Highlights (Page 36)

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ഡിജിറ്റല്‍ പൗരന്‍മാര്‍ക്ക്’ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുബന്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്റര്‍നെറ്റ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും മറ്റു വിധ്വസംക പ്രവര്‍ത്തനങ്ങളും വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പൗരന്‍മാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും സര്‍ക്കാര്‍ അനുവദിക്കില്ല. നിലവില്‍ 85 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 2025 ആകുമ്പോഴേയ്ക്കും ഇത് 120 കോടിയായി ഉയരും. ദുരുദ്ദേശ്യത്തോടെ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന പ്രവണത കൂടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കും. രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വളരെയധികം വ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ, സൈബറിടത്തില്‍ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വ്യക്തി വിവര സംരക്ഷണ ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും’- മന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: 2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 27 വർഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. 71-ാമത് ലോകസുന്ദരി മത്സരമാണ് ഇന്ത്യയിലേക്കു എത്തുന്നത്. ഈ വർഷം നവംബറിൽ മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, മത്സരത്തിന്റെ തീയതികൾ എന്നാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത് 1996 ലാണ്. അത്തവണത്തെ ലോകസുന്ദരി കിരീടം ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു. റീത്ത ഫറിയയാണ് അന്ന് വിജയിച്ചത്. ആറു തവണയാണ് ഇന്ത്യ ലോകസുന്ദരി പട്ടം ചൂടിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) തുടങ്ങിയവരാണ് ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാർ.

