Highlights (Page 212)

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. സാനിട്ടൈസറും വിലനിയന്ത്രണ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

വില ഇങ്ങനെ
പിപിഇ കിറ്റ്- 273
എന്‍ 95 മാസ്‌ക്- 22
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90
ഫെയ്‌സ് ഷീല്‍ഡ്- 21
ഡിസ്‌പോസിബിള്‍ ഏപ്രണ്‍- 12
സര്‍ജിക്കല്‍ ഗൗണ്‍-65
എക്‌സാമിനേഷന്‍് ഗ്ലൗസ്- 5.75
ഹാന്‍ഡ് സാനിറ്റൈസര്‍് (500എംഎല്)- 192
ഹാന്‍ഡ് സാനിറ്റൈസര്‍ (200എംഎല്)- 98
ഹാന്‍ഡ് സാനിറ്റൈസര്‍ (100എംഎല്)- 55
സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)- 12
എന്‍ആര്‍ബി മാസ്‌ക്- 80
ഹ്യുമിഡിഫയര്‍ ഉള്ള ഫ്‌ളോമീറ്റര്‍- 1520 രൂപ
ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സീമീറ്റര്‍- 1500 രൂപ

മൊബൈല്‍ ഫോണിലൂടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ ചെയ്യരുത്, പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളില്‍ ലഭ്യമായ കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യരുത്. യുഎസ്ബി കേബിളുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്ന ജ്യൂസ് ജാക്കിങ് ഒഴിവാക്കാനാണിത്. യാത്രയില്‍ പവര്‍ ബാങ്കും സ്വന്തം ചാര്‍ജറും കരുതുക.ഗൂഗിളില്‍ നേരിട്ട് ബാങ്കുകളുടെ ഫോണ്‍ നമ്പരുകളോ കസ്റ്റമര്‍ കെയര്‍ നമ്പറോ മറ്റു പ്രധാന വിവരങ്ങളോ തിരയരുത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ നിന്നല്ലാതെ അനൗദ്യോഗിക മാര്‍ഗങ്ങള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ആന്‍ഡ്രോയിഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ഒഴിവാക്കരുത്. ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും വരുന്ന പേമെന്റ് അനുബന്ധ ലിങ്കുകള്‍ ആധികാരികത ഉറപ്പു വരുത്താതെ ക്ലിക്ക് ചെയ്യരുത്.ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വിവിധങ്ങളായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കെവൈസിയും മറ്റു വിവരങ്ങളും ഷെയര്‍ ചെയ്യരുത്. എളുപ്പം ഓര്‍മിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിക്കരുത്. ഒരു പാസ് വേര്‍ഡ് തന്നെ ദീര്‍ഘകാലം ഉപയോഗിക്കരുത്.സ്ഥിരമായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കരുത്. ബാങ്കില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തല്‍സമയം അറിയുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കും.

മുംബൈ: ജനിതകമാറ്റം സംഭവിച്ച വൈറസുകളെ ചെറുക്കാന്‍ പര്യാപ്തമാണ് കോവിഡ് വാക്‌സിനുകളെന്ന് ഇന്ത്യയിലേയും ബ്രിട്ടനിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍, വാക്‌സിനിലൂടെ ലഭിക്കുന്ന ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെറിയ തോതില്‍ ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് കഴിയും. എങ്കിലും വൈറസിന്റെ ശക്തി കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. അതിനാലാണ് വാക്‌സിനെടുത്ത ചിലര്‍ക്ക് രോഗം ബാധിക്കുന്നത്. മൂന്നു മാസം മുന്‍പ് മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ബി 1.617 എന്ന വകഭേദം കണ്ടെത്തിയത്. ഇരട്ട ജനിതക മാറ്റം വന്ന ഈ വൈറസുകള്‍ക്ക് വലിയ വ്യാപന ശേഷിയാണ്.ജനിതക മാറ്റം വന്ന വൈറസുകള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ദല്ഹി ജെനോമിക്‌സ് ആന്ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഡോ. അനുരാഗ് അഗര്വാളും വിനോദ് സ്‌കറിയയും പറഞ്ഞു.

