വാഷിങ്ടൻ: ചൈനക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥൻ. ചൈന 2019 മുതൽ ക്യൂബ ആസ്ഥാനമാക്കി ചാരവൃത്തി നടത്തിവരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ചൈനയുടെ ആഗോള മോഹങ്ങൾ തടയാൻ ബൈഡൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യാന്തര രംഗത്ത് തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂബയിൽ ചൈന നടത്തിയിരുന്ന പ്രവർത്തനങ്ങളെപ്പറ്റി തങ്ങൾക്ക് അറിവുണ്ടായിരുന്നു. രഹസ്യങ്ങൾ പിടിച്ചെടുക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനമുള്ള കേന്ദ്രം ക്യൂബയിൽ സ്ഥാപിക്കാൻ ചൈനയും ക്യൂബയും കരാറിലെത്തിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ ക്യൂബയെ ഇതിന്റെ മറവിൽ ചൈന സഹായിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റിപ്പോർട്ട് പൂർണമായും ശരിയല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജോൺ കിർബി പറഞ്ഞു. അതേസമയം ചൈനയുടെ പ്രവർത്തനങ്ങളെപ്പറ്റി ആശങ്കയുണ്ടെന്നും ഇക്കാര്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ തള്ളിക്കളയുന്നുവെന്നായിരുന്നു ക്യൂബൻ ഡപ്യൂട്ടി വിദേശകാര്യമന്ത്രി കാർലോസ് ഫെർണാണ്ടസ് കോസോയുടെ പ്രതികരണം. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെളിവുകളുടെ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

