Highlights (Page 211)

തിരുവനന്തപുരം : സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ നേരിയ കുറവ്. എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഇതിനൊപ്പം ബ്ളാക്ക് ഫംഗസും ഭീഷണി ഉയർത്തുന്നുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ നാല് ജില്ലകളിൽ ടിപിആർ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണിൽ ഇളവ് ആലോചിക്കാനാവൂ.

പുതിയ വൈറസ് വഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചിരുന്നു, ഇതിൽ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. അതേസമയം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ,മറ്റ് ജില്ലകളിൽ ലോക്ക് ഡൗണും ഏർപ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ലോക്ക്ഡൗൺ ഇനിയും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.

ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷെര്‍നിയുടെ പോസ്റ്റര്‍ പുറത്ത്. ബോളിവുഡിലെ സൂപ്പര്‍നായിക വിദ്യാബാലനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെര്‍നി ആമസോണ്‍് പ്രൈമിലാണ് റിലീസ് ചെയ്യുക.ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നത്.ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഹൈദരാബാദ്: സ്പുട്നിക് 5 വാക്സിനു പിന്നാലെ റഷ്യയിൽ നിന്ന് പുതിയ ഒറ്റ ഡോസ് കൊവിഡ് 19 വാക്സിൻ ഇന്ത്യയിൽ എത്തുന്നു. നിലവിൽ ഇന്ത്യ അനുമതി നല്‍കിയിട്ടുള്ള സ്പുട്നിക് 5 വാക്സിൻ്റെ ഒറ്റ ഡോസ് പതിപ്പാണ് സ്പുട്നിക് ലൈറ്റ്. ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കിയാൽ ഇന്ത്യയിൽ അതിവേഗം വാക്സിൻ നിര്‍മിച്ച് വിതരണം ചെയ്യാനാകുമെന്ന് ഡോ. റെഡ്ഡീസ് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.അതേസമയം, ഇതിനോടകം അനുമതി ലഭിച്ചിട്ടുള്ള റഷ്യൻ ഇരട്ട ഡോസ് വാക്സിനായ സ്പുട്നിക് 5 വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ നിര്‍മിക്കാൻ ഹെറ്ററോ ഗ്രൂപ്പിന് കരാര്‍ ലഭിച്ചിട്ടുണ്ട്.

10 കോടി ഡോസ് വാക്സിനാണ് കമ്പനി ഉത്പാദിപ്പിക്കുക. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈ വാക്സിൻ 300ഓളം പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തും.വിദേശത്ത് പരീക്ഷിച്ചു തെളിഞ്ഞ വാക്സിൻ്റെ സാങ്കേതികവിദ്യയാണ് ഇന്ത്യയ്ക്ക് കൈമാറുന്നതെന്നും പുതിയ വാക്സിനല്ലാത്തതിനാൽ ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കണമെന്നും ഡിസിജിഐയോട് അഭ്യര്‍ഥിച്ചതായി ഡോ. റെഡ്ഡീസ് വ്യക്തമാക്കി.അതേസമയം, ഇന്ത്യയിൽ അനുമതി നേടുന്നതിനായി ഒറ്റ ഡോസ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം സംബന്ധിച്ച എല്ലാ രേഖകളും റഷ്യയിൽ നിന്നു ശേഖരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ക്ലിനിക്കൽ പരീക്ഷണം ഒഴിവാക്കാൻ ഈ വിവരങ്ങള്‍ മതിയാകുമോ എന്നു പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടീസാണ് ഇന്ത്യയിൽ വാക്സിനെത്തിക്കുന്നത്. വിദേശത്ത് ക്ലിനിക്കൽ പരീക്ഷണം നടത്തി ഫലപ്രാപ്തി വിജയിച്ച വാക്സിന് ഇന്ത്യയിൽ പ്രത്യേകം ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് ഒഴിവാക്കാൻ കമ്പനിയും വാക്സിൻ വികസിപ്പിച്ച റഷ്യൻ സ്ഥാപനവും കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍ എസ്. സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജയ നായര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനില്‍ നെടുമങ്ങാട്, കെ.ബി. വേണു, ശരത് സഭ, കണ്ണന്‍ ഉണ്ണി, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, അജിത് എം. ഗോപിനാഥ്, സാന്ദ്ര, ഗുല്‍ഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകള്‍ സമകാലിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗവിവേചനം എന്നിവ ഉയര്‍ത്തി കാട്ടുന്നവയാണ്. ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും ചിത്രത്തില്‍ പറയുന്നു. തങ്ങളുടെ യാത്രയ്‌ക്കൊടുവില്‍ നടക്കുന്ന ഒരു സംഭവം അവരില്‍ സൃഷ്ടിക്കുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ചിത്രം ലതീഷ് കൃഷ്ണന്‍, രാജേഷ് കാഞ്ഞിരക്കാടന്‍, ജെയ്‌സന്‍ ജോസ്, ഡോക്ടര്‍ എസ്. സുനില്‍, റീന ടി.കെ. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മെയ് 21ന് സൈന പ്ലേ ഒടിടി ഫ്‌ലാറ്റ് ഫോമിലൂടെ ‘വിശുദ്ധ രാത്രികള്‍’ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.

election

രണ്ടാം പിണറായി മന്ത്രിസഭയിൽ മൂന്ന് വനിത മന്ത്രിമാരാണ് ഇടംപിടിച്ചിരിക്കുന്നത്. ഡോ. ആർ ബിന്ദു, വീണ ജോർജ്, ജെ. ചിഞ്ചുറാണി എന്നിവരാണ് മന്ത്രിസഭയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സിപിഎം രണ്ടു പേർക്ക് അവസരം നൽകിയപ്പോൾ, നാല് മന്ത്രിസ്ഥാനങ്ങളിൽ ഒരെണ്ണം വനിതയ്ക്ക് നൽകി സിപിഐയും ചരിത്രം കുറിച്ചിരിക്കുകയാണ്.

ജെ ചിഞ്ചുറാണി

ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് ശേഷം സിപിഐയിൽ ഒരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിപിഐ മന്ത്രിസഭയിലേക്ക് ഒരു വനിത പ്രതിനിധിയെ അയക്കുന്നത്. ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് ചിഞ്ചുറാണി നിയമസഭയിലെത്തിയത്. 10,923 വോട്ടിന്‍റെ ഭൂരിപക്ഷം. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ പാർട്ടിക്കുള്ളിൽ കലാപമുയരുകയും പരസ്യ പ്രകടനങ്ങൾ വരെ നടക്കുകയും ചെയ്തിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചു വരികെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭയിലെത്തിയ ഡോ. ആർ ബിന്ദു സഭയിൽ പുതുമുഖമാണ്. തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്‍റെ മുൻ മേയർ ആണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളെജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടിയാണ്. എസ്എഫ്ഐയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ബിന്ദു, സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യയാണ്. ബിന്ദുവിന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. 62,493വോട്ട് നേടിയാണ് ബിന്ദു നിയമസഭയിലെത്തിയത്.

വീണ ജോർജ്

ആറന്മുളയിൽ നിന്ന് രണ്ടാംവട്ടം സഭയിലെത്തിയ വീണ ജോർജ് മാധ്യമപ്രവർത്തക എന്ന നിലയിൽ പ്രശസ്തയാണ്. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ 64,523 വോട്ടിനാണ് വിജയിച്ചത്. രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ 74,950 വോട്ടിനാണ് വിജയിച്ചു കയറിയത്.

ടെൽ അവീവ്: ഇസ്രയേലിന്റെ ആധുനിക ഹ്രസ്വദൂര മിസൈൽ പ്രതിരോധ കവചം ആണ് അയൺ ഡോം അഥവാ ഐ – ഡോം. കരയിൽ ട്രക്കിലാണ് മൊത്തം യൂണിറ്റ്. ഒരേ സമയം ഒന്നിലേറെ ലക്ഷ്യങ്ങൾ ഭേദിക്കും. മൂന്ന് ദിവസം 1500ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് വർഷിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും അയൺ ഡോമിന്റെ ഇന്റർസെപ്റ്റർ മിസൈലുകൾ തകർത്തു.ഐ -ഡോമിൽ നിന്ന് കുത്തനെ വിക്ഷേപിക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ ശത്രു മിസൈലിനെ അതിന്റെ സഞ്ചാരപഥത്തിൽ ചെന്ന് ഇടിച്ച് സ്ഫോടനത്തിലൂടെ തകർക്കും. മദ്ധ്യദൂര,​ ദീർഘദൂര ശത്രുമിസൈലുകൾ തകർക്കാനുള്ള ഡേവിഡ്‌സ് സ്ലിംഗ്,​ ആരോ എന്നീ കവചങ്ങൾക്കൊപ്പമാണ് അയൺ ഡോം വിന്യസിക്കുന്നത്.

ഹമാസ് അയൺ ഡോം മിസൈലുകളേക്കാൾ താഴ്ന്ന സഞ്ചാരപഥമുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ കൃത്യതയുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ അവർ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. കുറഞ്ഞ റേഞ്ചുള്ള മോർട്ടാറുകളെ തകർക്കാൻ അയൺ ഡോമിന് കഴിയില്ല. മുൻപ് ഹിസ്ബുള്ള ദിവസം 1000 മുതൽ 1500 വരെ റോക്കറ്റുകളാണ് ഒരു ദിവസം വർഷിച്ചത്. അതാണ് അയൺ ഡോം വികസിപ്പിക്കാൻ പ്രേരണയായത്.ശത്രു മിസൈലുകൾ പതിക്കുന്ന സ്ഥലം മുൻകൂട്ടി കൃത്യമായി കണക്കാക്കും.

തുറസായ സ്ഥലങ്ങളിൽ വീഴുന്ന ശത്രു മിസൈലുകൾ തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ പാഴാക്കേണ്ട. ജനവൈസകേന്ദ്രങ്ങളിൽ വീഴുമെന്ന് ഉറപ്പുള്ളവ തകർക്കുകയും ചെയ്യും. 90ശതമാനത്തിലേറെയാണ് കൃത്യത. ആയിരക്കണക്കിന് ശത്രു റോക്കറ്റുകൾ തകർത്തിട്ടുണ്ട്. കുറഞ്ഞ പ്രഹര പരിധി 5 മുതൽ 7 വരെ കിലോമീറ്ററാണ്.ഒരു സമയം ശത്രുവിന്റെ നിശ്ചിത എണ്ണം (എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല )​ ആയുധങ്ങളെ മാത്രമേ തകർക്കാനാവൂ.

ശത്രു ഒരേ സമയം അതിൽ കൂടുതൽ ആയുധങ്ങൾ പ്രയോഗിച്ചാൽ അയൺ ഡോം നിസഹായമാവും. നേവി പതിപ്പ് സി – ഡോം. ഇത് കപ്പലിലാണ് വിന്യസിക്കുന്നത്.എഴുപത് കിലോമീറ്റർ പരിധിയിൽ വരുന്ന ശത്രുവിന്റെ മിസൈൽ,​ റോക്കറ്റ്,​ പീരങ്കി,​ മോർട്ടാർ,​ ഹ്രസ്വദൂര ഗൈഡഡ് മിസൈലുകൾ,​ വിമാനം,​ ഹെലികോപ്റ്റർ,​ ആളില്ലാ വിമാനം എന്നിവയെല്ലാം തകർക്കും.

ഒരു കൺട്രോൾ യൂണിറ്റും,​ ശത്രു ലക്ഷ്യം കണ്ടുപിടിച്ച് ട്രാക്ക് ചെയ്യാനുള്ള റഡാറും 20 ഇന്റർസെപ്റ്റർ മിസൈലുകൾ വീതമുള്ള മൂന്ന് വെർട്ടിക്കൽ ലോഞ്ചറുകളും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ഒരേസമയം 60 മിസൈലുകൾ വിക്ഷേപിക്കാം. 2011 മുതൽ ഇസ്രയേലിന്റെ സേനയുടെ ഭാഗം. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ റാഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് നിർമ്മാണം. റഡാർ നിർമ്മിച്ചത് ഇസ്രയേൽ കമ്പനിയായ എൽറ്റ സിസ്റ്റംസ്. ഒരു യൂണിറ്റിന്റെ വില 370 കോടി രൂപ. ഇന്റർസെപ്റ്ററായി ഉപയോഗിക്കുന്നത് താമിർ മിസൈൽ. അതിന്റെ വില 60ലക്ഷം രൂപ