2023 ലെ ലോകസുന്ദരി മത്സരത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. നിരവധി മത്സരങ്ങളാണ് മത്സരാർഥികൾക്കായി നടത്തുന്നത്. ഒരുമാസത്തോളം മത്സരങ്ങൾ ഉണ്ടാകും. ലോകത്തിൽ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യയെന്നും വീടുപോലയാണ് തനിക്ക് ഇന്ത്യയെന്നും നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്‌സ്‌ക വ്യക്തമാക്കി. മിസ് വേൾഡ് ഓർഗനൈസേഷന്റേതിനു സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ നിർത്തേണ്ട സമയമായെന്ന് മുരളി തുമ്മാരുക്കുടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലാഭം കിട്ടുന്നത് കോച്ചിംഗ് സെന്ററുകൾക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും റാങ്ക് നന്നാക്കാനായി പതിനായിരങ്ങൾ ആണ് റിപ്പീറ്റ് ചെയ്യുന്നത്. പതിനായിരം മനുഷ്യ വർഷങ്ങൾ ആണ് സമൂഹത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എഞ്ചിനീയറിങ്ങിന് എൻട്രൻസ് പരീക്ഷ വേണോ?
എൻട്രൻസ് പരീക്ഷയില്ലാതെ എൻട്രൻസ് അഡ്മിഷൻ നേടിയ അവസാനത്തെ ബാച്ചിലെ വിദ്യാർത്ഥിയാണ് ഞാൻ (1981-86).
പ്രി ഡിഗ്രിയുടെ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എന്നീ വിഷയങ്ങളുടെ മാർക്ക് മാത്രം പരിഗണിച്ചായിരുന്നു അന്ന് എൻജിനീയറിങ്ങിന് അഡ്മിഷൻ തീരുമാനിച്ചിരുന്നത്.
ഈ വിഷയങ്ങൾ കൂടാതെ ഇംഗ്ലീഷും രണ്ടാമത്തെ ഒരു ഭാഷയും പ്രി ഡിഗ്രിയുടെ വിഷയങ്ങൾ ആയിരുന്നു (ഞാൻ ഹിന്ദിയാണ് എടുത്തത്). ഈ വിഷയങ്ങൾക്ക് പാസാകണം എന്നേ ഉള്ളൂ. എഞ്ചിനീയറിങ്ങ് അഡ്മിഷന് അത് കണക്കാക്കില്ല.
ഈ ഒരു നിബന്ധന (ഇംഗ്ളീഷും ഹിന്ദിയും എഞ്ചിനീയറിങ്ങ് അഡ്മിഷന് കണക്കാക്കില്ല) എന്നതാണ് ഞങ്ങളുടെ പ്രി ഡിഗ്രി കാലം മനോഹരമാക്കിയത്.
ഇംഗ്ളീഷിന്റെയും ഹിന്ദിയുടെയും ക്‌ളാസ്സുകൾ വരുമ്പോൾ ഞങ്ങൾ ഹാജർ വച്ചതിന് ശേഷം കാന്റീനിലോ കശുമാവിന്റെ ചുവട്ടിലോ പോയിരിക്കും.
അതൊരു കാലം. യൂണിഫോമും ഇട്ട് പ്ലസ് റ്റു പഠിക്കുന്ന ഇന്നത്തെ വിദ്യാർത്ഥികൾക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന ഒന്ന്.
കാലാകാലമായി അങ്ങനെയാണ് കാര്യങ്ങൾ നടന്നിരുന്നത്.
അതുകൊണ്ടുണ്ടായ എൻജിനീയർമാർ ഏതെങ്കിലും തരത്തിൽ കുറഞ്ഞവരാണെന്നോ എഞ്ചിനീയറിങ്ങിന് അഭിരുചി ഇല്ലത്തവർ എഞ്ചിനീയറിങ്ങ് പഠനത്തിന് എത്തുന്നു എന്ന് കണ്ടതുകൊണ്ടോ ഒന്നുമല്ല ആ രീതി മാറി എൻട്രൻസ് വന്നത്.
കേരള യൂണിവേഴ്സിറ്റിയിൽ ഒരു മാർക്ക് തട്ടിപ്പ് സിൻഡിക്കേറ്റ് അന്ന് ഉണ്ടായിരുന്നു. കാശും ബന്ധങ്ങളും ഒക്കെയുള്ള ചിലർക്ക് വ്യാജ മാർക്ക് ലിസ്റ്റ് ലഭിച്ചു. അവർ എഞ്ചിനീയറിങ്ങിനും മെഡിസിനും അഡ്മിഷൻ നേടി.
ഏറെ നാൾ ഇതാരും അറിഞ്ഞില്ല.
അങ്ങനെ വന്നപ്പോൾ തട്ടിപ്പുകാരുടെ ആവേശം കൂടി.
കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നീ മൂന്നു വിഷയങ്ങൾക്ക് 150 മാർക്ക് വച്ചാണ് അന്ന് ഉണ്ടായിരുന്നത്. മെഡിസിന് അഡ്മിഷൻ കിട്ടണമെങ്കിൽ ഇതിൽ നാനൂറ്റി ഇരുപതോ അതിന് മുകളിലോ ഒക്കെ വേണം.
1981 ൽ മൂന്നു വിഷയത്തിനും കൂടി രണ്ടു മാർക്ക് കിട്ടിയ ഒരു വിദ്വാൻ അന്ന് വ്യാജമാർക്ക് ലിസിറ്റുമായി മെഡിസിന് അഡ്മിഷൻ നേടി.
അങ്ങനെയാണ് പ്രശസ്തമായ 0 + 0 + 2 = 442 എന്ന ഇക്വേഷൻ ഉണ്ടായത്.
അത് പുറത്തായത് കേരളത്തെ ഞെട്ടിച്ചു. മെഡിസിൻ ലിസ്റ്റ് കാൻസൽ ആയി.
ഉടൻ എൻട്രൻസ് നടത്താൻ തീരുമാനിച്ചു.
എഞ്ചിനീയറിങ്ങ് ഈ വിഷയത്തിൽ കൊളാറ്ററൽ ഡാമേജ് ആയി. അടുത്ത വർഷം എഞ്ചിനീറിങ്ങിനും അഡ്മിഷൻ വന്നു.
കൂടുതൽ അർഹത ഉള്ളവർക്ക് അഡ്മിഷൻ കിട്ടിയോ ? എൻട്രൻസ് ലിസ്റ്റിൽ എന്നെങ്കിലും തട്ടിപ്പ് കണ്ടു പിടിക്കുന്നത് വരെ അത് വിശ്വസിക്കാം.
കൂടുതൽ അഭിരുചി ഉള്ള എൻജിനീയർ ഉണ്ടായോ ? .
ഒരു തെളിവുമില്ല.
പക്ഷെ ഒരു കാര്യം ഉണ്ടായി
കേരളത്തിൽ പുതിയൊരു വ്യവസായം ഉണ്ടായി. എൻട്രൻസ് വ്യവസായം.
ഞാൻ ഇന്നലെ പറഞ്ഞ ജയിലുകൾ ഉൾപ്പടെ
പ്രി ഡിഗ്രി പഠിക്കുന്നത് കൂടാതെ, ഒരു പക്ഷെ അതിനും ഉപരിയായി എൻട്രൻസിന് പഠിക്കേണ്ട ആവശ്യം പാവം കുട്ടികൾക്ക് ഉണ്ടായി.
കടുത്ത മത്സരമാണ്.
അന്ന് കേരളത്തിൽ ആറ് എഞ്ചിനീയറിങ്ങ് കോളേജ് ആണുള്ളത്. എല്ലാത്തിലും കൂടി ഒരു വർഷം എഞ്ചിനീയറിങ്ങിന് രണ്ടായിരം സീറ്റ് ആണുള്ളത്. പതിനായിരങ്ങൾ മത്സരിക്കുന്നു.
ഇന്നിപ്പോൾ കോളേജുകളുടെ എണ്ണം നൂറു കടന്നു (150 അടുത്ത്)
ഓരോ വർഷവും വെറുതെ കിടക്കുന്ന സീറ്റുകളുടെ എണ്ണം തന്നെ പതിനായിരത്തിന് മുകളിലാണ്.
ഇനി എന്തിനാണ് ഈ എൻട്രൻസ് പരീക്ഷ നില നിർത്തുന്നത്?
പ്ലസ് ടുവിന്റെ മാർക്ക് വച്ച് തന്നെ അഡ്മിഷൻ നടത്തിയാൽ ആർക്കാണ് നഷ്ടം പറ്റുന്നത്?. വിവിധ സംവിധാനങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു നോർമലൈസേഷൻ സംവിധാനം ഉണ്ടാക്കിയാൽ മതിയല്ലോ (ഇതൊക്കെ ഇപ്പോൾ തന്നെ ഉണ്ട്).
നഷ്ടം എൻട്രൻസ് കോച്ചിങ്ങ് സെന്ററുകൾക്ക് മാത്രം.
കുട്ടികൾ പഠിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഇപ്പോൾ എൻട്രൻസിൽ മാർക്ക് വാങ്ങാനുള്ള പഠന രീതിയാണ്.
ഓരോ വർഷവും റാങ്ക് നന്നാക്കാനായി പതിനായിരങ്ങൾ ആണ് റിപ്പീറ്റ് ചെയ്യുന്നത്. പതിനായിരം മനുഷ്യ വർഷങ്ങൾ ആണ് സമൂഹത്തിന് നഷ്ടമാകുന്നത്.
ലാഭം കിട്ടുന്നത് കോച്ചിങ്ങ് സെന്ററുകൾക്ക് മാത്രം.
ഇതൊക്കെ നിർത്തേണ്ട സമയമായി.