കൊച്ചി : അക്വേറിയം സിനിമ ഹൈക്കോടതി തടഞ്ഞു. കന്യാസ്ത്രീകളെ അപമാനിക്കുന്ന സിനിമയാണെന്ന് കാണിച്ച് വോയ്‌സ് ഓഫ് നണ്‍സ് കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. നേരത്തെ രണ്ട് തവണ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പിതാവിനും പുത്രനും എന്ന പേര് മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വോയ്‌സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. 2013 ല്‍ സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 2020 ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍. ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമല്‍് ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളില്‍ നടത്തേണ്ടി വരും. റമദാന്‍ വ്രതത്തിന് അവസാനം കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ചന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതത്തിലെ ആഘോഷ ദിനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. ഈ കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് നോക്കുന്നത്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദുല്‍ ഫിത്തര്‍.ഇന്ത്യയില്‍ കേരളത്തിലൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നോമ്പ് തുടങ്ങിയത് ഏപ്രില്‍ 14 നാണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും പെരുന്നാള്‍ ആഘോഷങ്ങള്‍ വളരെ ലളിതമായ രീതിയിലേ നടത്തപ്പെടുകയുള്ളൂ. ആളുകള്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങളിലും മറ്റു ചാരിറ്റി പ്രവര്‍ത്തനിങ്ങളിലും ഏര്‍പ്പെടുന്ന സമയം കൂടിയാണ് ഈദ്.

covid

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള 72 പഞ്ചായത്തുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്. എറണാകുളം ജില്ലയില്‍ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകളാണുള്ളത്.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മറ്റു ജില്ലകളില്‍ രോഗനിരക്ക് പതുക്കെ കുറഞ്ഞുവരുന്നുണ്ട്.മേയ് 15 വരെയുള്ള സമയത്ത് സംസ്ഥാനത്ത് 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. ഓക്‌സിജന്‍ വേസ്‌റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈ: ഇന്ത്യയില്‍ നിന്നും മെയ് മാസത്തിലെ ആദ്യ ആഴ്ച നടത്തിയ കയറ്റുമതിയില്‍ 80 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതല്‍ ഏഴ് വരെ 3.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ല്‍ 6.48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി ഇറക്കുമതിയിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ല്‍ ഇത് 10.39 ബില്യണ്‍ ഡോളറായിരുന്നു. കയറ്റുമതിയിലെ കുതിപ്പില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍. കൊവിഡ് വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധികളിലും ഈ നേട്ടമുണ്ടാക്കാനായതാണ് പ്രതീക്ഷ വളര്‍ത്തുന്നത്.

bio weapon

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നതായി തെളിവ്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് തെളിവുകള്‍ ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്‌ട്രേലിയന്‍’ ആണ് പുറത്തുവിട്ടത്.

2015 ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളു െഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രഞ്ജര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് തെളിവുകളില്‍ നിന്ന് ലഭിക്കുന്ന സൂചന. മനുഷ്യനിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

2019 ന്റെ അവസാനത്തില്‍ കോവിഡ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച സമുദ്രവിഭവങ്ങളിലുടെയാണ് കൈാറോണ വൈറസ് രാജ്യത്ത് എത്തിയതെന്നാണ് ചൈനയുടെ വാദം.