ന്യൂഡൽഹി : കൊവിഡ് വ്യാപനം രണ്ടാം തരംഗത്തിൽ രാജ്യത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെ ഇത്തരത്തിൽ ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ അതിൽ രാഷ്ട്രീയം കണ്ടവരും ഏറെയാണ്. ഇന്ത്യയിൽ നിർമ്മിക്കുന്നത് ചാത്തൻ വെന്റിലേറ്ററുകളാണെന്ന ആരോപണം പോലും രാജസ്ഥാനിലെ മന്ത്രിസഭയിലെ ഒരംഗം ഉയർത്തിയിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം കൈമാറിയ വെന്റിലേറ്ററുകൾ കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതും, പ്രവർത്തിപ്പിക്കുന്നതിലെ പരിചയക്കുറവുമെല്ലാമാണ് ഉപകരണങ്ങൾ തകരാറിലാവാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം കൊവിഡ് വ്യാപന സമയത്താണ് രാജ്യം വെന്റിലേറ്ററുകളുടെ കാര്യത്തിൽ പിന്നോട്ടാണെന്ന് മനസിലാക്കി സംസ്ഥാനങ്ങൾക്ക് അവ നൽകാൻ കേന്ദ്രം തീരുമാനിക്കുന്നത്. എന്നാൽ ഇപ്പോൾ പരിശോധിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നൽകിയവയുടെ എണ്ണത്തിലും, അവർ ആശുപത്രിയിൽ സ്ഥാപിച്ചതിന്റെ എണ്ണത്തിലും വലിയ വിടവ് കാണാനാവും.

വെയർ ഹൗസുകളിൽ ഏറെ നാൾ കെട്ടിക്കിടന്ന ശേഷമാണ് ഇവ ആശുപത്രിയിൽ സ്ഥാപിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ശ്വാസ തടസവും, ഓക്സിജൻ ക്ഷാമവുമാണ് ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയത്. ഇതിനൊപ്പം കേന്ദ്രം പി എം കെയർ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് കൈമാറിയ വെന്റിലേറ്ററുകൾ പ്രവർത്തന രഹിതമാണെന്ന് വിവരവും പുറത്തു വന്നിരുന്നു. പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്.

ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു.പഞ്ചാബിൽ പിഎം കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളിൽ 237 എണ്ണത്തോളം പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് പി എം കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ അനസ്‌തെറ്റിസ്റ്റുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ്.

ന്യൂഡൽഹി; ഇന്ത്യയിൽ കണ്ടെത്തിയ ബി.1.167, യുകെയിലെ ബി.1.1.7 എന്നീ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിൻ ഫലപ്രദമാണെന്നു നിർമാതാക്കളായ ഭാരത് ബയോടെക്. ‘പുതിയ വകഭേദങ്ങൾക്കെതിരായ സംരക്ഷണം വ്യക്തമാക്കുന്ന ശാസ്ത്രീയ ഗവേഷണ വിവരങ്ങൾ കോവാക്സിനു വീണ്ടും കിട്ടുന്ന രാജ്യാന്തര അംഗീകാരമാണ്’– ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ചു.കോവാക്സിൻ ‘വളർന്നുവരുന്ന എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ന്യൂട്രലൈസിങ് ടൈറ്ററുകൾ (ആന്റിബോഡികളുടെ സാന്ദ്രത) ഉൽ‌പാദിപ്പിക്കുന്നു’– എന്ന് പഠനം ഉദ്ധരിച്ചു ഭാരത് ബയോടെക് അവകാശപ്പെട്ടു. ജേണലിലെ ലേഖനത്തിന്റെ ലിങ്കും അവർ ട്വീറ്റ് ചെയ്തു. ജനുവരിയിൽ കോവിഷീൽഡിനൊപ്പം അടിയന്തര അംഗീകാരം ലഭിച്ച കോവാക്സിന്റെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കു സുചിത്രയുടെ ട്വീറ്റ് വഴിവച്ചു.

