കൊച്ചി: എ ഐ ക്യാമറ പദ്ധതിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എഐ പദ്ധതിയുടെ ടെൻഡർ ലഭിക്കാത്തതിൽ പലർക്കും അസ്വസ്ഥതയുണ്ടെന്നും ഇക്കൂട്ടരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡറിൽ പങ്കെടുക്കാനാകാത്തതിൽ സർക്കാരിനെ കുറ്റംപറയേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണ്. എംപിമാർക്കുപോലും സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സംഘംചേർന്ന് പോരാടേണ്ട കാലമായി. ‘ദി കേരളാ സ്റ്റോറി’ എ്‌ന സിനിമയ്ക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചു. വെറുപ്പും വിദ്വേഷവും നിറയ്ക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. അവരുടെ സുരക്ഷ ഉറപ്പാക്കും. ഡോ. വന്ദന ദാസിന്റെ കൊലപാതകം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

