ തുടരുന്ന അരിക്കൊമ്പന്‍ മണലാര്‍ എസ്റ്റേറ്റിനടുത്ത റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടു കൂടിയാണ് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ അരിക്കൊമ്പന്‍ അരി തേടിയെത്തിയത്. തുടര്‍ന്ന് റേഷന്‍ കടയുടെ വാതില്‍ തുള്ളിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അരി എടുക്കുകയോ മറ്റു നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ലെന്നും അല്പനേരത്തിനു ശേഷം ആന മടങ്ങിപ്പോയെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പിന്റെ കൈവശമുണ്ട്.

അതേസമയം, തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അവിടെനിന്ന് മാറി പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപമുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് അരിക്കൊമ്പന്‍ എത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത ഹെറിറ്റേജജ് വാക് വേ പദ്ധതിയ്ക്ക് വകുപ്പ് അനുമതി നല്‍കി. പദ്ധതിക്കായി വിനോദ സഞ്ചാര വകുപ്പ് 60.18 ലക്ഷം രൂപ അനുവദിച്ചു.

ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആ പ്രദേശം ഉള്‍പ്പെടുന്ന ഭാഗത്തെ പ്രധാന ദൃശ്യങ്ങള്‍ നേരില്‍ കാണുന്നതുപോലെ തന്നെ ദൃശ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള 15 വീഡിയോകളാണ് ഉണ്ടാകുക. വീഡിയോ തയാറാക്കുന്നതിനായി 45 ലക്ഷം രൂപ ചെലവാകുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. പഠനം, ഗവേഷണം, ഇന്റര്‍ഫെയ്ഡ് ഡിസൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കല്‍ എന്നിവയ്ക്കായി ആറ് ലക്ഷം രൂപയും, ജിഎസ്ടി ഉള്‍പ്പെടെ മൊത്തം 60.18 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്. ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം, പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അല്‍പ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവുള്ള ദൃശ്യങ്ങള്‍ 360 ഡിഗ്രിയില്‍ കാണാനാവും.

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിജെപി പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംകാലങ്ങളിൽ കൂടുതൽ ഊർജ്വസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്ത് എത്തിയെങ്കിലും ഇത്തവണ ഭരണം നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല.