Highlights (Page 34)

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മാത്രം യുപിഐ ഇടപാട് നടത്താനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ അനുവദിച്ചിരുന്നത്. അടുത്തിടെയാണ് സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയതായി വന്നത്. യുപിഐ സേവനദാതാക്കളായ ഗൂഗിള്‍ പേയുമായി ചേര്‍ന്നാണ് ഈ സേവനം നല്‍കുന്നത്.

വ്യാപാരിയുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് പോലെ തന്നെ ക്രെഡിറ്റ് കാര്‍ഡ് കൈവശം ഇല്ലാതെയും ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആക്സിസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ നല്‍കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാട് നടത്താന്‍ സാധിക്കുക.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി യുപിഐ ഇടപാട് നടത്തുന്നവിധം ചുവടെ:

ആദ്യം സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ പേ ആപ്പ് തുറക്കുക

സെറ്റിങ്സ് മെനുവില്‍ പോകുക

‘Setup payment method’ ‘ടാപ്പ് ചെയ്ത ശേഷം ‘Add RuPay credit card.’തെരഞ്ഞെടുക്കുക

ക്രെഡിറ്റ് കാര്‍ഡിലെ അവസാന ആറക്ക നമ്ബറും കാലാവധി തീരുന്ന തീയതിയും പിനും നല്‍കുക

പ്രൊഫൈലിലെ ‘RuPay credit card on UPI’ ടാപ്പ് ചെയ്ത് ആക്ടീവ് ആക്കുക

റുപേ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ബാങ്ക് തെരഞ്ഞെടുക്കുക

യുപിഐ പിന്‍ സെറ്റ് ചെയ്യുക

തുടര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുക

യുപിഐ ഐഡി നല്‍കിയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുമാണ് ഇടപാട് നടത്തേണ്ടത്

ന്യൂഡൽഹി: രാജ്യത്ത് സി ടൈപ്പ് യുഎസ്ബി ചാർജർ നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകൾ. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സി ടൈപ്പ് യുഎസ്ബി ചാർജർ നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച ശുപാർശ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാനൽ കമ്പനികൾക്ക് 2025 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്.

2024 ഡിസംബർ വരെയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻയൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് ടൈപ്പ്-സി ചാർജർ ഇ-മാലിന്യം കുറയ്ക്കാനും സുസ്ഥിര വികസനത്തിലേക്ക് നീങ്ങാനും ഇന്ത്യയെ സഹായിക്കുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വ്യക്തമാക്കുന്നത്.

ഓരോ ഉപഭോക്താവിനും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴെല്ലാം വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ, ചാർജറുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. അധിക ചെലവ് കുറയ്ക്കാനും ഇതിലൂടെ കഴിയും.

തിരുവനന്തപുരം: കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കായാണ് തുക അനുവദിച്ചത്. നേരത്തെ ലോകബാങ്ക് 125 ദശലക്ഷം ഡോളറിന്റെ ധനസഹായം അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ തുക അനുവദിച്ചത്. തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിർണായക മേഖലകളിൽ കേരളത്തിന് വലിയ ആശ്വാസമേകുന്ന നടപടിയാണ് ലോകബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. 2021 ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമായി. 100 ദശലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളും ഉണ്ടായി. ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ളവരുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: യുഡിഎഫ് 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും താനേറ്റെടുക്കും. ഇപ്പോൾ ഒരുപാട് മാറ്റം കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദമാക്കി.

കേരലാ പോലീസിനെതിരെ വി ഡി സതീശൻ വിമർശനം ഉന്നയിക്കുകയും ചെയ്തു. കേരള പോലീസിനെ കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കൽ സൊസൈറ്റി മാറി. എല്ലാ പണവും പോകുന്നത് അഴിമതിപ്പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. എല്ലാ പ്രവർത്തികളും ഇനി ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തില്‍ അന്വേഷണ സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി. പുതൂര്‍, ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂര്‍ ഗവ കോളേജിലെത്തി അഭിമുഖ പാനലില്‍ ഉണ്ടായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളേജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്താകുന്നത്.

ചെന്നൈ: ബിജെപിക്കെതിരെ വെല്ലുവിളിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്ത് മിനിട്ടായിരുന്നു വീഡിയോയുടെ ദൈർഘ്യം.

ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. റെയ്ഡുകൾ നടത്തുന്നത് ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

ബാലാജിയുടെ വകുപ്പ് മന്ത്രിമാരായ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്‌സൈസിന്റേയും അധിക ചുമതല നൽകുമെന്നാണ് വിവരം.

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചർച്ച നടത്തി. ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ സൈന്യവും ദുരന്ത നിവാരണ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ യോഗം ചേർന്നിരുന്നു.

ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂഡൽഹി: ജൂൺ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റിൽ യോഗ സെഷൻ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാ സെക്ഷൻ നയിക്കുന്നത്. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) സമാധാന പരിപാലനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

അന്താരാഷ്ട്ര യോഗാ ദിനം പ്രാബല്യത്തിൽ വന്നതോടെ ലോകത്തുള്ള എല്ലാവർക്കും യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചു. ലോകം യഥാർത്ഥത്തിൽ അന്താരാഷ്ട്ര യോഗാ ദിനം സ്വീകരിച്ചു കഴിഞ്ഞു. ഇത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

2014 ഡിസംബറിൽ ഐക്യരാഷ്ട്രസഭ ജൂൺ- 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. യോഗ പരിശീലിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി ലോകമെമ്പാടും അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാവരും ഇത് മനസ്സിലാക്കി. അതിനാലാണ് 175 അംഗരാജ്യങ്ങൾ ഇതിൽ ഒപ്പുവെച്ചത്. ഇത് ജനപ്രിയമായ അന്താരാഷ്ട്ര ദിനങ്ങളിലൊന്നാണ്. മാനികവും ശാരീരകവുമായ ആരോഗ്യത്തിന് യോഗ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡല്‍ഹി: ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ജൂലായ് ആറിലേക്ക് മാറ്റി.

തിരഞ്ഞെടുപ്പിനായി റിട്ടേണിംഗ് ഓഫീസറായി നിയമിച്ച ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാറാണ് ചുമതലയെടുത്തതിന് പിന്നാലെ ജൂലായ് ആറിനായിരിക്കും തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ചത്.അന്ന് തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ഈ മാസം 19മുതല്‍ നോമിനേഷന്‍ സ്വീകരിക്കും.

പ്രായപൂര്‍ത്തിയാകാത്ത കൂട്ടിയുള്‍പ്പെടെയുള്ള വനിതാ താരങ്ങള്‍ക്ക് നേരെ ലൈഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന നിലവിലെ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.

കൊച്ചി: മൂന്നാറിലെ കെട്ടിട നിർമാണത്തിൽ വിലക്കേർപ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. രണ്ടുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വിലക്കേർപ്പെടുത്തിയാണ് ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിർമാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്നങ്ങൾ കേൾക്കാൻ ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. മൂന്നാറിലെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിസ്‌ക്കസ് ക്യൂറി.

ഒമ്പത് പഞ്ചായത്തുകളെയാണ് കേസിൽ ഹൈക്കോടതി കക്ഷിചേർത്തത്. വയനാട് പോലുള്ള പ്രദേശങ്ങളിൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് മൂന്നാറിൽ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടർ നൽകിയ റിപ്പോർട്ട് കോടതി വിലയിരുത്തുകയും ചെയ്തു.