Highlights (Page 213)

തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി കൂടുതല്‍ വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇ-സഞ്ജീവനി വഴിയുള്ള കൊവിഡ് ഒ.പി സേവനം 24 മണിക്കൂറുമാക്കി. കൊവിഡ് ചികിത്സയില്‍ വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിച്ചു. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഇ-സഞ്ജീവനിയില്‍ ബന്ധപ്പെടാം. രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 35ല്‍പ്പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാണ്.

ഈ സേവനം ഉപയോഗിക്കാന്‍
https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഉപയോഗിക്കുന്ന വ്യക്തിയുടെ ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കണം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. വിവരങ്ങള്‍ക്ക് :ദിശ 1056, 0471 2552056

ന്യൂഡൽഹി: ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയൻസ് രംഗത്തെത്തുന്നു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്‌മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം.പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറിയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ റിലയൻസ് നടത്തുന്ന ഈ കാൽവയ്‌പ്പ് രാജ്യത്തിന് ആശ്വാസമാകുമെന്നാണ് അധികൃതർ പറയുന്നത്.

ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടൻ ഇന്ത്യയിലെത്തുമെന്നാണ് വിവരം.അഞ്ച് കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇസ്രായേൽ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി ലഭിച്ചെന്നാണ് റിലയൻസ് അധികൃതർ പറയുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. ഇവര്‍ക്ക് വാക്‌സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വെച്ചത്. എന്നാല്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോള്‍ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക്ഡൗണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം.

അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം

വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.

കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്.

റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്.

വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.

ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.

അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.

ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

കൊവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കൊവിഡ്-19 കോള്‍ സെന്ററിന്റെ നമ്പരുകള്‍.കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

രോഗികളുടെ എണ്ണം കൂടിയതിനാൽ കൊവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കൊവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

covid

കോവിഡ് 19നെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന നേരിട്ട് കഴിക്കാവുന്ന രൂപത്തിലുള്ള മരുന്ന് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയവയുടെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന പ്രോടീസ് ഇൻഹിബിറ്റേഴ്‌സ് എന്ന ഗണത്തിൽ പെടുന്നവയാണ് കോവിഡിനെതിരെ തയാറാക്കുന്ന ആന്റി വൈറൽ മരുന്നുകൾ. അതേസമയം ഫൈസറും ബയോഎൻടെക്കും ചേർന്ന് പുറത്തിറക്കിയ BNT162b2 എന്ന വാക്സീൻ ഇന്ത്യയിലെ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ വ്യതിയാനങ്ങൾക്കെതിരെ ഫൈസർ ബയോഎൻടെക് വാക്സീൻ ഫലപ്രദമായതിനാൽ ഇന്ത്യൻ വകഭേദത്തെയും അതിന് വരുതിയിൽ നിർത്താനാകുമെന്ന് അഗർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഇരട്ട വകഭേദം 17 രാജ്യങ്ങളിലെങ്കിലും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ടു ഡോസുകളിലായാണ് ഫൈസർ ബയോ എൻ ടെക് വാക്സീൻ നൽകുന്നത്.അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ആണ് ഇത്തരത്തിൽ ഒരു മരുന്ന് വികസിപ്പിക്കുന്നത്.

ഈ മരുന്നിന്റെ പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ മാർച്ചിൽ ആരംഭിച്ചു. പ്രതിരോധ കുത്തിവയ്പ്പിനെ പോലെ ഒരു ആശുപത്രി സാഹചര്യം ആവശ്യമില്ലെന്നതാണ് ഈ മരുന്നിന്റെ മെച്ചമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബോർല പറഞ്ഞു.ഇന്ത്യൻ വകഭേദത്തിനെതിരെ പരീക്ഷണം നടക്കുകയാണെന്നും തങ്ങൾ ഇതിനകം പരീക്ഷണത്തിൽ ഉൾപ്പെടുത്തിയ ചില വ്യതിയാനങ്ങൾ ഈ വകഭേദത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ബയോ എൻടെക് സ്ഥാപകൻ അഗർ സഹിൻ പറയുന്നു.

ന്യൂഡൽഹി;രാജ്യത്ത് 5ജി പരീക്ഷണങ്ങൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. 5 ജി സാങ്കേതികവിദ്യയ്ക്കും സ്പെക്ട്രം ട്രയലിനുമാണു ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നിവ ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങളിൽ 5ജി ട്രയൽ നടത്തും.

ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണു ട്രയലിന് അനുമതി നൽകിയിരിക്കുന്നത്. ടെലികോം ഉപകരണ നിർമാതാക്കളുടെ പട്ടികയിൽ എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട്, റിലയൻസ് ജിയോ എന്നിവയുടെ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി. തുടക്കത്തിൽ, ഭാരതി എയർടെല്ലും വൊഡഫോൺ ഐഡിയയും ചൈനയിലെ ഹുവേയ്‍യുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.പിന്നീട് ചെെനീസ് കമ്പനികളിൽ നിന്നുളള സാങ്കേതികവിദ്യകളില്ലാതെ അപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്. ​‘എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവ ഒറിജിനൽ ഉപകരണ നിർമാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ചേർന്നാണു പ്രവർത്തിക്കുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്’– ടെലികോം വകുപ്പ് അറിയിച്ചു.

