ഫയലുകളിൽ തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തും; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫയലുകളിൽ സമയാസമയം തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക ഡ്രൈവ് നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയിൽ ഫയലുകൾ തീർപ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന നടത്താനാണ് പദ്ധതി.

അങ്ങനെ കണ്ടെത്തിയാൽ അതിന്റെ കാരണം തേടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച ആണെങ്കിൽ നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എന്തെങ്കിലും നടപടിയ്ക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നൽകരുതെന്നും മന്ത്രി അറിയിച്ചു. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സത്വര നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വകുപ്പിന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ വച്ചു താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും ഉടൻ ബന്ധപ്പെട്ടവർക്ക് വിവരം നൽകണം. സെപ്തംബർ അവസാനത്തോടെ എഇഒ, ഡിഇഒ, ആർഡിഡി, ഡിഡിഇ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീർപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.