Highlights (Page 35)

ഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗര്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ യുവാക്കള്‍ ഉദ്യോസ്ഥരായി നിയമിക്കപ്പെടുന്നത്. ഇത് വളരെ നിര്‍ണായക കാലഘട്ടമാണ്. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ യുവാക്കളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ചു. ‘റോസ്ഗര്‍ മേള’ എന്നത് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. ഇന്ന് ഇന്ത്യയ്ക്ക് സ്ഥിരതയാര്‍ന്ന ഒരു സര്‍ക്കാരും രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയം അഴിമതി രഹിത രാഷ്ട്രീയമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ ക്രമക്കേട് നടത്തുകയും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു മുന്‍ സര്‍ക്കാരുകള്‍’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ 70,000 യുവാക്കള്‍ക്കാണ് റോസ്ഗാര്‍ മേളയിലൂടെ നിയമനക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറിയത്. രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാല്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോര്‍ജ്ജം, റെയില്‍വേ മന്ത്രാലയം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിങ്ങനെ വിവിധ വകുപ്പുകളിലേയ്ക്കാണ് 70000 യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചത്.

നൂഡൽഹി: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ഐടി മന്ത്രാലയം. കോവിനിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കോവിൻ പോർട്ടലിലൂടെ നൂറ് കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കപ്പെട്ടുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചത്.

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയുമെല്ലാം ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് വിവരങ്ങൾ മൊബൈൽ നമ്പർ, വിലാസം എന്നിവ ടെലഗ്രാമിൽ ലഭ്യമായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം, കോവിൻ പോർട്ടലിൽ നിന്നല്ല വിവരം ചോർന്നത് എന്ന് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിൻ പോർട്ടലിൽ നിന്നും ഒരിക്കലും വിവരച്ചോർച്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ആരോപണം പരിശോധിക്കാൻ വിദഗ്ധരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ടെലഗ്രാമിൽ ഫോൺ നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ വ്യക്തി വിവരങ്ങൾ ലഭിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസമാണ് വിവരങ്ങളുടെ ചോർച്ച പുറത്തുവന്നത്. വിഷയത്തെ കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. ഡിജിറ്റൽ ഇന്ത്യ എന്ന് പറഞ്ഞ് നടക്കുന്ന കേന്ദ്ര സർക്കാർ പൗരന്റെ സ്വകാര്യത എന്ന അവകാശത്തെ മറക്കുകയാണോയെന്നാണ് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ചോദിക്കുന്നത്.

ഇന്‍ബോക്സുകളില്‍ അനാവശ്യ സന്ദേശങ്ങള്‍ നിറഞ്ഞതിനാല്‍ പ്രധാനപ്പെട്ട ഒരു ഇമെയില്‍ നഷ്ടമായോ?, എങ്കില്‍ ഇനിയും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം.

  1. അനാവശ്യ ഇമെയിലുകള്‍ ഇല്ലാതാക്കുക:

ജിമെയില്‍ അക്കൗണ്ട് തുറക്കുക.

നിങ്ങള്‍ തടയാന്‍ ആഗ്രഹിക്കുന്ന സ്പാം ഇമെയിലില്‍ ക്ലിക്ക് ചെയ്യുക.

ഇമെയിലിന്റെ മുകളില്‍ വലത് കോണിലുള്ള More ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ബ്ലോക്കില്‍ ക്ലിക്ക് ചെയ്യുക.

അയച്ചയാളെ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍, അവരില്‍ നിന്നുള്ള എല്ലാ ഭാവി ഇമെയിലുകളും നിങ്ങളുടെ സ്പാം ഫോള്‍ഡറിലേക്ക് സ്വയമേവ അയയ്ക്കും. നിങ്ങളുടെ മനസ്സ് മാറുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അയച്ചയാളെ അണ്‍ബ്ലോക്ക് ചെയ്യാം.