രാജ്യത്തെ 5 ജി സേവനങ്ങളിൽനിന്ന് ചൈനീസ് കമ്പനികളെ സർക്കാർ വിലക്കുമെന്നാണ് ഈ നീക്കം നൽകുന്ന സൂചന. ട്രയലുകൾ നടത്തുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നിലവിലുള്ള സ്പെക്ട്രം (800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്) ഉപയോഗിക്കാൻ അനുവാദമുണ്ട്. ട്രയലുകളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസത്തെ സമയപരിധിയും ഇതിലുൾപ്പെടുന്നു.

കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 71 കോടി മാറ്റി വച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ 1000 ബെഡുള്ള താത്കാലിക ആശുപത്രികള്‍, 250 ഐസിയു, ബെഡ് സൗകര്യങ്ങള്‍, 1000 ഐസോലേഷന്‍ ബെഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ 30 കോടി രൂപ എന്നിങ്ങനെ നീക്കി വയ്ക്കും. താല്ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിനായി വിവിധ കേന്ദ്രങ്ങളുമായി എസ്ബിഐ ചര്‍ച്ച നടത്തുന്നുണ്ട്. ജീനോം സീക്വന്‍സിങ് ഉപകരണങ്ങള്‍, ലാബ്, വാക്‌സിന്‍ ഗവേഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ക്ക് 10 കോടി രൂപയും എസ്ബിഐ നല്കും. ഇതിന് പുറമേ ജീവന്‍രക്ഷാഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി 21 കോടി രൂപ, ഓക്‌സിജന്‍ വിതരണവും മറ്റ് നിര്‍ണായക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കല്‍ എന്നിവയ്ക്കായി എന്‍ജിഒകളുമായി സഹകരിച്ച് 10 കോടി രൂപയും എസ്ബിഐ നല്കും. എസ്ബിഐ, പി.എം കെയര്‍സ് ഫണ്ടിലേക്ക് 108 കോടി രൂപ സംഭാവന നല്കിയിരുന്നു. സര്‍ക്കാരിന്റെ വാക്‌സിനേഷന് യജ്ഞത്തെ പിന്തുണയ്ക്കുന്നതിനായി 11 കോടി രൂപയും നല്കി.

കൊച്ചി: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികള്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നും പിടി തോമസ് പറഞ്ഞു. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാൽ ഇത് മറച്ചു വെയ്ക്കുന്നു. മെഡിക്കൽ ഓക്സിജൻ പല കമ്പനികൾക്കും ആവശ്യത്തിന് ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും പി ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.

ഇനോക്സ് എന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉൽപ്പന്നമായ മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിതരണം സതേൺ എയർ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണം. മെഡിക്കൽ ഓക്സിജൻ 70 ടൺ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സർക്കാർ ഉറപ്പ് വരുത്തണം. സതേൺ എയർ പ്രോഡക്റ്റ് എന്ന കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്‍റെ കുത്തക.

തിരുവനന്തപുരം : സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. വീട്ടില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കുള്‍പ്പെടെ ശരീരത്തിലെ ഓക്‌സിന്‍ നില കണ്ടെത്താന്‍ ഉപയോഗിക്കുന്നതാണ് പള്‍സ് ഓക്‌സി മീറ്റര്‍. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പോ ഇതിന് പിന്നിലുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. വിരലുകളില്‍ ഘടിപ്പിച്ച് ഓക്‌സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ കൂടി കരുതുന്നതു നല്ലതാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് വില്‍പന കുതിച്ചുയര്‍ന്നത്. 600 1000 രൂപയ്ക്കു പൊതുവിപണിയില്‍ ലഭിച്ചിരുന്ന പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് 3000 രൂപ വരെയായി വില വര്‍ദ്ധിച്ചു. പരാതി വ്യാപകമായതോടെ പള്‍സ് ഓക്‌സിമീറ്റര്‍ കേരളത്തിലെത്തിക്കുന്ന നിര്‍മാതാക്കളെ കണ്ടെത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ സര്‍ക്കുലര്‍ അയച്ചു.

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിനിടെ ഹൗസിംഗ് ലോണുകളുടെ പലിശ വെട്ടിക്കുറച്ച് എസ്ബിഐ. കൂടാതെ വനിതകള്‍ക്ക് പരിഗണന നല്‍കുന്ന സ്‌കീമും അവതരിപ്പിച്ചുകഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് പുതിയ തീരുമാനമെന്ന് എസ്ബിഐ എംഡി (റീടെയില്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്) സിഎസ് ഷെട്ടി പറഞ്ഞു. 30 ലക്ഷം വരെയുള്ള വായ്പ തുകകള്‍ക്ക് 6.70 ശതമാനവും, 30 മുതല്‍ 75 ലക്ഷം വരെ 6.95 ശതമാനവുമാണ് പുതിയ പലിശ നിരക്ക്. യോനോ ആപ്പിലൂടെ വീട്ടിലിരുന്നു തന്നെ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം.