ബംഗളൂരു: കർണാടകയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച്ച. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് ബസ് കണ്ടക്ടറാകും.
ബിഎംടിസി ബസിൽ കണ്ടക്ടറായി വേഷമിട്ട് അദ്ദേഹം സ്ത്രീകൾക്ക് ടിക്കറ്റ് നൽകും. മന്ത്രിമാരും നിയമസഭാംഗങ്ങളും അവർ പ്രതിനിധീകരിക്കുന്ന ജില്ലകളിൽ ബസ് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. മന്ത്രിസഭായോഗത്തിനു ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗൃഹജ്യോതി പദ്ധതിയാണ് ഗ്യാരന്റി 1. ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും നൽകുമെന്നാണ് പ്രഖ്യാപനം. ജൂലൈ 1 മുതൽ വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങും. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല. ഗൃഹലക്ഷ്മി പദ്ധതിയാണ് ഗ്യാരന്റി 2. തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നൽകും.
അന്നഭാഗ്യ പദ്ധതിയാണ് ഗ്യാരന്റി 3. 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും ജൂലൈ 1 മുതൽ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശക്തി പദ്ധതിയാണ് ഗ്യാരന്റി 4. എല്ലാ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല. ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും. കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല. ബിരുദ വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന പദ്ധതിയായ യുവ നിധി പദ്ധതിയും കർണാടക സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

