‘റോസ്ഗര്‍ മേള’ എന്നത് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി’: പ്രധാനമന്ത്രി

ഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗര്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ യുവാക്കള്‍ ഉദ്യോസ്ഥരായി നിയമിക്കപ്പെടുന്നത്. ഇത് വളരെ നിര്‍ണായക കാലഘട്ടമാണ്. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ യുവാക്കളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ചു. ‘റോസ്ഗര്‍ മേള’ എന്നത് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. ഇന്ന് ഇന്ത്യയ്ക്ക് സ്ഥിരതയാര്‍ന്ന ഒരു സര്‍ക്കാരും രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയം അഴിമതി രഹിത രാഷ്ട്രീയമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ ക്രമക്കേട് നടത്തുകയും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു മുന്‍ സര്‍ക്കാരുകള്‍’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ 70,000 യുവാക്കള്‍ക്കാണ് റോസ്ഗാര്‍ മേളയിലൂടെ നിയമനക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറിയത്. രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാല്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോര്‍ജ്ജം, റെയില്‍വേ മന്ത്രാലയം, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിങ്ങനെ വിവിധ വകുപ്പുകളിലേയ്ക്കാണ് 70000 യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചത്.