അഫ്‌സ്പ വീണ്ടും ചുമത്തണം; മണിപ്പൂരിൽ സമരം സംഘടിപ്പിച്ച് സ്ത്രീകൾ

ഇംഫാൽ: മണിപ്പൂരിൽ സമരം സംഘടിപ്പിച്ച് സ്ത്രീകൾ. പ്രത്യേക സായുധ സേനാ നിയമം (അഫ്‌സ്പ) വീണ്ടും ചുമത്തണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ സമരം നടത്തുന്നത്. മലമേഖലകളിൽ അസം റൈഫിൾസിനെ വിന്യസിക്കണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ടുവെയ്ക്കുന്നു.

മണിപ്പൂരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട രീതിയിൽ മൂന്നു യുവാക്കളുടെ മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. കാങ്‌പോക്പി ജില്ലയിലാണ് കുക്കിസോ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ ദേശീയ പാത 2 ഉപരോധിച്ചു.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കില്ലെങ്കിൽ ആർട്ടിക്കിൾ 355 ചുമത്തണമെന്നും ആർട്ടിക്കിൾ 355 പ്രകാരം സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്നും കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി അറിയിച്ചു. അഫ്‌സ്പ പുഃനസ്ഥാപിക്കണം. ലിറ്റൻ പ്രദേശത്തു നിന്നും അസം റൈഫിൾസിനെ നീക്കിയതാണ് കഴിഞ്ഞ ദിവസം മൂന്നു പേർ കൂടി കൊല്ലപ്പെടാൻ കാരണമായതെന്നും സിഒടിയു വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിൽ, മറക്കാനും പൊറുക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയതെന്നും സിഒടിയു ചൂണ്ടിക്കാട്ടി. ഉഖ്‌റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ നടന്ന വെടിവയ്പിലും അക്രമത്തിലുമാണ് 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടത്.