മൂന്നാംഘട്ട പരീക്ഷണം ശേഷിക്കുന്നതിനാൽ ക്ലിനിക്കൽ ട്രയൽ മോഡിലാണ് ഈ വാക്സീൻ ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്തു കോവിഡ് വാക്സീൻ ദൗർലഭ്യം നേരിടുന്നതിനാൽ വാക്സിനേഷൻ മന്ദഗതിയിലാണ്. കൂടുതൽ കമ്പനികൾ വാക്സീൻ നിർമിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ‘നിർമാണത്തിനായി മറ്റു കമ്പനികൾക്കു കോവാക്സിൻ നൽകണമെന്ന് ആളുകൾ പറയുന്നു.

whatsapp

വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീ‌റ്റ് ചെയ്യുകയില്ല. എന്നാൽ അവർക്ക് നൽകുന്ന സേവനങ്ങളിൽ വാട്‌സാപ്പ് കുറവ് വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവർക്ക് ഇന്നുമുതൽ ചാ‌റ്റ് ലിസ്‌റ്റിലേക്കോ,​ വാട്‌സാപ്പ് വീഡിയോ കോൾ നടത്താനോ നോട്ടിഫിക്കേഷൻ വരുന്നതിലോ എല്ലാം കുറവുണ്ടാകും. പിന്നീട് മെസേജ് അയക്കാൻ സാധിക്കാത്ത തരത്തിലേക്ക് വാട്‌സാപ്പ് നയം കർശനമാക്കിയേക്കും. എന്നാൽ നയം അംഗീകരിക്കുന്നവർക്ക് സേവനത്തിൽ ഒരു തടസവും ഉണ്ടാകില്ല.

കുറച്ച് നാളുകൾക്ക് ശേഷം മെസേജ് അയക്കാനോ സ്വീകരിക്കാനോ കഴിയാതെ വരുമ്പോൾ തങ്ങളുടെ നയം സ്വീകരിക്കണോ വേണ്ടേ എന്ന് ഉപഭോക്താക്കൾ തീരുമാനിക്കേണ്ട സ്ഥിതിയിലാകും. അപ്പോഴേക്കും അവ‌ർക്ക് വാട്‌സാപ്പ് ഉപയോഗിക്കാനാവാതെ തടയുന്ന സ്ഥിതിയുണ്ടായേക്കുമെന്നാണ് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിനോട് കമ്പനി പ്രതികരിച്ചത്.ഇക്കഴിഞ്ഞ ജനുവരിയിലാണ് വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചത്. ഒപ്പം നിലവിലെ ചാ‌റ്റുകൾ സുരക്ഷിതമാണെന്ന വാഗ്ദാനവും.

എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്ക് തന്നെ ചോർത്തി നൽകിയെന്ന വിവാദത്തിന് ശേഷവും വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്കുമായി പങ്കുവയ്‌ക്കാൻ തയ്യാറാകണമെന്ന ആവശ്യം വലിയ വിമർശനം ഉണ്ടാക്കിയിട്ടുണ്ട്.വാട്‌സപ്പ് നയം തിരുത്തണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു.

ഫേസ്‌ബുക്കുമായി തങ്ങളുടെ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിന് തയ്യാറാണെന്ന് സമ്മതിക്കുന്നതാണ് പുതിയ സ്വകാര്യതാ നയത്തിൽ പ്രധാനം. പ്രത്യേകിച്ച് ബിസിനസ് അക്കൗണ്ടുകൾ ഇങ്ങനെ ചെയ്‌തേ മതിയാകൂ. തങ്ങളുടെ നയം അംഗീകരിക്കാൻ ഫെബ്രുവരി 8 വരെ കമ്പനി സമയവും അനുവദിച്ചു. എന്നാൽ വ്യാപക വിമർശനമുണ്ടായതോടെ അത് നീട്ടിവയ്‌ക്കേണ്ടി വന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.