തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയത്; ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് വിശദമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനെന്റെ ഹൃദയം തുറക്കുന്നു എന്ന വാചകത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. തന്റെ വീടും പറമ്പും പണയംവെച്ചാണ് മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന്, ബലവും ധൈര്യവും തന്നത് അച്ഛനമ്മമാരാണ്. നിങ്ങൾക്കു വേണമെങ്കിൽ ഈ കുറിപ്പ് വായിക്കാതിരിക്കാം. എന്നാൽ തന്റെ ഹൃദയം ഇതിലുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് സാധാരണയായി താൻ സംസാരിക്കാറില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല, എന്നുപറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിപ്പ് ആരംഭിക്കുന്നത്.

മേപ്പടിയാൻ ഒരിക്കലും എളുപ്പമായിരുന്നില്ല. വിചിത്രമായ പല കാരണങ്ങളാലും പ്രോജക്ട് തുടങ്ങാൻ കഴിഞ്ഞില്ല. തന്നെ ഒരു നടൻ എന്ന നിലയിൽ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കിൽ അത് 800 ന് മുകളിൽ വരുന്ന, താൻ അതുവരെ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. തുടക്കത്തിൽ മേപ്പടിയാനെ മറ്റൊരു പ്രൊഡക്ഷൻഹൗസ് പിന്തുണച്ചിരുന്നു. പക്ഷേ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ പിന്മാറി. അടുത്ത ഒരു വർഷത്തേക്ക് തങ്ങളെ പ്രോജക്റ്റ് ആരംഭിക്കുന്നതിൽ നിന്ന് തടഞ്ഞ ഒരു മാന്യന്റെ വരവായിരുന്നു പിന്നീട്. ആ സമയമായപ്പോഴേക്കും തനിക്ക് 20 കിലോ ശരീരഭാരം കൂടി. സമ്മർദവും കൂടിവന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് നിർമാതാവ് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകൻ വിഷ്ണു ബോധംകെട്ട് വീണു. ലോകത്തെ ഒന്നടങ്കം മോശമായി ബാധിച്ച മഹാമാരിയുടെ നടുവിലാണെങ്കിലും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തുടങ്ങണമെന്ന് താൻ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ ലോകം നിശ്ചലമായിരിക്കേ തങ്ങൾ കാത്തിരിക്കുകയായിരുന്നു. പണം എവിടെനിന്ന് കണ്ടെത്തുമെന്ന് അറിയില്ലായിരുന്നു. എന്റെ വീട് പണയം വെച്ച് ആ പണം കൊണ്ട് പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ഇത് ശരിയായില്ലെങ്കിൽ ഇതുതന്നെയാവും അവസാനമെന്ന് താനെന്റെ മാതാപിതാക്കളോട് പറഞ്ഞു. അവർ എനിക്കൊപ്പം നിന്നു. തനിക്കുവേണ്ട ബലവും ധൈര്യവും അവർ തന്നു. ഈ ചിത്രം ആരംഭിക്കാൻ ഞാൻ നേരിട്ട മുഴുവൻ പ്രതിബന്ധങ്ങളെക്കുറിച്ചും വിഷ്ണുവിന് അറിയാം. പിന്നീട് ചിത്രീകരണം നടന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുൻപാണ് ഇഡിയുടെ റെയ്ഡ് (ഇതിനുള്ള വിശദീകരണം ഞാൻ പിന്നീട് നൽകും) നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി. ഒടിടി ഡീൽ പൂർത്തിയാവാതെ നിന്നു. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും വന്നതിനാൽ ചില പ്രധാന സിനിമകൾ റിലീസ് മാറ്റി. ആളുകൾ തിയറ്ററുകളിൽ നിന്ന് അകന്നുനിന്ന സമയത്ത് കൂടുതൽ ചിത്രങ്ങളും ഒടിടി ചാനലുകളെയാണ് ആശ്രയിച്ചതെന്നും അദ്ദേഹം അറിയിച്ചു.

പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റർ റിലീസ് എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. 2012 ജനുവരി 14നാണ് ഒരു നടനായി എന്റെ യാത്ര ആരംഭിക്കുന്നത്. ജനുവരി 14, 2020 ൽ ഒരു നിർമാതാവായും യാത്ര തുടങ്ങി. ജീവിതം ഒരു വൃത്തത്തിലെത്തി അവസാനിക്കുന്നതുപോലെ തോന്നി. മേപ്പടിയാൻ തിയറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുടുംബപ്രേക്ഷകർ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തി. കടങ്ങൾ വീട്ടാൻ തങ്ങൾക്ക് സാധിച്ചു. കയ്യടികളും ലഭിച്ചു. നിരവധി പുരസ്‌കാരങ്ങൾ മുൻപും ചിത്രത്തിന് ലഭിച്ചിരുന്നു. പക്ഷേ ഈ പുരസ്‌കാരം സ്‌പെഷ്യൽ ആണ്. എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ ജയകൃഷ്ണൻ ചെയ്യുന്നതുപോലെ പുതിയ വീട് വയ്ക്കാൻ കുറച്ച് സ്ഥലം താൻ വാങ്ങി. ജയകൃഷ്ണൻ 52 സെന്റ് സ്ഥലമാണ് പണയം വച്ചതെങ്കിൽ സിനിമയ്ക്കുവേണ്ടി ഞാൻ 56 സെന്റ് ആണ് വച്ചത്. ജയകൃഷ്ണനേക്കാൾ നാല് സെന്റ് കൂടുതൽ. ഒന്നും എളുപ്പമായിരുന്നില്ലെന്ന് പറയുകയായിരുന്നു. തന്റെ സ്വപ്നങ്ങളിൽ വിശ്വസിച്ച അച്ഛനമ്മമാർക്ക് നന്ദി. 18 വർഷം മുൻപ് 1700 കിലോമീറ്റർ യാത്ര ചെയ്ത് അഹമ്മദാബാദിൽ നിന്ന് തൃശൂരിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് പറയാനുള്ളത്. മുഴുവൻ മേപ്പടിയാൻ ടീമിനും നന്ദി പറയാൻ ഈ അവസരം ഞാൻ ഉപയോ?ഗിക്കുന്നു. ഏറ്റവും പ്രധാനമായി ഈ മാഹാത്മ്യത്തിനും പുതിയ തുടക്കങ്ങൾക്കും അയ്യപ്പസ്വാമിക്കു നന്ദി പറയുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.