  1. ഫില്‍ട്ടറുകളും ലേബലുകളും ഉപയോഗിക്കുക:

ഇന്‍കമിങ് ഇമെയിലുകള്‍ സ്വയമേവ തരംതിരിക്കാനും അവയില്‍ ലേബലുകള്‍ പ്രയോഗിക്കാനും ഫില്‍ട്ടറുകള്‍ സജ്ജീകരിക്കാം. ഇത് ഇന്‍ബോക്സ് ക്രമീകരണത്തിനും പ്രസക്തമായ സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും സഹായിക്കും.

ഫില്‍ട്ടര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇമെയിലുകളും തിരഞ്ഞെടുക്കുക. സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതുപോലുള്ള സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

  1. ഇമെയിലുകള്‍ ആര്‍ക്കൈവ് ചെയ്യുക:

പ്രധാനപ്പെട്ട ഇമെയിലുകള്‍ ഇല്ലാതാക്കുന്നതിന് പകരം ആര്‍ക്കൈവ് ചെയ്യുന്നത് പരിഗണിക്കുക. ആര്‍ക്കൈവ് ചെയ്യുന്നത് നിങ്ങളുടെ ഇന്‍ബോക്സില്‍ നിന്ന് നീക്കംചെയ്യും, പക്ഷേ ‘ഓള്‍ മെയില്‍’ വിഭാഗത്തില്‍ അവ ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തുന്നു. ആവശ്യമുള്ളപ്പോള്‍ ആര്‍ക്കൈവ് ചെയ്ത ഇമെയിലുകള്‍ കണ്ടെത്താന്‍ search ഫീച്ചര്‍ ഉപയോഗിക്കുക.

  1. സ്പാം, ട്രാഷ് ഫോള്‍ഡറുകള്‍ ശൂന്യമാക്കുക:

നിങ്ങളുടെ സ്പാം, ട്രാഷ് ഫോള്‍ഡറുകള്‍ പതിവായി പരിശോധിച്ച് ശൂന്യമാക്കുക.

5. അറ്റാച്ച്മെന്റുകള്‍ നിയന്ത്രിക്കുക:

വലിയ അറ്റാച്ച്മെന്റുകളുള്ള ഇമെയിലുകള്‍ നിങ്ങളുടെ സ്റ്റോറേജ് വേഗം നിറയാനിടയാക്കും. നിങ്ങളുടെ കമ്പ്യൂട്ടറിലേക്കോ ക്ലൗഡ് സ്റ്റോറേജിലേക്കോ പ്രധാനപ്പെട്ട അറ്റാച്ച്മെന്റുകള്‍ നീക്കം ചെയ്യുക.

വാഷിങ്ടൻ: ചൈനക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥൻ. ചൈന 2019 മുതൽ ക്യൂബ ആസ്ഥാനമാക്കി ചാരവൃത്തി നടത്തിവരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ചൈനയുടെ ആഗോള മോഹങ്ങൾ തടയാൻ ബൈഡൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യാന്തര രംഗത്ത് തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂബയിൽ ചൈന നടത്തിയിരുന്ന പ്രവർത്തനങ്ങളെപ്പറ്റി തങ്ങൾക്ക് അറിവുണ്ടായിരുന്നു. രഹസ്യങ്ങൾ പിടിച്ചെടുക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനമുള്ള കേന്ദ്രം ക്യൂബയിൽ സ്ഥാപിക്കാൻ ചൈനയും ക്യൂബയും കരാറിലെത്തിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ ക്യൂബയെ ഇതിന്റെ മറവിൽ ചൈന സഹായിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റിപ്പോർട്ട് പൂർണമായും ശരിയല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം ചൈനയുടെ പ്രവർത്തനങ്ങളെപ്പറ്റി ആശങ്കയുണ്ടെന്നും ഇക്കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ തള്ളിക്കളയുന്നുവെന്നായിരുന്നു ക്യൂബൻ ഡപ്യൂട്ടി വിദേശകാര്യമന്ത്രി കാർലോസ് ഫെർണാണ്ടസ് കോസോയുടെ പ്രതികരണം. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെളിവുകളുടെ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന് ജീവൻ നഷ്ടമായത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നാണ് നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത് – സുകന്യ ദമ്പതികളുടെ മകൾ ആർച്ച എന്ന ഒന്നര വയസുകാരി നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് മരിച്ചത്. നാല് ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഡോക്ടർമാർ പരിശോധന നടത്തി കുട്ടിയെ വീട്ടിലേയ്ക്ക് തിരികെ അയച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ കുട്ടിയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡോക്ടർമാർ മരുന്ന് നൽകുകയും ആവിപിടിക്കുകയും ചെയ്തു. പിന്നീട് പതിനൊന്ന് മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ മരണം ചികിത്സാപ്പിഴവ് കാരണമാണെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. കുട്ടിയുടെ മരണത്തിൽ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി വാട്‌സ്ആപ്പ്. ഏപ്രില്‍ 1 മുതല്‍ 30 വരെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ടത്.