ldf

പ്രത്യേക ലേഖകൻ

പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന കരുത്തുറ്റ മുഖ്യമന്ത്രി, കേന്ദ്ര സർക്കാരിന്റെ നയങ്ങളെ എതിർത്തുകൊണ്ട് സ്വതന്ത്ര നയത്തിലൂടെ സാധാരണക്കാരന് കരുതൽ നൽകുന്ന മുഖ്യമന്ത്രി, ഗ്രൂപ്പിസം ഇല്ലാത്ത ഇടതുപക്ഷം, കോവിഡിനെ ഫലപ്രദമായി നേരിടാൻ കഴിയുന്ന സർക്കാർ തുടങ്ങി വിവിധ വികസന കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടായിരുന്നു എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന സംവാദങ്ങൾ.എന്നാൽ കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, ഈഴവ – മുസ്ലിം – പിന്നോക്ക വോട്ടുകൾ ഏകീകരിച്ചതാണ് പ്രധാനമായും പിണറായി സർക്കാരിന് അനുകൂലമായ തരംഗം ഉണ്ടാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.കോടികളുടെ പരസ്യ തന്ത്രങ്ങളുടെ വിജയവും മറ്റൊരു കാരണമാണ്. ബിജെപിക്കെതിരെ പ്രതികരിക്കാൻ ഇടതുപക്ഷമാണ് ശക്തം എന്ന ഒരു തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചു കൊടുത്തതു തന്നെ മുസ്ലിം വിഭാഗത്തിലുള്ള മുഹമ്മദ് റിയാസ് എന്ന സി.പി.എം യുവജന നേതാവിനാണ്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പിണറായി വിജയന് അനുഭാവം കൂടിയ സംഭവമായിരുന്നു അത്. പിണറായിക്കെതിരെയും ചില മന്ത്രിമാർക്കെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ മാസങ്ങളായി നടത്തിവന്ന വിവിധ അഴിമതി അന്വേഷണങ്ങൾ എങ്ങും എത്തിയില്ല. അത് കേരള സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നാണ് ഇടതുപക്ഷം പ്രചരണം നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത തരത്തിൽ ക്രൈംബ്രാഞ്ചിനെ കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കേരള സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.സി.ഐ.എ പോലെയുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി.കേരളത്തിലെ തീവ്ര മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തേക്ക് അടുക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. കാന്തപുരവുമായും സമസ്തയിലെ ഒരു വിഭാഗവുമായും പിണറായി വിജയനുള്ള അടുപ്പവും സർക്കാരിന് അനുകൂലമായിരുന്നു. കോൺഗ്രസിൽ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറും എന്ന ഇടതുപക്ഷത്തിന്റെ പ്രചരണം അവരെ സഹായിച്ചു. പ്രതിപക്ഷനേതാവ് നിരവധി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വന്നെങ്കിലും അതൊക്കെ കൂട്ടായ പ്രതിരോധത്തിലൂടെ, ഉദ്യോഗസ്ഥരുടെ കുഴപ്പമാണെന്നു വരുത്തിതീർക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഭരണമാറ്റം വേണമെന്ന് പറഞ്ഞത് ഒരർത്ഥത്തിൽ ഇടതുപക്ഷത്തെ സഹായിക്കുകയായിരുന്നു. ഈഴവാദി – പിന്നോക്ക വിഭാഗങ്ങളുടെ ഏകീകരണം പിണറായി വിജയന് അനുകൂലമാകാൻ അത് കാരണമായി.തങ്ങളുടെ വിഭാഗത്തിലെ മുഖ്യമന്ത്രിയെ തന്നെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ അവർ ആഗ്രഹിച്ചു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു മികച്ച സൈബർ സേനയെ വാർത്തെടുക്കുവാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ ക്യാപ്സൂളുകൾ ആയി ജനങ്ങളിൽ എത്തി. മുഖ്യമന്ത്രിയെ നല്ലവനും കരുത്തനുമാക്കി നവമാധ്യമങ്ങളുടെ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. പ്രളയം, കോവിഡ് പോലെയുള്ള മഹാമാരികൾ തുടങ്ങിയവയെ നേരിടാൻ ഇരട്ടച്ചങ്കുള്ള പിണറായി വിജയനാണ് കൂടുതൽ കഴിയുക എന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായി. കൊവിഡ് കാലത്ത് ദിനംപ്രതി നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങൾ ജനങ്ങളോടുള്ള സംവാദമായി മാറുകയായിരുന്നു. ജനങ്ങളിൽ നിന്നും പത്രക്കാരിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുകയും അതിന് പരിഹാരങ്ങൾ കാണുവാനും മുഖ്യമന്ത്രിയുടെ ടീം ശ്രമിച്ചു. പ്രതിസന്ധി കാലങ്ങളെ ഫലപ്രദമായി സർക്കാരിന് അനുകൂലമാക്കാൻ പി.ആർ വർക്കുകളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കും എന്ന വാക്കിലൂടെ വിശ്വാസികൾക്കിടയിൽ ഉണ്ടായ വിരോധത്തെ തണുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. വാക്കുകൾ പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്ന പ്രചരണം ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തിന് കാരണമായി. പ്രവാസി വ്യവസായ ലോകത്തുനിന്ന് വലിയ പിന്തുണ ഇടതുപക്ഷ സർക്കാരിന് കിട്ടിയിരുന്നു. എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ വ്യവസായികൾ ഇടതുപക്ഷ സർക്കാരിന്റെ വളർച്ചയ്ക്ക് വലിയ പങ്കാണ് വഹിക്കുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ പിളർത്തി മാറ്റാനും പിണറായിക്ക് കഴിഞ്ഞിട്ടുണ്ട് യാക്കോബായ സമുദായം പൂർണമായും എൽ.ഡി.എഫിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. ചില സ്ഥാനാർഥികളിലൂടെ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് നല്ല ശതമാനം വോട്ടുകളും എൽഡിഎഫിന് ഉറപ്പിക്കാനായി. വീണ ജോർജ് അതിന്റെ ഉദാഹരണമാണ്. ജോസ്.കെ മാണിയിലൂടെ മധ്യകേരളമടക്കമുള്ള ക്രൈസ്തവ മേഖലകളിൽ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ചുരുക്കത്തിൽ ജാതിമത സമവാക്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും അതേസമയം ഭക്ഷ്യക്കിറ്റ്, സാമൂഹ്യ ക്ഷേമ പെൻഷൻ, ലൈഫ് ഭവനപദ്ധതി എന്നിവയിലൂടെ ജനങ്ങളിലേക്ക് എത്താനും എൽഡിഎഫിന് കഴിഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത

ഈ തെരഞ്ഞെടുപ്പ് ഒരു സൂചകമാണ്, പിണറായിയുടെ നയങ്ങൾ വീണ്ടും ഇടതുപക്ഷ സർക്കാർ തുടരും. മത-ന്യൂനപക്ഷങ്ങളെ പരമാവധി എൽഡിഎഫിലേക്ക് കൊണ്ടുവരിക എന്നതും. ഈഴവ – പിന്നോക്ക വോട്ടുകൾ പരമാവധി ഇടതുപക്ഷത്തിൽ ഉറപ്പിക്കാനാവും ശ്രമിക്കുക. ഈ തന്ത്രങ്ങൾ ഒക്കെ തന്നെ അടുത്ത അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന തെരഞ്ഞെടുപ്പിലും ദൃശ്യമാകും. പ്രതിപക്ഷ വോട്ടുകൾ യുഡിഎഫ്, ബിജെപി എന്നതരത്തിൽ വിഭജിക്കപ്പെട്ടു പോയാൽ അടുത്ത അഞ്ചു വർഷങ്ങൾക്കുശേഷവും ഇടതുപക്ഷ ഭരണം തന്നെയാകും കേരളത്തിൽ വരിക. അതേസമയം സിപിഎം ഭരണത്തിൽ അടിസ്ഥാനപരമായി ഇടപെടുന്നു എന്ന പ്രചരണവുംശക്തമാകും. എന്നാൽ കേരളത്തിലെ സാമ്പത്തിക അടിത്തറയുടെ തകർച്ചയും വരാൻപോകുന്ന മറ്റു സംഭവങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായേക്കാം.

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തെ അടിയന്തര യാത്രകൾക്ക സംസ്ഥാനത്ത് പൊലീസ് പാസ് നിർബന്ധമാക്കി. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ‍ന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇത്തരം തൊഴിലാളികൾക്കു വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. അനുമതി കിട്ടിയില്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.ജില്ല വിട്ടുള്ള യാത്രകള്‍ തീര്‍ത്തും അത്യാവശ്യമുള്ള കാര്യങ്ങൾക്കും മാത്രമെ പാസ് ഉപയോഗിക്കവൂ. പൊലീസ് പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന് പോകുന്നവര്‍ക്കും, അടുത്തുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ മാതൃകയില്‍ വെള്ള പേപ്പറില്‍ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്.

ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.അടുത്തുള്ള കടകളില്‍ അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി സത്യപ്രസ്താവന നല്‍കിയാല്‍ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.