വളരെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് എ സി മൊയ്തീൻ; പിന്തുണയുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: എ സി മൊയ്തീന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം എ സി മെയ്തീന് പിന്തുണ നൽകിയത്. വളരെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് എ.സി മൊയ്തീനെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ബോധപൂർവം രാഷ്ട്രീയമായി ഇടപെട്ടുകൊണ്ടാണ് ഇ.ഡി റെയ്ഡ് മാമാങ്കം സംഘടിപ്പിച്ചതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

എൻഫോഴ്‌സ്‌മെന്റ് എ സി മൊയ്തീനെതിരേ പ്രസ്താവന ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയമാണ്. ഇഡി പറയുന്ന കാര്യങ്ങളിൽ ഒരു കഴമ്പുമില്ല. ചോദ്യംചെയ്യുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇഡിയെ ഉപയോഗിച്ച് ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. മാസപ്പടി വിഷയത്തിൽ സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.