നിയമം ലംഘിച്ചു പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് വാട്‌സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്‌സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്‌സ്ആപ്പ് ഇത്തരത്തിലുള്ള നടപടികള്‍ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോര്‍ട്ട് അനുസരിച്ച്, ഉപഭോക്താക്കളില്‍ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യര്‍ത്ഥനകളാണ് വാട്‌സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വാട്‌സ്ആപ്പ് പുറത്തുവിടാറുണ്ട്.

ന്യൂഡല്‍ഹി: 2024 ജനുവരിയില്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.

ക്ഷേത്രത്തിന്റെ മൂന്നു ഘട്ടങ്ങളിലായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എട്ടര ഏക്കറിലാണ് മുഖ്യ ക്ഷേത്രം. വാല്‍മീകി, ശബരി തുടങ്ങി 7 പേര്‍ക്ക് അനുബന്ധ ക്ഷേത്രങ്ങളുമുണ്ട്. മ്യൂസിയം അടക്കം 75 ഏക്കറിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്.

അതേസമയം, നിര്‍മാണത്തിനാവശ്യമായ മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നും ഗ്രാനൈറ്റ് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഗുസ്തി താരങ്ങൾ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്നാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഹരിയാനയിലെ സോനിപതിൽ ശനിയാഴ്ച ചേർന്ന മഹാപഞ്ചായത്തിലാണ് താരങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിയിൽ ജൂൺ 15-നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. സമര ശക്തമായി മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനം. മാനസികമായി തങ്ങൾ നേരിടുന്ന സംഘർഷം മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നും താരം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കുമെന്നും, എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാന്‍ നിര്‍ദേശിച്ചതായും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 75000ല്‍ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. അതേസമയം, 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്.

ബംഗളൂരു: കർണാടകയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച്ച. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് ബസ് കണ്ടക്ടറാകും.

ബിഎംടിസി ബസിൽ കണ്ടക്ടറായി വേഷമിട്ട് അദ്ദേഹം സ്ത്രീകൾക്ക് ടിക്കറ്റ് നൽകും. മന്ത്രിമാരും നിയമസഭാംഗങ്ങളും അവർ പ്രതിനിധീകരിക്കുന്ന ജില്ലകളിൽ ബസ് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. മന്ത്രിസഭായോഗത്തിനു ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗൃഹജ്യോതി പദ്ധതിയാണ് ഗ്യാരന്റി 1. ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും നൽകുമെന്നാണ് പ്രഖ്യാപനം. ജൂലൈ 1 മുതൽ വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങും. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല. ഗൃഹലക്ഷ്മി പദ്ധതിയാണ് ഗ്യാരന്റി 2. തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നൽകും.

അന്നഭാഗ്യ പദ്ധതിയാണ് ഗ്യാരന്റി 3. 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും ജൂലൈ 1 മുതൽ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശക്തി പദ്ധതിയാണ് ഗ്യാരന്റി 4. എല്ലാ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല. ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും. കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല. ബിരുദ വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന പദ്ധതിയായ യുവ നിധി പദ്ധതിയും കർണാടക സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.