ന്യൂഡല്‍ഹി: 2024 ജനുവരിയില്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.
ക്ഷേത്രത്തിന്റെ മൂന്നു ഘട്ടങ്ങളിലായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എട്ടര ഏക്കറിലാണ് മുഖ്യ ക്ഷേത്രം. വാല്‍മീകി, ശബരി തുടങ്ങി 7 പേര്‍ക്ക് അനുബന്ധ ക്ഷേത്രങ്ങളുമുണ്ട്. മ്യൂസിയം അടക്കം 75 ഏക്കറിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്.
അതേസമയം, നിര്‍മാണത്തിനാവശ്യമായ മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നും ഗ്രാനൈറ്റ് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.

