കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം; അന്വേഷണം നടത്താൻ കേന്ദ്ര ഐടി മന്ത്രാലയം

നൂഡൽഹി: കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാൻ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ഐടി മന്ത്രാലയം. കോവിനിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കോവിൻ പോർട്ടലിലൂടെ നൂറ് കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കപ്പെട്ടുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചത്.

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവർത്തകരുടേയുമെല്ലാം ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട് വിവരങ്ങൾ മൊബൈൽ നമ്പർ, വിലാസം എന്നിവ ടെലഗ്രാമിൽ ലഭ്യമായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം, കോവിൻ പോർട്ടലിൽ നിന്നല്ല വിവരം ചോർന്നത് എന്ന് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിൻ പോർട്ടലിൽ നിന്നും ഒരിക്കലും വിവരച്ചോർച്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ആരോപണം പരിശോധിക്കാൻ വിദഗ്ധരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ടെലഗ്രാമിൽ ഫോൺ നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ വ്യക്തി വിവരങ്ങൾ ലഭിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസമാണ് വിവരങ്ങളുടെ ചോർച്ച പുറത്തുവന്നത്. വിഷയത്തെ കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. ഡിജിറ്റൽ ഇന്ത്യ എന്ന് പറഞ്ഞ് നടക്കുന്ന കേന്ദ്ര സർക്കാർ പൗരന്റെ സ്വകാര്യത എന്ന അവകാശത്തെ മറക്കുകയാണോയെന്നാണ് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ചോദിക്കുന്നത്.