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു.

ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7ന് രാവിലെ 10.30 മണിക്ക് മസ്‌കറ്റ് ഹോട്ടലിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

‘Food Standards Save Lives’ എന്നാതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എൻഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച് വരുന്നു. മികച്ച പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകി. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ യാഥാർത്ഥ്യമാക്കി.

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാനും ആയിരം രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനും പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

‘അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകള്‍ പുനരവതരിപ്പിക്കാനോ റിസര്‍വ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകും. തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് ബാങ്കുകളില്‍ എത്തിയത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളാണ്’- അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകള്‍ ആര്‍.ബി.ഐ. പിന്‍വലിച്ചത്. സെപ്റ്റംബര്‍ മുപ്പതുവരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്താന്‍ സാദ്ധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

07-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

08-06-2023 : ആലപ്പുഴ, എറണാകുളം

09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

10-06-2023 : പത്തനംതിട്ട, ഇടുക്കി

11-06-2023 : പത്തനംതിട്ട, ഇടുക്കി

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്‌തെന്ന് റിപ്പോർട്ട്. ബ്രിജ് ഭൂഷണെ രണ്ടുതവണ ചോദ്യം ചെയ്‌തെന്നാണ് പുറത്തു വരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇരുന്നൂറോളം വ്യക്തികളെ ചോദ്യം ചെയ്‌തെന്നാണ് റിപ്പോർട്ട്.

കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. 7 വനിതാ താരങ്ങളാണ് ബ്രിജ് ഭീഷനെതിരെ പരാതി നൽകിയത്. ഏപ്രിൽ 29 നാണ് വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കേസിൽ ഇതുവരെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധം നടത്തുകയാണ്.

ബെല്‍ഗാമില്‍ ശിവഗംഗ സ്‌കേറ്റിംഗ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ നീണ്ട നോണ്‍ സ്റ്റോപ്പ് സ്പീഡ് സ്‌കേറ്റിംഗില്‍ പങ്കെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍വിഷ് വിശോഭ്.

പട്ടണക്കാട് സെ്ന്റ് ജോസഫ് പബ്‌ളിക് സ്‌കൂള്‍വിദ്യാര്‍ത്ഥിയായ ആര്‍വിഷ് മരുതൂര്‍ക്കോണം വി ആര്‍ സദനത്തില്‍ ഡോ വിശോഭിന്റെയും ഡോ. ആര്യയുടെയും മകനാണ്.

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി.

അതേസമയം, അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്ന് ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും മറുപടി നല്‍കി. അതിനാലാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്.

ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ല. ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണ്. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍). കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഇല്ലാതെ വലിയൊരു വിഭാഗം ജനങ്ങള്‍ വിഷമസ്ഥിതിയിലാവുകയുണ്ടായി. ആ പശ്ചാത്തലത്തിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്.

കെ ഫോണിനെ അറിയാം…

കെഎസ്ഇബിയും കെഎസ്ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചു. കെ ഫോണിന്റെ നടത്തിപ്പിനായി വേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട് റെയില്‍ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് ആസൂത്രണം, നിര്‍വഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നിവയുടെ ഉത്തരവാദിത്വം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ എല്ലാ ഐടി ഘടകങ്ങളുടെയും വിതരണം, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

സ്വകാര്യ സേവന ദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം എത്തിപ്പെടുന്ന ബൃഹത്തായ നെറ്റ്‌വര്‍ക്കാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം വിന്യസിക്കുന്ന കെ ഫോണിന്റെ ഡാര്‍ക്ക് ഫൈബര്‍ സേവനദാതാക്കള്‍ക്ക് പാട്ടത്തിന് നല്‍കും. ഈ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ സേവനദാതാക്കള്‍ക്ക് അവരുടെ 4ജി/5ജി കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയും ചെയ്യാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകളും മള്‍ട്ടി പ്രോട്ടോകോള്‍ ലേബല്‍ സ്വിച്ചിങ്ങ് (എം.പി.എല്‍.എസ്) നെറ്റ്വര്‍ക്കും നല്‍കുക തുടങ്ങിയ വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ വിഭാവനം ചെയ്തിരിക്കുന്നത്.

2600 കിമീ ദൂരമുള്ള കെ ഫോണ്‍ പദ്ധതിയുടെ പ്രധാനപ്പെട്ട ഒപിജിഡബ്ല്യൂ (OPGW) കേബിളിന്റെ ജോലികള്‍ 2519 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. 22876 കിമീ ദൂരമൂള്ള എഡിഎസ്എസ് കേബിള്‍ 19118 കിമീയും പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെഫോണിന്റെ സെന്റര്‍ ഹബ്ബായ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍. ഇവിടെ നിന്ന് 376 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലുള്ള പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴി കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇതില്‍ 373 പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. മറ്റുള്ളവ താമസിയാതെ തയ്യാറാവും. നെറ്റവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റ്വര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റ്‌വര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്വര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്

സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 75 ലക്ഷം കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താനാവും. ഇതോടൊപ്പം സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 30,000 ത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തുമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 സൗജന്യ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്. ഏകദേശം 14,000 റേഷന്‍ കടകള്‍, 2,000-ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, കേരള ബാങ്ക് പോലുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കും.

തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ BPL വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ആദ്യം പരിഗണന നല്‍കുക.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, കോളേജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ കുടുംബങ്ങള്‍ക്ക് പിന്നീട് പരിഗണന നല്‍കും.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.

മുന്‍ഗണനാക്രമത്തില്‍ ഈ 5 വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വെച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോണ്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും.

ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ച് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പിലുണ്ടാവും.